കണ്ണൂര്‍: ജില്ലയിലെ കേരള – കര്‍ണ്ണാടക അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡി ഇന്നലെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലും പോലീസ് സ്റ്റേഷനുകളിലും സന്ദര്‍ശനം നടത്തി. രണ്ട് ദിവസം മുമ്പ് കര്‍ണ്ണാടക അതിര്‍ത്തിയിലെ വനഭൂമിയില്‍ മാവോയിസ്റ്റുകളായ 4 പേരെ ആയുധം സഹിതം കണ്ടതായി വനാതിര്‍ത്തിയിലെ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ കേരള പോലീസ് വര്‍ഷങ്ങളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന രൂപേഷ് എന്ന മാവോയിസ്റ്റ് നേതാവ് ഒരു വാരികയില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലേഖനമെഴുതുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ കര്‍ണ്ണാടക വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കണ്ണവം, ആറളം, കരിക്കോട്ടരി, കീഴ്പ്പള്ളി തുടങ്ങിയ മേഖലകളിലും ഇവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിരുന്നു. കൂടാതെ മാവോയിസ്റ്റ് അന്വേഷണത്തിനായി ഈ മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരിശോധന നടത്തിവരികയാണ്. കേരള പോലീസിന്റെ കണ്ണുവെട്ടിച്ച് മാവോയിസ്റ്റ് നേതാവ് സജീവ പ്രവര്‍ത്തനം നടത്തുന്നുവെന്ന വാര്‍ത്ത സേന ഞെട്ടലോടെയാണ് അറിഞ്ഞത്. ഇതാണ് എഡിജിപിയുടെ പെട്ടെന്നുള്ള സന്ദര്‍ശനത്തിന് കാരണമെന്നറിയുന്നു.
ഇന്നലെ രാവിലെ ജില്ലയിലെ കണ്ണവം സ്റ്റേഷനിലെത്തിയ ശങ്കര്‍ റെഡ്ഡി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളായ കേളകം, ആറളം, കരിക്കോട്ടക്കരി, ഉളിക്കല്‍ തുടങ്ങിയിടങ്ങളിലും സന്ദര്‍ശനം നടത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. ഐജി ജോസ് ജോര്‍ജ്ജ്, എസ്.പി. രാഹുല്‍ എസ്. നായര്‍, ഇരിട്ടി ഡിവൈഎസ്പി എം.പ്രദീപ്കുമാര്‍ തുടങ്ങിയവരും എഡിജിപിയോടൊപ്പം ഉണ്ടായിരുന്നു.
മാവോയിസ്റ്റുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഇരിട്ടിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. പോരാട്ടം സംഘടനയുടെ പേരില്‍ ഇറക്കിയിരിക്കുന്ന പോസ്റ്ററുകളില്‍ ‘ഭീകരതയുടെ പ്രഭവകേന്ദ്രം ഭരണകൂടംതന്നെ, ജയിലിലടച്ച ജനകീയ പ്രവര്‍ത്തകരെ വിട്ടയക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: