ആത്മാവ് തന്നില്‍മാത്രം കുടിയിരിക്കുന്നതല്ല, സകലചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നതാണ്. എല്ലാം ഒന്നെന്ന് കാണുമ്പോള്‍ മാത്രമേ, ആത്മസാക്ഷാത്കാരമാകൂ. ഒരു ഉറുമ്പിന്റെ കൂടി ഒപ്പില്ലാതെ ഈശ്വരന്റെ ലോകത്തേക്ക് കടക്കാനാവില്ല. സര്‍വ്വജീവജാലങ്ങളോടുമുള്ള കരുണയും ഈശ്വരസ്മരണയുമാണ് ഒന്നാമതായി ആവശ്യം. ആ വിശാലത വന്നാല്‍ മുക്തിക്ക് പിന്നെ താമസമില്ല.
നമ്മള് അമ്പലത്തില്‍പ്പോയി മൂന്ന് വലത്തിട്ട് തൊഴും. ഇറങ്ങിവരുമ്പോള്‍ വാതില്ക്കല് നില്ക്കുന്ന ഭിക്ഷക്കാരനെ ചവിട്ടുകയും ചെയ്യും. അതാണ് നമ്മളില്‍ ഇപ്പോഴുള്ള സംസ്കാരം, അതല്ല വേണ്ടത്. നമ്മള് ആരെപ്പോയി തൊഴുതുവോ, ആ ആളെ ഭിക്ഷക്കാരനിലും കണ്ടാലേ, നമ്മള് ഈശ്വരസാക്ഷാത്കാരത്തിന് പൂര്‍ണമായും അര്‍ഹരാകുന്നുള്ളൂ. നമ്മള് ലോകത്തേക്കിറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യനെ ഈശ്വരനായി കണ്ടുകൊണ്ടുവേണം സേവിക്കാന്‍. അപ്പോഴേ നമ്മളില്‍ വിനയവും എളിമയും ഉണ്ടാകും. ‘ഞാന്‍ ലോകസേവനം ചെയ്യുന്നു’ എന്ന ഭാവമുണ്ടായാല്‍ തീര്‍ന്നു. ആ ഭാവത്തോടുകൂടി ചെയ്യുന്നതൊന്നും സേവനമല്ല. ‘ഞാനൊന്നുമല്ല’ എന്ന ഭാവത്തില്‍ സ്നേഹത്തോടെയുള്ള വാക്ക്, പുഞ്ചിരി, പ്രവൃത്തി – ഇതൊക്കെയാണ് ശരിയായ സേവനം.
ജനങ്ങള്‍ക്ക് അവരുടെ യഥാര്ത്ഥസത്തയെക്കുറിച്ച് അറിയില്ല. കുളത്തില്‍ ചില ചെറിയ പറവകളുണ്ട്. അവയ്ക്ക് ചിറകുള്ള കാര്യം അവരറിയുന്നില്ല. ചിറകടിച്ചുയര്‍ന്ന് കുളത്തിന് ചുറ്റുംനില്ക്കുന്ന പൂമരങ്ങളിലെ തേന്‍ നുകരേണ്ട ഇവര്‍ കുളത്തിനകത്തെ അഴുക്കും തിന്നുകൊണ്ട് കഴിയുകയാണ്. ഒരുപ്രാവശ്യം പറന്നുയര്‍ന്ന് തേനുണ്ടുകഴിഞ്ഞാല്പ്പിനെ അവ കുളത്തിലെ അഴുക്കിനുവേണ്ടി പോവുകയില്ല. അതുപോലെ ഇന്ന് ജനങ്ങള്‍ നിഷ്കളങ്കമായ ഈശ്വരപ്രേമത്തിലൂടെ കിട്ടുന്ന ആനന്ദത്തെക്കുറിച്ച് അജ്ഞരായിക്കഴിയുകയാണ്. അവരെ അതിനെക്കുറിച്ച് ബോധവാന്മാരാക്കി തത്ത്വത്തിലേക്ക് നയിക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: