തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ വന്‍ ചോര്‍ച്ചയുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. വാണിജ്യവകുപ്പിലാണ് ഏറ്റവും വലിയ നികുതി വെട്ടിപ്പ് നടക്കുന്നത്.
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്, വില്‍പ്പന നികുതി, കെട്ടിട നികുതി, ഭാഗ്യക്കുറി നികുതി, കാര്‍ഷിക നികുതി എന്നിവയില്‍ക്കൂടെ സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയിലാണ് വന്‍ കുറവുണ്ടായിരിക്കുന്നത്. ഇതിലൂടെ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന കോടികളാണ് നഷ്ടമായത്.
സംസ്ഥാനത്ത് പ്ലേവുഡിന്റെ തറവില നിശ്ചയിക്കുന്നതിനുള്ള കാലതാമസം ഉണ്ടായതുമൂലം 2.02 കോടിയാണ് നഷ്ടം. സിഎഫ് ഫോറം ഉപയോഗിക്കുന്നത് സംബന്ധിച്ച് കുറ്റാന്വേഷണ വകുപ്പ് നല്കിയ റിപ്പോര്‍ട്ട് പരിഗണിക്കാത്തതിനെ തുടര്‍ന്ന് നികുതിയിനത്തില്‍ 5.03 കോടി നഷ്ടപ്പെടുത്തി. വ്യാപാരികള്‍ നല്‍കേണ്ട വാര്‍ഷിക റിട്ടേണുകളുടെ പിശകുകാരണം കോടിക്കണക്കിന് രൂപയാണ് നഷ്ടമായത്.
വൈദ്യുതി മീറ്ററുകളുടെ വാടക ക്രയവിക്രയത്തില്‍ ഉള്‍പ്പെടുത്താത്തതുമൂലം 43.16 കോടിയുടെ നഷ്ടം കണക്കാക്കി. 974 ആഡംബര കെട്ടിടങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ 36.24 ലക്ഷം നഷ്ടമുണ്ടായി. ഭാഗ്യക്കുറിയില്‍ 91 ടിക്കറ്റുകള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ പേര് അവകാശവാദം ഉന്നയിച്ചു. ഇങ്ങനെയുള്ള കേസുകളില്‍ 51 എണ്ണം ഇനിയും തീര്പ്പാകാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: