തൃപ്പൂണിത്തുറ: പൂത്തോട്ട ജംഗ്ഷനില്‍ ജനത്തിരക്കേറിയ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നൂര്കണക്കിന് വീട്ടമ്മമാര്‍ തൃപ്പൂണിത്തുറ പേട്ടയിലെ ബീവറേജസ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഉദയംപേരൂര്‍ പഞ്ചായത്തിലെ വീട്ടമ്മമാര്‍ക്കൊപ്പം ചെമ്പ്, പെരുമ്പളം, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ പഞ്ചായത്തുകളില്‍ നിന്നെത്തിയ വീട്ടമ്മമാരും സമരജാഥയില്‍ അണിചേര്‍ന്നു. പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള വനിതാ പ്രതിഷേധ മാര്‍ച്ചില്‍ സ്വൈര ജീവിതം നഷ്ടപ്പെട്ട കുടുംബിനികളുടെ ദു:ഖവും,രോഷവുമാണ് മുദ്രാവാക്യങ്ങളായി ഉയര്‍ന്നത്.
കുടംബശ്രി പ്രവര്‍ത്തകര്‍ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്, ധീവര മഹിളാസംഘം പ്രവര്‍ത്തകര്‍ കുടുംബി സേവാസംഘം, കെ.പി.എം.എസ് മഹിളാ വിഭാഗം എന്നിവരുടെ കൂട്ടായ്മയില്‍ നടന്ന സമരജാഥ വനിതകളുടെ കരുത്ത് വിളിച്ചറിയിച്ചു.
സിറ്റി ബസുകളുടെ തുടക്കസ്ഥാനവും, ജില്ലാന്തര ബസുകളുടെ പ്രധാന സ്റ്റോപ്പുമായ പൂത്തോട്ടയില്‍ തന്നെയാണ് പെരുമ്പളം, പാണാവള്ളി ബോട്ടുജെട്ടികളും പ്രവര്‍ത്തിക്കുന്നത്. ഏതുസമയവും തിരക്കേറിയ പൂത്തോട്ട ജംഗ്ഷനില്‍ ബീവറേജസിന്റെ മദ്യവില്‍പ്പനശാലയും, റേഷന്‍കടയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ബസില്‍ കയറുന്നതിനടക്കം റേഷന്വാങ്ങാനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം മദ്യംവാങ്ങാന്‍ നില്ക്കുന്ന പുരുഷന്മാരുടെ നീണ്ടനിര ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ഏറെ ദൂരെയല്ലാതെ എസ്.എന്‍.ഡി.പിയുടെ വിദ്യാഭ്യാസ സമുച്ചയവും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതിഷേധമാര്‍ച്ച് ബിവറേജസ് കോര്പ്പറേഷന് റീജിയണല്‍ മാനേജരുടെ കാര്യാലയത്തിലെത്തിയശേഷം സമരസമിതിയുടെ നിവേദനം മാനേജര്‍ക്ക് നല്കി. തുടര്‍ന്ന് നടന്ന യോഗം കേരളസംസ്ഥാന മദ്യവിരുദ്ധ സമിതി സെക്രട്ടറി മിനികെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: