ന്യൂദല്‍ഹി: മുപ്പത് ശതമാനം എക്സൈസ് ഡ്യൂട്ടിയില്‍ നിന്നും സെഡാന് മോഡല്‍ വാഹനങ്ങളെ ഒഴിവാക്കാന്‍ സാധ്യത. 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ എക്സൈസ് ഡ്യൂട്ടി 30 ശതമാനമായി പുതുക്കിയിരുന്നു. നാല് മീറ്ററോ അതില്‍ കൂടുതലോ നീളമുള്ള എസ് യു വികള്‍ക്ക് 30 ശതമാനം ഡ്യൂട്ടി ബാധകമാണ്. വാഹനങ്ങളുടെ തരംതിരിവില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രം ഇപ്പോള്‍ ശ്രമിക്കുന്നത്. ചില കാറുകള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന നികുതി അടയ്ക്കുന്നുണ്ടെന്ന കാരണത്താല്‍ അധിക സാമ്പത്തിക ബാധ്യതയില്‍ നിന്നും ഒഴിവാക്കുന്നതിനായാണ് ഈ ഭേദഗതി വരുത്തുന്നത്.
സെഡാന് മോഡലുകളേയും കേന്ദ്രം എസ് യു വി മോഡലുകളുടെ വ്യാഖ്യാനത്തിന് കീഴിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. മാരുതി എസ് എക്സ് 4, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹോണ്ട സിവിക് ഉള്‍പ്പെടെയുള്ള പ്രശസ്ത സെഡാന് മോഡലുകള്‍ എസ് യു വി മോഡലുകളുടെ നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് 30 ശതമാനം എക്സൈസ് നികുതിയാണ് അടയ്ക്കേണ്ടി വരുന്നത്. എന്നാല്‍ ചില സെഡാന് മോഡലുകള്‍ 27 ശതമാനം നികുതിയാണ് തുടര്‍ന്നും അടയ്ക്കുന്നത്.
നാല് മീറ്ററോ അതില്‍ കൂടുതലോ നീളമുള്ളതും 1500 സിസി എഞ്ചിനോട് കൂടിയതും 170 എംഎം ഗ്രൗണ്ട് ക്ലിയറന്സോടും കൂടിയ മോഡലുകള്‍ 30 ശതമാനം എക്സൈസ് നികുതി അടയ്ക്കണമെന്നാണ് ബജറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ എസ് യു വിന് മാത്രമായിരിക്കും ഈ നികുതി ബാധകമാവുകയെന്ന് ഇതുമായി ബന്ധപ്പെട്ട അധികൃതന്‍ പറയുന്നു. മാന്ദ്യം നിലനില്‍ക്കുന്ന വാഹന വിപണിയില്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുക വഴി വാഹനങ്ങളുടെ വിലയില്‍ 15,000 മുതല്‍ 35,000 രൂപ വരെയുള്ള വര്‍ധനവായിരിക്കും ഉണ്ടാവുക. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാകുന്നത്-26 ശതമാനം. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുളള കാലയളവില്‍ സെഡാന് മോഡലുകളുടെ വില്പനയില് അഞ്ച് ശതമാനം ഇടിവാണ് നേരിട്ടത്. 2,02,015 യൂണിറ്റ് സെഡാന് മോഡലുകളാണ് ഇക്കാലയളവില്‍ വിറ്റുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: