കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ട ദിവസം രാത്രി 29-ാം പ്രതി ദിപിന് ഇന്നോവ കാറില്‍ കയറി പോകുന്നത് കണ്ടെന്ന് സാക്ഷി മൊഴി. 40-ാം സാക്ഷി ബാബുവാണ് 29-ാം പ്രതി ദിപിന് ഓര്‍ക്കാട്ടേരി അങ്ങാടിയില്‍ വച്ച് അമിതവേഗത്തില്‍ എത്തിയ ഇന്നോവ കാറില്‍ കയറി പോകുന്നത് കണ്ടെന്ന് വിചാരണ നടക്കുന്ന എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേകകോടതി ജഡ്ജി ആര്. നാരായണപിഷാരടി മുമ്പാകെ മൊഴി നല്‍കിയത്. മെയ് നാലിന് രാത്രി 10.30ന് താന്‍ ഓര്‍ക്കാട്ടേരി അങ്ങാടിയില്‍ നില്‍ക്കുകയായിരുന്നു.
അപ്പോള്‍ അമിതവേഗത്തില്‍ ഒരു ഇന്നോവ കാര്‍ ഓര്‍ക്കാട്ടേരിയില്‍ നിന്ന് ഏറാമല ഭാഗത്തേക്കു വരുന്നതും പ്രതികളിലൊരാളായ ദിപിന് കാറില്‍ കയറി പോകുന്നതും കണ്ടെന്നാണ് ബാബു മൊഴി നല്‍കിയത്. ഓര്‍ക്കാട്ടേരി ടൗണിലെ ഹോട്ടലില്‍നിന്ന് ചായ കുടിച്ചിറങ്ങുമ്പോഴാണ് താനിതു കണ്ടത്. അന്നു രാത്രി താന്‍ ടി.പിയെ കണ്ട് സംസാരിച്ചിരുന്നു. ഇന്നോവ കാറും 29-ാം പ്രതി ദിപിനെയും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ടി.പിയെ നിരീക്ഷിച്ച് കൊലയാളികള്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറിയെന്നതാണ് കേസില്‍ ദിപിനെതിരെയുള്ള കുറ്റം. ഒന്നാംപ്രതി എം.സി അനൂപും കേസിലെ മറ്റൊരു പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാരായി രാജനും മരണവീട്ടില്‍ വച്ച് സംസാരിക്കുന്നതു കണ്ടതായി അന്വേഷണഉദ്യോഗസ്ഥര്ക്കു മൊഴി നല്കിയ സാക്ഷിയെ പ്രോസിക്യൂഷന് വിസ്തരിച്ചില്ല. 39-ാം സാക്ഷി ചൊക്ലി നാരായന് പറമ്പ് ഒളവിലത്ത് തണല്‍ വീട്ടില്‍ കെ.പി സരീഷിനെയാണ് വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. സരീഷും 38 -ാം സാക്ഷി അശോകനും കോടതിയില്‍ ഹാജരായിരുന്നെങ്കിലും വിസ്തരിക്കുന്നില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി. കുമാരന്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു. ഇരുവരും കൂറുമാറാന്‍ സാധ്യതയുള്ളവരായിരുന്നുവെന്ന് രഹസ്യാന്വേഷണവിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: