കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന ജയകൃഷ്ണന് മാസ്റ്ററെ കൊലപ്പെടുത്തിയ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വഴിമുട്ടിയതിന് കാരണം ആഭ്യന്തരവകുപ്പിന്റെ നിസ്സഹകരണമെന്ന് സൂചന. കേസിന്റെ പുനരന്വേഷണം പൂര്‍ത്തിയാകുന്നതോടെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമെന്നും ആദ്യം കേസന്വേഷിച്ച പോലീസുദ്യോഗസ്ഥര്‍ കുടുങ്ങുമെന്നുമുള്ളതിനാലുമാണ് കേസന്വേഷണം മരവിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ ഉന്നതര്‍ കുടുങ്ങുന്ന സാഹചര്യം നേതാക്കള്‍ ആഭ്യന്തരമന്ത്രി വഴി കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതിന് വേണ്ടി രഹസ്യമായി ബന്ധപ്പെട്ടതായും സൂചനയുണ്ട്.
ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധക്കേസില്‍ പിടിയിലായ പാനൂരിലെ ടി.കെ.രജീഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നത്. സിബിഐ അന്വേഷിക്കണമെന്ന് കേസിന്റെ ആരംഭം തൊട്ട് ജയകൃഷ്ണന് മാസ്റ്ററുടെ മാതാവ് കൗസല്യയും സംഘപരിവാര്‍ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
ഒടുവില്‍ മൂന്ന് മാസം മുമ്പ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം കേസില്‍ പുനരന്വേഷണം ആരംഭിക്കുകയായിരുന്നു. പുനരന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ നേതാക്കള്‍ കുടുങ്ങുമെന്ന് മനസ്സിലാക്കിയ സിപിഎമ്മുകാര്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ സാക്ഷികളെ സ്വാധീനിക്കാനും മറ്റും ശ്രമം നടത്തിയിരുന്നു. അന്വേഷണസംഘത്തിന് ആവശ്യമായ അന്വേഷണ ഉദ്യോഗസ്ഥരെ നല്കാന് ഇതുവരെ ആഭ്യന്തരവകുപ്പ് തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം മുന്നോട്ട് പോകാത്തതിന് കാരണങ്ങളുണ്ടെന്ന് കഴിഞ്ഞദിവസം ഒരു പത്രത്തിന് നല്കിയ മറുപടിയില്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.
ഗൂഢാലോചനക്കാരായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രജീഷ് മൊഴി നല്‍കിയിരുന്നു. ഇത്തരത്തില്‍ കേസില്‍ യഥാര്‍ഥപ്രതികള്‍ അകത്താകുമെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേസന്വേഷണത്തിന്റെ മെല്ലെപോക്ക് ആരംഭിച്ചതെന്നത് ഏറെ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണെന്നും കേസ് സിബിഐയെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്നും കഴിഞ്ഞദിവസം ബിജെപി ആവശ്യപ്പെട്ടിരുന്നു.
1999 ഡിസംബര്‍ ഒന്നിനായിരുന്നു പാനൂര്‍ മൊകേരി ഈസ്റ്റ് യുപി സ്കൂളിലെ ക്ലാസ്മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ ജയകൃഷ്ണന് മാസ്റ്ററെ ഒരുസംഘം സിപിഎമ്മുകാര്‍ വെട്ടിക്കൊന്നത്. തുടര്‍ന്ന് ഏഴ് സിപിഎമ്മുകാരെ പ്രതിചേര്‍ത്ത് കേസെടുക്കുകയും വിചാരണയ്ക്കുശേഷം 2003 ആഗസ്ത് 27ന് തലശ്ശേരി അഡീഷണല്‍ ജില്ലാജഡ്ജ് ചന്ദ്രദാസ് അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ ഹൈക്കോടതിയില്‍ പോവുകയും വധശിക്ഷ റദ്ദ് ചെയ്യപ്പെടുകയുമായിരുന്നു. ഒന്നാം പ്രതിക്ക് ജീവപര്യന്തവും മറ്റുള്ളവരെ കോടതി വെറുതെ വിടുകയുമായിരുന്നു. പ്രതികളായ മറ്റ് രണ്ടുപേരില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ ഒളിവില്‍ പോവുകയുമായിരുന്നു.
ജീവപര്യന്തം ലഭിച്ച ഒന്നാംപ്രതി അച്ചാരത്ത് പ്രദീപന് ശിക്ഷ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനാവുകയും ചെയ്തിരുന്നു. ആദ്യം തൊട്ടേ യഥാര്‍ഥ പ്രതികളെയല്ല പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമുള്ള പ്രതികളെയാണ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് പരാതി ഉയര്‍ന്നിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: