വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ കടുത്ത മതവിവേചനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത പാക് ഹിന്ദുക്കള്‍ക്ക് അഭയാര്‍ഥി പദവി നിഷേധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി തങ്ങളെ ആശങ്കപ്പെടുത്തുന്നെന്ന് അമേരിക്കയിലെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാക് ഹിന്ദുക്കള്‍ക്ക് അഭയാര്‍ഥി പദവി നിഷേധിച്ച ഇന്ത്യന്‍ നടപടിയും അവരെ അടിച്ചമര്‍ത്തുന്ന മതവിവേചനവും മനസ്സാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങളാണ്, ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ സമീര്‍ കാല്‍റ പറഞ്ഞു. ജോധ്പൂറിലെ പാക് ഹിന്ദുക്കള്‍ കഴിയുന്ന ക്യാമ്പ് മനുഷ്യാവകാശ സംഘടനയിലെ മുതിര്‍ന്ന അംഗം കൂടിയായ അദ്ദേഹം സന്ദര്‍ശിച്ചു. ഔദ്യോഗികമായി അഭയാര്‍ഥി പദവിയോ പൗരത്വമോ ഈ പാക് ഹിന്ദുക്കള്‍ക്ക് ലഭിച്ചിട്ടില്ല. ഇവര്‍ രാജ്യഭ്രഷ്ടരാണെന്നു മാത്രമല്ല തൊഴില്‍ തേടാനോ സര്‍ക്കാരിന്റെ അടിസ്ഥാന സഹായങ്ങള്‍ നേടാനോ ഇന്ത്യക്കകത്ത് ഇവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവുമില്ലെന്ന് കാല്‍റ ആരോപിച്ചു.
ആദ്യം സിന്ധ് പ്രവിശ്യയില്‍ നിന്നും പിന്നീട് മറ്റിടങ്ങളില്‍ നിന്നുമാണ് വലിയൊരു സംഖ്യ പാക്കിസ്ഥാനി ഹിന്ദുക്കള്‍ അടുത്തകാലത്ത് അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയിട്ടുണ്ട്. രാജസ്ഥാന്റെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വര്‍ഷാവര്‍ഷം ആയിരത്തോളം പാക് ഹിന്ദുക്കള്‍ കുടിയേറുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമുദായ സംഘടന കൂടിയായ സീമാന്ത് ലോക സംഘാതന്റെ കണക്കനുസരിച്ച് ഏതാണ്ട് 1,20,000 പാക് ഹിന്ദുക്കള്‍ ഇന്ത്യയിലുണ്ടാകും. ഈ പാക് ഹിന്ദുക്കളെ ഇന്ത്യന്‍ സര്‍ക്കാരോ ഐക്യരാഷ്ട്രസഭയിലെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണറോ ഔദ്യോഗികമായി അഭയാര്‍ഥികളായി പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ 1971ലെ ഇന്തോ-പാക് യുദ്ധത്തെ തുടര്‍ന്നെത്തിയവരും ഉള്‍പ്പെടുന്നു.
പാക്കിസ്ഥാനിലെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന പാക് ഹിന്ദുക്കള്‍ക്ക് അഭയാര്‍ഥി പദവി നല്കുന്ന കാര്യം പരിശോധിക്കാമെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. എന്നാലിപ്പോള്‍ ഇവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കാനാകില്ലെന്ന് ലോക്സഭയില്‍ ചര്‍ച്ചയ്ക്കു കൊണ്ടുവന്ന സ്വകാര്യ പ്രമേയത്തിന്മേല് മറുപടി നല്‍കവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: