തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ ഭാര്യ യാമിനി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. ഗണേഷ്കുമാറിനെതിരെ ഭാര്യ നല്കിയ പരാതി മുഖ്യമന്ത്രി സ്വീകരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷത്തുനിന്ന് എ.പ്രദീപ്കുമാര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അടിയന്തരപ്രമേയ നോട്ടീസ് നല്കിയ പ്രദീപ്കുമാറിനെ സംസാരിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചതോടെ ഭരണപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് സഭയുടെ കീഴ്വഴക്കങ്ങളും ചട്ടങ്ങളും ചൂണ്ടിക്കാട്ടി സ്പീക്കര്‍ ജി.കാര്ത്തികേയന് ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മറുപടി പറയാമെന്ന് മുഖ്യമന്ത്രി അറിയിച്ച സാഹചര്യത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയനോട്ടീസ് പരിഗണിക്കുകയായിരുന്നു.
മുസ്ലീം ലീഗ് അംഗം പി.കെ.ബഷീറിന്റെ നേതൃത്വത്തിലായിരുന്നു ഭരണപക്ഷ അംഗങ്ങള്‍ പ്രതിപക്ഷത്തിനെതിരെ കയര്‍ത്തത്. കുടുംബപ്രശ്നങ്ങള്‍ സഭയിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സ്പീക്കര്‍ അനുമതി നല്‍കരുതെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രശ്നം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഇതോടെ ഇരുപക്ഷവും തമ്മില്‍ വാഗ്വാദമായി. ഒരുഘട്ടത്തില്‍ പി.കെ.ബഷീറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് സ്പീക്കറെ അറിയിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് അംഗങ്ങള്‍ ശാന്തരായത്.
ഗണേഷ്കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി തനിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ല. ഗണേഷിന്റെ ഭാര്യ രണ്ടുതവണ തന്നെ വന്ന് കണ്ടിരുന്നു. കുടുംബതര്‍ക്കങ്ങള്‍ സംസാരിച്ചു. അതേസമയം, നടപടിയെടുക്കേണ്ട തരത്തിലുള്ള ഒരു പരാതിയും നല്‍കിയിട്ടില്ല.
ഗണേഷ്കുമാറിന്റെ ഭാര്യ പരാതി നല്‍കിയിട്ടും താന്‍ സ്വീകരിക്കാത്ത സംഭവമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. താന്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതെങ്ങനെയാണെന്ന് യാമിനി തങ്കച്ചി തന്നോട് ചോദിച്ചിരുന്നു. താന്‍ രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി ഗണേഷിന്റെ ഭാര്യ നല്കിയ കത്തും മുഖ്യമന്ത്രി നിയമസഭയില്‍ ഹാജരാക്കി. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കുടുംബപ്രശ്നങ്ങള്‍ സഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിക്കുന്നത് ഉചിതമാണോയെന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും പറഞ്ഞു. കുടുംപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് സഭയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് മന്ത്രി കെ.സി.ജോസഫും പറഞ്ഞു. കുടുംബപ്രശ്നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് താന്‍ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി മറുപടി പറയാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പരിഗണിച്ചതെന്നും സ്പീക്കര്‍ അറിയിച്ചു. ഗണേഷ്കുമാറിന്റെ ഭാര്യ നല്കിയ പരാതി മുഖ്യമന്ത്രി സ്വീകരിച്ചില്ലെന്ന് ആരോപണമുന്നയിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജാണ് വിഷയത്തില്‍ മറുപടി പറയേണ്ടതെന്ന് എ.പ്രദീപ്കുമാര്‍ പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗികവസതിയിലുണ്ടായ സംഭവം മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും പി.സി.ജോര്‍ജാണ്. ഇത് രണ്ടും തെറ്റാണെങ്കില്‍ പി.സി.ജോര്‍ജിനെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ പരാതി മുക്കിയ മുഖ്യമന്ത്രി ആറുമാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ചീഫ്വിപ്പിനെ ഭയമാണ്. അഴിമതിക്കേസുകള്‍ ഒളിപ്പിക്കുന്നതിനും കാലുമാറ്റത്തിനും ചീഫ് വിപ്പിനെ മുഖ്യമന്ത്രി കോടാലിയായി ഉപയോഗിച്ചെന്നും പ്രദീപ്കുമാര്‍ ആരോപിച്ചു. എന്നാല്‍, മന്ത്രിയുടെ ഔദ്യോഗികവസതിയില്‍ പത്രത്തില്‍ വന്നതുപോലെയുള്ള സംഭവമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഗണേഷ്കുമാര് വിഷയത്തിലെ സര്‍ക്കാരിന്റെ സമീപനം ഹീനമാണെന്ന് ഇറങ്ങിപ്പോക്കിനു മുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കുറ്റപ്പെടുത്തി. വൈകൃതമായ സര്‍ക്കാര്‍ സമീപനം ദുഃഖകരമാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: