ലണ്ടന്‍: മലാല യൂസഫ്സായി വീണ്ടും സ്കൂള്‍ ദിനങ്ങളിലേക്ക് മടങ്ങിയെത്തുന്നു. താലിബാന്റെ ആക്രമണത്തിനിരയായി വിദഗ്ധ ചികിത്സതേടി ലണ്ടനിലെത്തിയ പാക് പെണ്‍കുട്ടി മഹാനഗരത്തിലെ എഡ്ജിബാസ്റ്റണ്‍ ഹൈസ്കൂളിലാണ് പഠനം തുടരാനെത്തിയത്. ലണ്ടന്‍ വിദ്യാലയത്തിലെ ആദ്യദിനം ജീവിതത്തിലെ പ്രധാന ദിവസമായി കണക്കാക്കുന്നതായി മലാല വിശദീകരിക്കുന്നു.
പഠനം തുടരാനായി സ്കൂളിലേക്ക് മടങ്ങിയെത്തുക എന്നത് തന്റെ അഭിലാഷമായിരുന്നതായി പതിനഞ്ചുകാരിയായ പെണ്‍കുട്ടി സൂചിപ്പിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അതിനുള്ള അവകാശത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ മലാല താലിബാന്റെ ആക്രമണത്തെ ഇച്ഛാശക്തികൊണ്ട് മറികടന്നാണ് വീണ്ടും സ്കൂള്‍ മുറ്റത്തെത്തിയത്. യൂണിഫോം ധരിക്കുന്നതില്‍ അഭിമാനംകൊള്ളുന്ന മലാല വീണ്ടും സ്കൂളിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.
രാഷ്ട്രീയവും നിയമവും പഠിക്കാനാഗ്രഹിക്കുന്ന മലാലക്ക് സ്കൂളില്‍ തിരിച്ചെത്തിയതുതന്നെ ആവേശം പകരുന്നു. ഹെഡ്മിസ്ട്രസ് ഡോ. റൂത്തും മലാലയെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ചതിനാണ് മലാല പാക്കിസ്ഥാനില്‍ ആക്രമണത്തിനിരയായത്. വിദ്യാഭ്യാസത്തിനുള്ള അവകാശം പെണ്‍കുട്ടിക്കുണ്ടെന്ന് ഈ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി പറഞ്ഞപ്പോള്‍ അത് ഭീകരര്‍ക്ക് കല്ലുകടിയായി മാറുകയായിരുന്നു. പുത്തന്‍ തലമുറക്ക് മുന്നില്‍ ഒരു പെണ്‍കുട്ടി ഉയര്‍ന്നുവരുന്നത് താലിബാന് നേതൃത്വത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബറില്‍ സ്കൂള്‍ ബസില്‍വെച്ച് ഭീകരര്‍ ഈ പെണ്‍കുട്ടിക്കുനേരെ നിറയൊഴിച്ചു. സംഭവം ലോകത്തുതന്നെ ചര്‍ച്ചാവിഷയമായതോടെ മലാലയുടെ ചികിത്സ ലണ്ടനിലേക്ക് മാറ്റുകയായിരുന്നു.
മലാലയോടൊപ്പം ലണ്ടനിലെത്തിയ പിതാവ് സിയാവുദീന് യൂസഫ്സായിയ്ക്ക് ബര്മിംഘാമിലെ കോണ്‍സുലേറ്റില്‍ പാക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. അതിനിടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് മലാലയുടെ പേര് പരിഗണിക്കണമെന്ന ആവശ്യം സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ പ്രവഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: