ന്യൂദല്‍ഹി: കളിക്കളത്തിലെ എതിരാളികളെ ചൂടന്വാക്കുകള് കൊണ്ടു പ്രകോപിച്ച് നേട്ടം കൊയ്യുകയെന്നത് ഓസ്ട്രേലിയ പണ്ടേ പയറ്റിവന്ന തന്ത്രമായിരുന്നു. അധിക്ഷേപ വര്‍ഷമെന്ന ആയുധം ഇടയ്ക്കവര്‍ എവിടെയോവച്ചുമറന്നു. പക്ഷേ, ഫിറോസ് ഷാ കോട്ലയില് വീണ്ടും അതവര് പൊടിതട്ടിയെടുത്തു.
ബാറ്റിങ്ങിനിറങ്ങിയ അരങ്ങേറ്റക്കാരന്‍ അജിന്‍ക്യ രഹാനെയോടായിരുന്നു കംഗാരുക്കള്‍ തങ്ങളുടെ തനി സ്വഭാവം ആദ്യം കാട്ടിയത്. ആദ്യ പന്തില്‍ത്തന്നെ രഹാനെയെ ബീറ്റ് ചെയ്ത പീറ്റര്‍ സിഡില്‍ പിന്നാലെ ചില ചൂടന്‍ വാക്കുകള്‍ ചൊരിഞ്ഞു. തുടര്‍ന്നും രഹാനെയ്ക്കു ചുറ്റും നിന്ന ഓസീസ് ഫീല്‍ഡര്‍മാര്‍ കലപിലകൂട്ടുന്നുണ്ടായിരുന്നു. ധോണി- ജഡേജ സഖ്യത്തിന്റെ ബാറ്റിങ്ങിനിടെയും വാക് പോരുകള്‍ അരങ്ങേറി. ധോണി പിച്ചിന്റെ സംരക്ഷിത ഭാഗത്തുകൂടെ ഓടിയെന്ന് പാറ്റിന്സന് പരാതിപ്പെട്ടു.
ധോണിയും വാട്സനും ഇതു സംബന്ധിച്ച് സംസാരിക്കവെ ജഡേജ വെള്ളംകൊണ്ടുവരാന്‍ നിര്‍ദേശം നല്കി. ഇതിനിടയിലേക്കു കടന്നുവന്ന വാര്‍ണര്‍ ജഡേജയുമായി കോര്‍ത്തു. ജഡേജയും വിട്ടുകൊടുത്തില്ല. പിന്നീട് ബാറ്റിങ്ങിനിടെ ഓസീസ് താരങ്ങളെല്ലാം ജഡേജയെ വാക്കുകള്‍കൊണ്ടു മുറിവേല്‍പ്പിച്ചു. സഹികെട്ട ജഡേജ ഷോര്‍ട്ട് ലെഗില്‍ നില്‍ക്കുകയായിരുന്ന എഡ് കോവന് നേരെ രോഷത്തോടെ തിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: