ഓക്ലാന്റ്: ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലാന്റ് ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ന്യൂസിലാന്റ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തിട്ടുണ്ട്. 124 റണ്‍സോടെ പീറ്റര്‍ ഫുള്‍ടണും 83 റണ്‍സുമായി കീന്‍ വില്ല്യംസണുമാണ് ക്രീസില്‍. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയില്‍ കലാശിച്ചിരുന്നു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്റിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ നിന്ന് വിഭിന്നമായി ഭേദപ്പെട്ട തുടക്കമാണ് ന്യൂസിലാന്റിന് വേണ്ടി ഫുള്‍ടണും റൂതര്‍ഫോര്‍ഡും നല്‍കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 79 റണ്‍സെടുത്തു. 77 പന്തുകളില്‍ നിന്ന് രണ്ട് വീതം ബൗണ്ടറികളും സിക്സറുകളുമടക്കം 37 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ ഫിന്നിന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടികൂടി. തുടര്‍ന്ന് ഒത്തുചേര്‍ന്ന വില്ല്യംസണ് നല്ല പിന്തുണയാണ് ഫുള്‍ട്ടണ്‍ നല്‍കിയത്. ഇരുവരും നല്ല പന്തുകളെ ബഹുമാനിച്ചും മോശം പന്തുകള്‍ക്കെതിരെ ഉജ്ജ്വലമായ സ്ട്രോക്ക്പ്ലേ കാഴ്ചവെച്ചും മുന്നേറിയതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ നിസ്സഹായരായി. ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞ ആറ് ബൗളര്‍മാര്‍ക്കും ഈ കൂട്ടുകെട്ട് പിരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഫുള്‍ട്ടണ്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ഫുള്‍ടണ്‍ നേടിയത്. 203 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെയാണ് ഫുള്‍ടണ്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അധികം കഴിയും മുമ്പേ വില്ല്യംസണ് അര്‍ദ്ധസെഞ്ച്വറിയും സ്വന്തമാക്കി. 118 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളോടെയാണ് വില്ല്യംസണ് തന്റെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: