മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തിനകത്ത് 1,200 പുതിയ ശാഖകള്‍ തുറക്കുന്നു. ചൈന, യുകെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ എട്ട് ശാഖകള്‍ തുറക്കുന്നതിനും പദ്ധതിയുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷമായിരിക്കും ഈ ശാഖകള്‍ തുറക്കുക.
ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ബംഗ്ലാദേശ്, ചൈന, യുകെ, നെതര്‍ലാന്റ്, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഓരോ ശാഖകള്‍ വീതം തുറക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും എസ്ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു. ദക്ഷിണ കൊറിയയില്‍ നിലവിലുള്ള പ്രതിനിധി ഓഫീസ് എല്ലാ സജ്ജീകരണങ്ങളുമുള്ള ശാഖയാക്കി ഉയര്‍ത്തും. ഈ എട്ട് ശാഖകള്‍ കൂടാതെ എസ്ബിഐയ്ക്ക് വിദേശത്ത് 59 ശാഖകളാണുള്ളത്. രാജ്യത്തെമ്പാടുമായി 14,677 ശാഖകളുമുണ്ട്.
രാജ്യത്തിനകത്ത് ശാഖകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 100 ഓളം ശാഖകളായിരിക്കും തുറക്കുക. 1,500 പ്രൊബേഷനറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനായി അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. 17 ലക്ഷത്തോളം അപേക്ഷകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ബാങ്ക് നാല് ശതമാനം വളര്‍ച്ചയാണ് നേടിയത്. ലാഭം 3,396 കോടി രൂപ. മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 29,787 കോടി രൂപയില്‍ നിന്നും 33,992 കോടി രൂപയായി ഉയര്‍ന്നു. നിഷ്ക്രിയ ആസ്തി 40,098 കോടി രൂപയില്‍ നിന്നും 53,457 കോടി രൂപയായും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: