തൃശൂര്‍ : എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എ നടത്തിയ നിരാഹാരം അവസാനിപ്പിച്ചു. സിപിഐ സംസ്ഥാന നേതൃത്വത്തിന്റേയും എല്‍ഡിഎഫ് ജില്ലാകമ്മറ്റിയുടേയും ഇടപെടലിനെത്തുടര്‍ന്നാണിത്. മുന്‍ എംഎല്‍എയും ജനയുഗം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ രാജാജിമാത്യു തോമസിന്റെ മകന് ഉള്‍പ്പെടെയുള്ളവരെയാണ് എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്.
ഇതിനെതിരെ മുന്‍ എംഎല്‍എയും കുടുംബവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കട്ടിലിനരികെ നിരാഹാരമിരുന്നിരുന്നു. സിപിഎം ജില്ലാനേതൃത്വം പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് സിപിഐ നേതാവ് സമരം തുടങ്ങിയത്. എന്നാല്‍ സിപിഎമ്മിന്റെ ആരും തന്നെ ആശുപത്രിയിലേക്ക് തിരിഞ്ഞ് നോക്കിയില്ല.
കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥി ഷില്ലോംഗ് തോമസ്, ഷിനോജ് എന്നിവരെയാണ് എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്. കഴിഞ്ഞ കുറെ നാളുകളായി തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐയും എഐഎസ്എഫും തമ്മില്‍ നിരന്തരം സംഘട്ടനത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്, സെക്രട്ടറിയേറ്റംഗം യു.പി.ജോസഫ് എന്നിവരോട് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒന്നും തന്നെ നടന്നില്ലെന്ന് രാജാജി മാത്യു തോമസ് ആരോപിച്ചു. രാജാജിക്ക് പുറമെ ഭാര്യ ശാന്ത, മകള്‍ ദുനമരിയ ഭാര്‍ഗ്ഗവി എന്നിവരാണ് എസ്.എഫ്.ഐയുടെ അക്രമത്തിനെതിരെ സഹനസമരം നടത്തിയത്. എസ്എഫ്ഐ ക്യാമ്പസ്സുകളില്‍ ഗുണ്ടായിസമാണ് നടത്തുന്നത്. ഇത്തരം ഗുണ്ടകളെ എസ്എഫ്ഐയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണം. വിദ്യാര്‍ത്ഥി സംഘട്ടനം എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് മൂര്‍ച്ഛിക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: