തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനു തൂത്തുക്കുടി തുറമുഖം ഭീഷണിയല്ലെന്നു മന്ത്രി കെ.ബാബു നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖം മത്സരിക്കേണ്ടതു കൊളംബോ തുറമുഖവുമായിട്ടാണ്. തൂത്തുക്കുടി തുറമുഖത്തിനു കേന്ദ്ര ബജറ്റില്‍ 300 കോടി മാത്രമാണ് അനുവദിച്ചത്. 7500 കോടി അനുവദിച്ചു എന്നു ബജറ്റില്‍ പ്രഖ്യാപിച്ചതു പിശകു പറ്റിയതാണ്.
തൂത്തുക്കുടി തുറമുഖം പിപിപി മോഡലിലാണു നടപ്പാക്കുന്നത്. എന്നാല്‍ വിഴിഞ്ഞം തുറമുഖം ലാന്റ്ലോര്‍ഡ് മോഡലിലാണു നടപ്പാക്കുന്നത്. അതിനാല്‍ കേന്ദ്രത്തോടു തുറമുഖത്തിനായി പണം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തോട് കണ്ണൂരിലെ അഴീക്കല്‍ തുറമുഖത്തിനാണു പണം ആവശ്യപ്പെട്ടത്. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച പഠനത്തിനായി രണ്ട് ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. എല്‍ ആന്‍ഡ് ടി റാംബോളിന്റെ റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചു. ഐഎഫ്സിയുടെ സാമൂഹ്യ-പാരിസ്ഥിതിക പഠന റിപ്പോര്‍ട്ടും ലഭിച്ചു. അടുത്ത മാസം പാരിസ്ഥിതി അനുമതിക്കായി കേന്ദ്രത്തിനെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതി നിര്‍മ്മാണത്തിനു ബാക്-അപ് ഏരിയ, റോഡ്, ട്രക്ക് ടെര്‍മിനല്‍ എന്നിവയ്ക്കുള്ള സ്ഥലത്തിന്റെ 90%(108.50) ഏക്കര്‍ ഏറ്റെടുത്തു കഴിഞ്ഞു. വെയര്‍ ഹൗസിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്നു. കേന്ദ്രബജറ്റില്‍ അനുവദിച്ച പദ്ധതികളില്‍ വിഴിഞ്ഞം ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസ്ഥിതിക അനുമതി ലഭിച്ചാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകും.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്കായി ഒരു മാസത്തിനകം അപേക്ഷ നല്‍കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 420 കോടി രൂപ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. ഈ സാമ്പത്തികവര്‍ഷം 226 കോടി ചെലവഴിക്കും. പൂവാറില്‍ കപ്പല്‍ നിര്‍മ്മാണശാല നിര്‍മ്മിക്കാന്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തോടു സംസ്ഥാനം ശുപാര്‍ശചെയ്തിട്ടില്ല. ഇതുസംബന്ധിച്ചു കൊച്ചിന് ഷിപ്പ്യാര്ഡ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് നിലവിലുണ്ട്. ഇത്തരമൊരു ശാല നിര്‍മ്മിക്കാന്‍ ഭാരിച്ച ചെലവുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കാന് അനുമതി നല്കിയ തീരുമാനം ദുരുപയോഗം ചെയ്യപ്പെടുന്നതായി മന്ത്രി കെ.ബാബു നിയമസഭയില്‍ പറഞ്ഞു.
10 പഞ്ചായത്തുകളും ഒരു കോര്‍പറേഷനും ഒരു മുനിസിപ്പാലിറ്റിയും ബാര്‍ലൈസന്‍സിന് അനുമതി നല്കി. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ദൂരപരിധി നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഇതനുസരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എയര്‍ കേരളയ്ക്കായി സംസ്ഥാന ബജറ്റില്‍ തുകയൊന്നും വകയിരുത്തിയിട്ടില്ലെന്നു മന്ത്രി കെ.ബാബു നിയമസഭയില്‍ അറിയിച്ചു. ഇതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലുദ്യോഗസ്ഥര്‍ അടങ്ങുന്ന കോര്‍കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പദ്ധതി നിര്‍വ്വഹണത്തിന്റെ ഏകോപനം, എയര്‍ലൈനുകള്‍ക്ക് എന്‍ഒസിക്കു വേണ്ടിയുള്ള അപേക്ഷ തയ്യാറാക്കല്‍ എന്നിവയാണു കമ്മറ്റിയുടെ ചുമതലയെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: