കൊല്ലം: വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പോലും പരിശോധിക്കാത്ത പര്‍ച്ചേസ് കമ്മിറ്റി തീരുമാനം അടുത്ത കൗണ്‍സിലിന്റെ പരിഗണനക്കായി മറ്റീവ്ക്കണമെന്ന് സിപിഐ പര്‍ച്ചേസ് കമ്മിറ്റി തീരുമാനം നടപ്പിലാക്കണമെന്ന് സിപിഎം. ഇന്നലെ നടന്ന കോര്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് സിപിഐ-സിപിഎം ഭിന്നത മറ നീക്കി പുറത്ത് വന്നത്. ഒരു കോടി രൂപ ഫണ്ട് ചിലവഴിക്കാനുളള പര്‍ച്ചേസ് കമ്മിറ്റിയുടെ തീരൂമാനമാണ് ഇന്നലെ കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്ക് വന്നതെങ്കിലും 562200 രൂപ ചിലവഴിച്ച് കോര്‍പറേഷനിലെ ഒമ്പത് സാക്ഷരതാ കേന്ദ്രങ്ങളില്‍ വനിത തൊഴില്‍ യൂണിറ്റ് സ്ഥാപിക്കാനുളള തീരുമാനമാണ് അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയത്.
സിപിഐ അംഗമായ ഹണി ബെഞ്ചമിനാണ് തീരുമാനത്തെ എതിര്‍ത്ത് രംഗത്തുവന്നത്. സാക്ഷരതാ കേന്ദ്രങ്ങളില്‍ എത്തുന്ന വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാനായി തയ്യല്‍ മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനായിരുന്നു പര്‍ച്ചേസ് കമ്മിറ്റിയുടെ തീരുമാനം. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ എല്ലാ പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും സാക്ഷരതാ കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് പരിശീലനത്തിനായി തയ്യല്‍ മെഷീന് സ്ഥാപിക്കാനുളള നിര്‍ദേശം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഹണി ബെഞ്ചമിന്‍ പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പോലും ഇതുവരെ പരിശോധിക്കാത്ത പദ്ധതി പരിഗണിക്കുന്നത് ഏപ്രിലിലേക്ക് മറ്റീവ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തയ്യല്‍ മെഷീന് വാങ്ങാനുളള തീരുമാനം മറ്റീവ്ക്കണമെന്ന് യുഡിഎഫിലെ ശാന്തിനി ശുഭദേവനും പറഞ്ഞു. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഇക്കാര്യം അടുത്ത കൗണ്‍സിലിലേക്ക് മറ്റീവ്ക്കാമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞെങ്കിലും സിപിഎം അംഗങ്ങളായ റോബിന്, ജയന് എന്നിവര്‍ ഹണിയുടെ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നു. നിര്‍ധനരായ വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനുളള വനിത ഘടക പദ്ധതി മറ്റീവ്ക്കാനാകില്ലെന്നും പര്‍ച്ചേസ് കമ്മിറ്റി തീരുമാനം കൗണ്‍സില്‍ അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിപിഎം-സിപിഐ തര്‍ക്കത്തില്‍ കക്ഷി ചേരാതെ യുഡിഎഫ് അംഗങ്ങള്‍ മൗനം പാലിച്ചതോടെ പര്‍ച്ചേസ് കമ്മിറ്റി തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചതായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രഖ്യാപിച്ചു.
മേയര്‍ വരാന്‍ വൈകുന്നതുകാരണം നിശ്ചിത സമയത്ത് കൗണ്‍സില്‍ യോഗം ചേരുന്നില്ലെന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോര്‍ജ് ടി.കാട്ടിലിന്റെ പരിഭവത്തോടെയായിരുന്നു ഇന്നലെ കൗണ്‍സില്‍ യോഗം തുടങ്ങിയത്. സംസാരിക്കാനായി കാട്ടില്‍ എണീറ്റപ്പോള്‍ തന്നെ മേയര്‍ എതിര്‍ത്തു. പര്‍ച്ചേസ് കമ്മിറ്റി തീരുമാനം പരിഗണിക്കുന്നതിനായാണ് കൗണ്‍സില്‍ ചേര്‍ന്നതെന്നും ചര്‍ച്ച അനുവദിക്കില്ലെന്നും മേയര്‍ പറഞ്ഞു. ഇവിടെ ചര്‍ച്ചയൊന്നും വേണ്ട, കൃത്യ സമയത്ത് കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും മേയര്‍ വന്നില്ല.
നിങ്ങള്‍ കൃത്യസമയത്ത് വരണം, കൗണ്‍സില്‍ തുടങ്ങാന്‍ സ്ഥിരമായി വൈകുന്നത് കാരണം മൂന്ന് മണിക്ക് യോഗം വിളിച്ചാല്‍ മൂന്നരയെന്നാണ് കൗണ്‍സിലര്‍മാര്‍ കണക്കാക്കുന്നതെന്നും കാട്ടില്‍ പറഞ്ഞു. താന്‍ വൈകുന്നതിന്റെ പഴി കോര്പറേഷന് സെക്രട്ടറിയില്‍ ചാരാനായിരുന്നു മേയറുടെ ശ്രമം. സെക്രട്ടറിയാണ് സ്ഥിരമായി വൈകുന്നത്. സെക്രട്ടറിയും ഉദ്യോഗസ്ഥരും എത്താതെ വരാന്‍ കഴിയില്ലെന്നും മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: