ബാസല്‍: ബ്രസീലിനെ കീഴടക്കാന്‍ ഇറ്റലിക്ക് ഇനിയും കാത്തിരിക്കണം. ഇന്നലെ നടന്ന സൗഹദമത്സരത്തിലും ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു. അഞ്ച് തവണത്തെ ലോകചാമ്പ്യന്മാരായ ബ്രസീലും നാല് തവണ ലോക ജേതാക്കളായഇറ്റലിയും തമ്മില്‍ ഇന്നലെ സ്വിറ്റ്സര്‍ലന്റില്‍ നടന്ന ഏറ്റുമുട്ടലാണ് സമനിലയില്‍ കലാശിച്ചത്. ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷം വീരോചിതമായി തിരിച്ചടിച്ചാണ് അസൂറികള്‍ സമനില സ്വന്തമാക്കിയത്. ഈ സമനില വരുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കാനിറങ്ങുന്ന ഇറ്റലിയുടെ ആത്മവിശ്വാസം കൂട്ടുമെന്ന് ഉറപ്പാണ്. എന്നാല്‍ 30 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രസീലിനെതിരെ ഒരു വിജയം ലക്ഷ്യമാക്കി ഇറങ്ങിയ അസൂറികള്‍ക്ക് ബ്രസീല്‍ ബാലികേറാമലയായി തുടരുകയാണ്. 1982-ലെ ലോകകപ്പിലാണ് ഇറ്റലി അവസാനമായി ബ്രസീലിനെ കീഴടക്കിയത്. രണ്ടാം റൗണ്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അസൂറികള്‍ കാനറികളുടെ ചിറകരിഞ്ഞത്. പൗലോ റോസിയുടെ ഹാട്രിക്കായിരുന്നു ഈ പോരാട്ടത്തിലെ സവിശേഷത. അതിനുശേഷം ഇതുവരെ ഇറ്റലിക്ക് ബ്രസീലിനെ കീഴടക്കാനായിട്ടില്ല.
മത്സരത്തിന്റെ തുടക്കത്തില്‍ ഇറ്റലിക്കായിരുന്നു നേരിയ മുന്‍തൂക്കം. 33-ാം മിനിറ്റില്‍ ഫ്രെഡാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. എന്നാല്‍ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ആദ്യം ഗോള്‍ നേടിയത് ബ്രസീലാണ്. തുടക്കം മുതല്‍ തന്നെ ഇറ്റലിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും നെയ്മറുടെയും മറ്റും വേഗത കൊണ്ട് ബ്രസീല്‍ ക്ഷണത്തില്‍ മത്സരത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തുകയായിരുന്നു. ഇത് മുതലാക്കി ഇടതു വിംഗില്‍ നിന്ന് ബോക്സിലേയ്‌ക്ക് ഫിലിപ്പെ ലൂയിസ് നല്‍കിയ ലോബ് സുന്ദരമായ വോളിയിലൂടെ ഫ്രെഡ് ഇറ്റാലിയന്‍ ഗോളി ബഫണിനെ കീഴടക്കി വലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ ഇറ്റലി ഗോള്‍ മടക്കിയെന്ന് തോന്നിച്ചെങ്കിലും ജൂലിയോ സെസാറിന്റെ മികവിന് മുന്നില്‍ വിഫലമായി. ഇറ്റലിയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ മരിയോ ബലോട്ടെല്ലി ഉതിര്‍ത്ത ലോംഗ് ഷോട്ട് മുഴുനീളെ ഡൈവ് ചെയ്താണ് ബ്രസീല്‍ ഗോളി ജൂലിയോ സെസാര്‍ രക്ഷപ്പെടുത്തിയത്. 40-ാം മിനിറ്റില്‍ ആന്ദ്രെ പിര്‍ലോയുടെ ഒരു ശ്രമവും നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 42-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ഒരു പ്രത്യാക്രമണത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. മൈതാനമധ്യത്തുനിന്ന് പന്ത് പിടിച്ചെടുത്ത് അപാരമായ വേഗതയില്‍ കുതിച്ചുകയറിയ യുവസൂപ്പര്‍ താരം നെയ്‌ര്‍ ഒപ്പം ഓടിക്കയറിയ ഓസ്കറിനെ ലക്ഷ്യമാക്കി മൈനസ് പാസ് നല്‍കി. പന്ത് പിടിച്ചെടുത്ത ഓസ്കര്‍ അഡ്വാന്‍സ് ചെയ്ത കയറിയ ബഫണിനെ കീഴടക്കി പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി.
പകുതി സമയത്ത് 2-0 എന്ന സ്കോറില്‍ പിരിഞ്ഞതോടെ ഇറ്റലിക്ക് ദയനീയമായ തോല്‍വി വഴങ്ങേണ്ടിവരുമെന്നാണ് കരുതിയതെങ്കിലും അപ്രതീക്ഷിതമായ തിരിച്ചുവരവാണ് അസൂറിപ്പട നടത്തിയത്. 54-ാം മിനിറ്റില്‍ ഡാനിയേല ഡി റോസിയാണ് ആദ്യ ഗോളിലൂടെ കാറ്റ് അസൂറികള്‍ക്ക് അനുകൂലമാക്കി മാറ്റിയത്. ഒരു കോര്‍ണറിന് ഒടുവിലായിരുന്നു ഗോള്‍ പിറന്നത്. സ്റ്റീഫന്‍ അല്‍ ഷാര്‍വി എടുത്ത കോര്‍ണര്‍ പോസ്റ്റിലേക്ക് പറന്നിറങ്ങിയത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡാനിയേല ഡി റോസി സുന്ദരമായ പ്ലേസിങ്ങിലൂടെ ബ്രസീല്‍ വലയിലെത്തിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ സ്വപ്നതുല്ല്യമായൊരു ഗോളിലൂടെ മരിയോ ബലോട്ടലി ഇറ്റലിക്ക് വിലപ്പെട്ട സമനിലയും നേടിക്കൊടുത്തു. ബോക്സിന് വാരകള്‍ അകലെവച്ച് ബലോട്ടെലി തൊടുത്ത ലോംഗ്‌റേഞ്ചര്‍ മുഴുനീളെ ഡൈവ് ചെയ്ത ബ്രസീലിയന്‍ ഗോളി ജൂലിയോ സെസാറിനെ വെറും കാഴ്ചക്കാരനാക്കി വലയില്‍ തുളഞ്ഞു കയറുകയായിരുന്നു.
പിന്നീട് ബ്രസീലിയന്‍ പടയുടെ ഇരച്ചുകയറ്റമായിരുന്നു മൈതാനത് ദൃശ്യമായത്. ഉജ്ജ്വലമായ ഫോമില്‍ നെയ്മര്‍ അരങ്ങുതകര്‍ത്തിട്ടും ഇറ്റാലിയന്‍ പ്രതിരോധം അപ്രതിരോധമായി നിലകൊണ്ടതോടെ വിജയഗോള്‍ മാത്രം പിറന്നില്ല. ബലോട്ടെല്ലിയുടെ നേതൃത്വത്തില്‍ ഇറ്റലിയും ഉജ്ജ്വലമായ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം ബ്രസീലിയന്‍ ഗോളി ജൂലിയോ സെസാറിന് മുന്നില്‍ അവസാനിക്കുകയായിരുന്നു. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് സെസാറിന്റെ അസാമാന്യ മെയ്‌വഴക്കത്തിന് മുന്നില്‍ വിഫലമായത്.
തിങ്കളാഴ്ച ലണ്ടനില്‍ നടക്കുന്ന മറ്റൊരു സൗഹൃദമത്സരത്തില്‍ ബ്രസീല്‍ റഷ്യയെ നേരിടും. ഇറ്റലിയുടെ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ യോഗ്യതാ മത്സരത്തില്‍ ചൊവ്വാഴ്ച മാള്‍ട്ടയുമായി ഏറ്റുമുട്ടും.
ഇന്നലെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തില്‍ ഇക്വഡോര്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് എല്‍സാല്‍വഡോറിനെ കീഴടക്കി ഉജ്ജ്വല വിജയം കരസ്ഥമാക്കി. ഫിലിപ്പെ സായിസെഡോ രണ്ട് ഗോളുകള്‍ നേടി. ബെനിറ്റ്സും മൊണ്ടേരോയും റോജാസുമാണ് ഇക്വഡോറിന്റെ മറ്റ് ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: