കൊച്ചി: ആര്‍മി സന്നദ്ധസേവകര്‍ രംഗത്തെത്തിയതോടെ ഫോര്‍ട്ടുകൊച്ചി ബീച്ച് ക്ലീനായി. കറുകുറ്റി എസ്സിഎംഎസ് എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ സന്നദ്ധസംഘടനയാണ് ആര്‍മി അഥവാ അസോസിയേഷന് ഓഫ് റോയല്‍ മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്. ആര്‍മിയുടെ 200 അംഗ സേനയാണ് ഇന്നലെ ബീച്ച് ശുചിയാക്കാന്‍ എത്തിയത്. രാവിലെ ഹൈബി ഈഡന് എംഎല്‍എ ശുചീകരണം ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ടുകൊച്ചി കൗണ്‍സിലര്‍ ആന്റണി കുരീത്തറ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
രാവിലെ തുടങ്ങിയ ശുചീകരണത്തിനൊടുവില് രണ്ടു ലോറികളിലായാണ് മാലിന്യം നീക്കിയത്. കൊച്ചി നഗരസഭയാണ് ഇതിനു സഹായമൊരുക്കിയത്. പരിസ്ഥിതി മലിനീകരണത്തിനെതിരെ ബീച്ചില്‍ ആര്മിയുടേതായി ഒരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഇതു ഹൈബി ഈഡന് സ്ഥാപിച്ചു. സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കു ഊന്നല്‍ നല്കുന്ന സ്ഥാപനത്തില്‍ നിന്ന് ആദ്യമായാണ് ഒരു സാമൂഹിക പ്രവര്‍ത്തനവുമായി വിദ്യാര്‍ഥി സേനയെത്തുന്നത്.
ശുചീകരണത്തിനിടെ മലിന ജലത്തില്‍ നിന്ന് ശുദ്ധജലം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രത്തിന്റെ മാതൃക ബീച്ചിലെത്തിയവരില് കൗതുകമായി. കടല്‍വെള്ളം ശുചിയാക്കി കുടിവെള്ളമാക്കുന്ന ഈ യൂണിറ്റ് കുറഞ്ഞ ചെലവിലും ഊര്‍ജത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കൗതുകത്തോടെയാണ് ചോദിച്ചറിഞ്ഞത്. കോളേജിലെ എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് ഇതിന്റെ രൂപകല്‍പ്പന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: