ന്യൂദല്‍ഹി: കിട്ടാക്കടം പെരുകുന്നതില്‍ ആശങ്കയെന്ന് ധനകാര്യ മന്ത്രി പി.ചിദംബരം. ഇത്തരം വായ്പകള്‍ വീണ്ടെടുക്കുന്നതിന് ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പന്നരായ പ്രമോട്ടര്‍മാര്‍ അധിക പണം നല്‍കണമെന്നും കമ്പനികള്‍ വായ്പ തിരിച്ചടയ്ക്കുമ്പോള്‍ നികുതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് മാസങ്ങളായി കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ ബാങ്കുകള്‍ മെച്ചപ്പെട്ടതായും നിഷ്ക്രിയ ആസ്തി ഉയരുന്നത് കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും ബാങ്ക് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.
മാര്‍ച്ച് 2011 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 71,080 കോടി രൂപയായിരുന്നു. 2012 ഡിസംബര്‍ ആയപ്പോള്‍ ഇത് 1.55 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നും ചിദംബരം പറഞ്ഞു. വൈദ്യുതി, കല്‍ക്കരി, ഇരുമ്പയിര്, ഉരുക്ക്, റോഡ് ഗതാഗതം തുടങ്ങിയ മേഖലകളില്‍ പല പദ്ധതികളും തടസ്സപ്പെട്ടിരിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നതായി ചിദംബരം പറഞ്ഞു. നിലവില്‍ ഏഴ് ലക്ഷം കോടി രൂപ നിക്ഷേപം നടത്തിയിട്ടുള്ള 215 പദ്ധതികളാണ് ഇത്തരത്തില്‍ തടസ്സപ്പെട്ടിരിക്കുന്നത്. ഈ പദ്ധതികള്‍ക്കായി ഏകദേശം 54,000 കോടി രൂപയാണ് ബാങ്കുകള്‍ വായ്പയായി നല്‍കിയിട്ടുള്ളത്. പുതിയ പദ്ധതികളും ഈ അഞ്ച് മേഖലകളിലാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. 3.55 ലക്ഷം കോടി രൂപ മുതല്‍മുടക്കുന്ന 126 പുതിയ പദ്ധതികളാണ് ഈ മേഖലയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതിനായി 43,000 കോടി രൂപയാണ് ബാങ്കുകള്‍ വായ്പയായി അനുവദിച്ചിരിക്കുന്നത്.
പദ്ധതികള്‍ തടസ്സപ്പെടാനുള്ള യഥാര്‍ത്ഥ കാരണം കേന്ദ്രം മനസ്സിലാക്കിവരികയാണെന്നും ചിദംബരം പറഞ്ഞു. പാരിസ്ഥിതിക അനുമതി ലഭിക്കുക, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് പദ്ധതി തടസ്സപ്പെടാന്‍ പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: