ഓക്ലന്റ്: ന്യൂസിലാന്റിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 443 റണ്‍സിനെതിരെ ഇംഗ്ലണ്ട് രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്ത് തകര്‍ച്ചയുടെ വക്കിലാണ്. 12 റണ്‍സോടെ കോമ്പ്ടണും 6 റണ്‍സുമായി ഇയാന്‍ ബെല്ലുമാണ് ക്രീസില്‍.
നേരത്തെ 250ന് ഒന്ന് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാന്റ് ഇന്നിംഗ്സ് 443 റണ്‍സിലവസാനിച്ചു. 83 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന വില്ല്യംസണാണ് ആദ്യം പുറത്തായത്. 91 റണ്‍സെടുത്ത വില്ല്യംസണിനെ ആന്‍ഡേഴ്സന്റെ പന്തില്‍ പ്രയര്‍ പിടികൂടി. സ്കോര്‍ 289-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ടെയ്ലറെ സ്വന്തം പന്തില്‍ പിടികൂടി പനേസര്‍ മടക്കി. സ്കോര്‍ 297-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടര്‍ന്ന ഫുള്‍ടണും മടങ്ങി. തലേന്നത്തെ സ്കോറായ 124നോട് 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഫുള്‍ടണെ ഫിന്നിന്റെ പന്തില്‍ പ്രയര്‍ പിടികൂടി. പിന്നീടെത്തിയവരില്‍ ബ്രൗണ്‍ലീ 36 റണ്‍സും ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം 38 റണ്‍സും ടിം സൗത്തി 44 റണ്‍സും നേടി. 125 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഫിന്നാണ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ആന്ഡേഴ്സണ് രണ്ട് വിക്കറ്റും വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. സ്കോര്‍ എട്ട് റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കിനെ ബൗള്‍ട്ടിന്റെ പന്തില്‍ വാറ്റ്ലിങ് പിടികൂടി. പിന്നീട് ട്രോട്ടും കോമ്പ്ടണും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കാന്‍ ശ്രമം നടത്തിയെങ്കിലും 44-ല്‍ എത്തിയപ്പോള്‍ ട്രോട്ടും മടങ്ങി. 27 റണ്‍സെടുത്ത ട്രോട്ടിനെ ബൗള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ബൗള്‍ട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: