കൊച്ചി: ദേശീയപാതയിലും മറ്റ് പൊതുനിരത്തുകളിലും സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതിനായി പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അതോറിറ്റി എന്നിവരടങ്ങുന്ന സംയുക്ത സ്ക്വാഡുകളാണ് പരസ്യബോര്‍ഡുകള്‍ നീക്കാന്‍ രംഗത്തിറങ്ങുക.
പൊതുനിരത്തുകളില്‍ അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഈടാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയപാത നിയമത്തിലെ എട്ട് ബി, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 431 വകുപ്പുകള്‍ പ്രകാരം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അനുമതിയില്ലാതെയും അനധികൃതമായും സ്ഥാപിച്ചിട്ടുള്ള ബസ് ഷെല്‍ട്ടറുകള്‍ പൊളിച്ചു നീക്കാനും യോഗം തീരുമാനിച്ചു. മറൈന്‍ഡ്രൈവില്‍ ജിസിഡിഎ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ പഴയ ബസ് ഷെല്‍ട്ടറുകളും അനധികൃതമായി ഈയിടെ സ്ഥാപിച്ച ഷെല്‍ട്ടറും ഉടനെ നീക്കും. തിരക്കേറിയ ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകള്‍ക്ക് സമീപം ഗതാഗതക്കുരുക്കിനിടയാക്കുന്ന ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കും. ഹൈക്കോടതി ജംഗ്ഷനിലെ പഴയ ബസ് ഷെല്‍ട്ടറും നീക്കം ചെയ്യാന്‍ തീരുമാനമായി.
സലിം രാജന് റോഡ് റെയില്‍വെ മേല്‍പ്പാലം ഒരു മാസത്തിനകം ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന സാഹചര്യത്തില്‍ വരുത്തേണ്ട ക്രമീകരണങ്ങളും യോഗം ചര്‍ച്ച ചെയ്തു. മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ രാജാജി റോഡ് വഴി ചിറ്റൂര്‍ റോഡിലേക്ക് വന്നു ചേരുന്ന ജംഗ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കും. മെട്രോ റെയിലിന്റെ നിര്‍മാണം ആരംഭിച്ചാല്‍ ഗതാഗതം തിരിച്ചു വിടുന്ന പ്രധാന പാതയായിരിക്കും ഇതെന്ന് കളക്ടര്‍ പറഞ്ഞു. പ്രധാന റോഡുകളിലെ സിഗ്നലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സൂചനയും പ്രധാന ജംഗ്ഷനുകളിലെ സിഗ്നലുകളില്‍ ഉള്‍ക്കൊള്ളിക്കും.
ബസ് സ്റ്റോപ്പുകളുടെ പുനക്രമീകരണം, അടുത്തടുത്തുള്ള ഒന്നിലേറെ സ്റ്റോപ്പുകളുടെ സംയോജനം എന്നിവ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ട്രാഫിക് പോലീസിനെ ചുമതലപ്പെടുത്തി. ഇടപ്പള്ളി – എം.ജി റോഡ് – വൈറ്റില റൂട്ടില്‍ ജംഗ്ഷനുകളുടെ പുനക്രമീകരണം മെട്രോ പദ്ധതിയുടെ ഭാഗമായി നടത്തും. ഡിഎംആര്‍സിയാണ് ഇതു സംബന്ധിച്ച് പഠനം നടത്തുന്നത്. ഇടപ്പള്ളി, പാലാരിവട്ടം റൗണ്ട്, കലൂര്‍ ജംഗ്ഷനുകളില്‍ കാല്‍നടക്കാര്‍ക്കായി സീബ്ര ലൈനുകള്‍ വരയ്ക്കാനും തീരുമാനമായി.
ഫുട്പാത്തുകള്‍ കയ്യേറിയുള്ള കച്ചവടവും റോഡിന്റെ വൈറ്റ് ലൈന്‍ ലംഘിച്ചുള്ള വാഹനങ്ങളുടെ കടന്നു കയറ്റവും തടയും. പ്രധാന റോഡുകളില്‍ റമ്പിള്‍ സ്ട്രിപ്പുകളും ഹമ്പുകളും അനുവദിക്കില്ല. ചിഹ്നങ്ങളിലൂടെയും മുന്നറിയിപ്പ് ബോര്‍ഡുകളിലൂടെയും വാഹനങ്ങളെ നിയന്ത്രിക്കുകയും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് വേണ്ടതെന്ന് യോഗം ചൂണ്ടിക്കാട്ടി. ആര്‍ടിഒ ബി.ജെ. ആന്റണി, അസി. പോലീസ് കമ്മീഷണര്‍മാരായ പി.പി. ഷംസ്, ബേബി വിനോദ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.പി. ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: