ജോഹന്നാസ്ബെര്‍ഗ്: പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയം. 34 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 48.1 ഓവറില്‍ 309 റണ്‍സിന് ഓള് ഔട്ടായി. ഹാഷിം ആംലയും (122), എ.ബി. ഡിവില്ലിയേഴ്സും (128) നേടിയ തകര്‍പ്പന്‍ സെഞ്ച്വറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തത്. പാക്ക് നിരയില്‍ 89 റണ്‍സെടുത്ത ഷാഹിദ് അഫ്രീദിയാണ് ടോപ് സ്കോറര്‍. അഫ്രീദിക്ക് പുറമെ മുഹമ്മദ് ഹഫീസ് (57), വഹബ് റിയാസ് (45) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മൂന്നു വിക്കറ്റുകള്‍ വീതം നേടിയ റിയാന്‍ മക്ലാറനും ലോണ്‍വാബോ സോസോബെയുമാണ് പാക്കിസ്ഥാനെ പരാജയത്തിലേക്ക് തള്ളിവിട്ടത്. റോബിന് പീറ്റേഴ്സണ് രണ്ട് വിക്കറ്റുകള്‍ നേടി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1 ന് മുന്നിലെത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കത്തിലെ തകര്‍ച്ചക്കുശേഷമാണ് കൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുത്തത്. 42 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കക്ക് വേണ്ടി മൂന്നാം വിക്കറ്റില്‍ ലോക റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ആംലയും ഡിവില്ലിയേഴ്സും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 238 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹാഷിം ആംലെയുടെ ഏകദിനത്തിലെ പതിനൊന്നാം സെഞ്ച്വറിയാണിത്. ഡിവില്ലിയേഴ്സിന്റെ പതിനാലാം സെഞ്ച്വറിയാണ് പാക്കിസ്ഥാനെതിരെ പിറന്നത്. പാക്കിസ്ഥാനെതിരേ ഇരുവരുടെയും രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗും ദക്ഷിണാഫ്രിക്കന്‍ സ്കോറിന് കരുത്തുപകര്‍ന്നു. 19 പന്തുകള്‍ നേരിട്ട ഡുപ്ലെസിസ് 4 ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 45 റണ്‍സാണ് അടിച്ചുകൂട്ടിയത്. പാക്കിസ്ഥാന് ബൗളര്‍മാരില്‍ വഹബ് റിയാസ് 10 ഓവറില്‍ 93 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
344 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പാക്കിസ്ഥാന് ആദ്യവിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മുഹമ്മദ് ഹഫീസും കമ്രാന്‍ അക്മലും ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് പാക്ക് നിരക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: