തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനിടെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സോണിയാഗാന്ധിക്കും രാജീവ് ഗാന്ധിക്കുമെതിരേ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. ഇറ്റാലിയന്‍ നാവികരെ ഇന്ത്യ വിടാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അവസരമൊരുക്കിയെന്നാരോപിച്ച് പ്രതിപക്ഷത്തുനിന്ന് പി.കെ.ഗുരുദാസനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രശ്നത്തില്‍ സോണിയാഗാന്ധിയുടെ മൗനം ദു:ഖകരമാണെന്ന് പി കെ ഗുരുദാസന് ആരോപിച്ചു. ഇതിനുശേഷം ഇറങ്ങിപ്പോക്കിനു മുമ്പ് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുമെതിരേ വിവാദപരാമര്‍ശങ്ങള്‍ നടത്തി. ഇതോടെ ഭരണപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു.
ഇറ്റലിക്കാര്‍ക്ക് ഓണ്‍ലൈനായി വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ടായിട്ടും സര്‍ക്കാര്‍ വക്കീല്‍ ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്ന് വി.എസ് പറഞ്ഞു. സോണിയയെപ്പറ്റി പറയുമ്പോള്‍ മനസ്സുനോവുന്ന ഉമ്മന്‍ചാണ്ടിയുടെ മനസ് നോവിക്കാതെ ചിലകാര്യങ്ങള്‍ താന്‍ പറയാമെന്നു പറഞ്ഞാണ് വി.എസ് തുടങ്ങിയത്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് ഇറ്റലിക്കാര്‍ പിടിമുറുക്കാന്‍ തുടങ്ങിയതെന്ന് പറഞ്ഞതോടെയാണ് സഭ ബഹളമയമായത്. ബഹളത്തിനിടയിലും വി.എസ് പ്രസംഗം തുടര്‍ന്നു കൊണ്ടിരുന്നു.
പ്രതിരോധവുമായി പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭയില്‍ വാക്കേറ്റമായി. അടിയന്തരപ്രമേയ നോട്ടീസില്‍ പറയാത്ത കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കരുതെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും വി.എസ് കൂട്ടാക്കിയില്ല. പ്രസംഗം തുടര്‍ന്ന വി.എസ് നാവികരുടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണെന്ന് പ്രഖ്യാപിച്ചു. വി.എസ് നടത്തിയ വിവാദപരാമര്‍ശങ്ങള്‍ സഭാരേഖയില്‍നിന്ന് നീക്കം ചെയ്തതായി സ്പീക്കര്‍ പിന്നീട് റൂളിങ് നല്കി. നാവികരുടെ വിഷയത്തില്‍ ഇറ്റലിയുടെ നിലപാട് സ്വീകാര്യമല്ലെന്ന രാവിലെ ഇടത് എം.പിമാരോട് പറഞ്ഞ പ്രധാനമന്ത്രി സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് നിലപാട് തിരുത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി.
എന്നാല്‍, പ്രധാനമന്ത്രി എം.പിമാരോട് പറഞ്ഞ കാര്യങ്ങളാണ് ലോക്സഭയില്‍ പ്രസ്താവിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സോണിയാഗാന്ധിയുടെ പേര് വിഷയത്തില്‍ വലിച്ചിഴയ്ക്കരുതെന്നും അവര്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: