ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് വീണ്ടും സമനിലക്കുരുക്ക്. കഴിഞ്ഞ ദിവസം ഇറ്റലിയോട് സമനില വഴങ്ങേണ്ടിവന്ന ബ്രസീല്‍ ഇന്നലെ പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ റഷ്യയോടാണ് സമനില വഴങ്ങിയത്. ഇഞ്ച്വറി സമയത്ത് ഫ്രെഡ് നേടിയ ഗോളാണ് പരാജയത്തില്‍ നിന്ന് ബ്രസീലിനെ രക്ഷിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 73-ാം മിനിറ്റില്‍ വിക്ടര്‍ ഫയ്സുലിനിലൂടെ റഷ്യയാണ് ആദ്യം ലീഡ് നേടിയത്.
കഴിഞ്ഞ ദിവസം സമനിലയില്‍ അവസാനിച്ച ഇറ്റലിക്കെതിരായ സൗഹൃദ പോരാട്ടത്തിന്റെ ഓര്‍മ്മയിലാണ് 2014 ലോകകപ്പിന്റെ ആതിഥേയരായ ബ്രസീല്‍ പോരാട്ടത്തിനെത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് റഷ്യ ഇറങ്ങിയത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ സെര്‍ജി ഇഗ്നാഷെവിച്ച് തോടുത്ത ഫ്രീകിക്ക് ബ്രസീലിയന്‍ ഗോളി ജൂലിയോ സെസാര്‍ ഉജ്ജ്വലമായാണ് രക്ഷപ്പെടുത്തിയത്.
ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളായ കാകയും, ഓസ്കറും ആദ്യ ഇലവനില്‍ ഇറങ്ങിയിട്ടും ബ്രസീലിന് പ്രതീക്ഷിച്ച നിലവാരം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. യുവ സൂപ്പര്‍താരം നെയ്മര്‍ മാത്രമാണ് റഷന്‍ പ്രതിരോധനിരയെ വിറപ്പിച്ചുകൊണ്ടിരുന്നത്.
ആദ്യ മിനുറ്റുകളിലെ താളപിഴ പിന്നീട് തിരുത്തിയെങ്കിലും കിട്ടിയ അവസരം മുതലാക്കാന്‍ ബ്രസീലിന് സാധിച്ചില്ല. ഏഴാം മിനിറ്റില്‍ നെയ്മറിന്റെ ഒരു ശ്രമം റഷ്യന്‍ ഗോളി വിഫലമാക്കി. പിന്നീട് 19, 20 മിനിറ്റുകളിലും ബ്രസീലിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ റഷ്യയുടെ കെര്‍ഷകോവും റോമന്‍, ഷിറോകോവും അലക്സാണ്ടര്‍ കോകോറിനും ചേര്‍ന്ന് മികച്ച ആക്രമണങ്ങള്‍ ബ്രസീല്‍ ബോക്സിലേക്ക് നടത്തിയെങ്കിലും ഗോളുകള്‍ മാത്രം ഒഴിഞ്ഞുനിന്നു.
ഇരുടീമുകളും തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതിനിടെ 73–ാം മിനിറ്റില്‍ നടത്തിയ സംഘടിതമായ നീക്കത്തിനൊടുവിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. മുഴുവന്‍ റഷ്യന്താരങ്ങളും ബ്രസീല്‍ ബോക്സിന് സമീപം ഒഴുകിയെത്തിയപ്പോള്‍ അഞ്ച് ഷോട്ടുകള്‍ തുടരെ ലക്ഷ്യം തെറ്റിയ ശേഷമാണ് വിക്ടര്‍ ഫയ്സുലിന് റഷ്യയ്ക്ക് ലീഡ് നല്‍കിയത്.
കളിയിലുടനീളം മികച്ചു നിന്ന റഷ്യ, ബ്രസീലിനെതിരായ തങ്ങളുടെ ആദ്യ ജയം നേടുമെന്ന തോന്നല്‍ ആരാധകരില്‍ ഉണ്ടാക്കി. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ മാഴ്സെലോ നല്കിയ മൈനസ് പാസ് പിടിച്ചെടുത്ത് ഫ്രെഡ് കാനറികളുടെ സമനിലഗോള്‍ നേടി.പാസിലൂടെ ഹള്‍ക്ക് നല്കിയ റിവേഴ്സ് പാസ് ഫ്രെഡിലൂടെ സമനില ഗോള്‍ നേടി.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ മത്സരം ബ്രസീലിന് ഒരു സൗഹൃദ പോരാട്ടം മാത്രമായിരുന്നില്ല, ചെല്‍സി വിട്ട ശേഷം ലണ്ടനിലേക്ക് തിരിച്ചെത്തിയ കോച്ച് സ്കോളാരിക്ക് തെളിയിക്കാന്‍ പലതുമുണ്ടായിരുന്നു. എന്നാല്‍ ലോക ഫുട്ബോളിന്റെ അധിപന്മാരായ ബ്രസീലിനെ പുതിയ റഷ്യന്‍ പഠങ്ങള്‍ പഠിപ്പിച്ചാണ് ഫാബിയോ കാപ്പല്ലോയും കുട്ടികളും മടങ്ങിയത്. വീണ്ടും കോച്ചായി നിയമിതനായ സ്കോളാരിക്ക് ബ്രസീലിന് വേണ്ടി ഒരു വിജയം നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: