കൊച്ചി: ജില്ലയില്‍ രാത്രികാലങ്ങളിലുള്ള മണല്‍ നീക്കം നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ഉത്തരവിറക്കി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ മാത്രമേ മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂവെന്നും കളക്ടര്‍ വ്യക്തമാക്കി. മണല്‍ വാരലും വിപണനവും സംബന്ധിച്ച വിദഗ്ധ സമിതി യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ് ഉത്തരവ്. രാത്രികാലങ്ങളില്‍ വാഹനം, വഞ്ചി, ബോട്ട് തുടങ്ങി ഏത് മാര്‍ഗത്തിലുള്ള മണല്‍നീക്കം തടയാനും കേസെടുക്കാനും പോലീസിന് നിര്‍ദേശം നല്കി.
മണല്‍ പാസ് ലഭിച്ചിട്ടുള്ള വാഹനങ്ങള്‍ രാത്രിയില്‍ മണല്‍ കൊണ്ടുപോകുന്നത് കണ്ടെത്തിയാല്‍ പാസ് റദ്ദാക്കും. ഇവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യും. മണല്‍ വാരലും വിപണനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വിദഗ്ധ സമിതി യോഗത്തില്‍ ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് തീരുമാനം. മണല്‍ കടവുകളിലെ പോലീസിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
മണല്‍ വിതരണത്തിന് ഓണ്‍ലൈന്‍ പാസ് ഏര്‍പ്പെടുത്തിയത് അട്ടിമറിക്കാന്‍ സംഘടിതനീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു.കെ.ജേക്കബ് പറഞ്ഞു. വ്യാജരേഖകള്‍ സമര്‍പ്പിച്ചും മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയും മണല്‍ പാസിന് ശ്രമിക്കുന്നവരെ തടയണം. അപേക്ഷക്കൊപ്പം ഹാജരാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്തിരിക്കണമെന്ന സാബു.കെ.ജേക്കബിന്റെ നിര്‍ദേശം യോഗം അംഗീകരിച്ചു.
മണല്‍ വിതരണത്തിന് ഓണ്‍ലൈന്‍ പാസ് നല്‍കുന്നതിനുള്ള സംവിധാനം കടവുകളുള്ള മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കും. നിലവില്‍ രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ് ഈ സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. 16 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ഏപ്രില്‍ മുതല്‍ ഘട്ടം ഘട്ടമായി ഓണ്‍ലൈന്‍ മണല്‍ പാസ് നിലവില്‍ വരും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനാണ് ഇതിന്റെ ചുമതല. ഓണ്‍ലൈന്‍ പാസിനുള്ള സോഫ്റ്റ് വെയര്‍ ഗ്രാമപഞ്ചായത്തുകളുടെ അഭിപ്രായം കണക്കിലെടുത്ത് പരിഷ്കരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
മണലിന് വിദഗ്ധസമിതി നിശ്ചയിച്ച നിരക്കിലും കൂടുതല്‍ ഈടാക്കുന്ന കടവുകളെ സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഒക്കല്‍ പഞ്ചായത്തിലെ ഇടശ്ശേരി കടവിനെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ നിരക്ക് വാങ്ങുന്നതായി വ്യക്തമായാല്‍ കടവുകളുടെ അനുമതി റദ്ദാക്കുന്നതടക്കം കര്‍ശന നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: