ഭോപ്പാല്‍: സ്വിസ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റത്തിന് മധ്യപ്രദേശിലെ ദാടിയ ജില്ലയിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കുറ്റവുമായി ബന്ധപ്പെട്ട് സംശയിച്ച ഇരുപതോളം പേരെ മധ്യപ്രദേശ് പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.
ദാടിയ ജില്ലയിലെ വനത്തിന് സമീപമാണ് 39കാരിയായ സ്വിസ് വിനോദയാത്രികയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വെള്ളിയാഴ്ച രാത്രി ഏഴോ എട്ടോ പേര് ചേര്‍ന്നാണ് ഇവരെ ക്രൂരമായി പീഡിപ്പിച്ചത്. സാഹസിക യാത്രികരായ ദമ്പതിമാര്‍ രാത്രിയില്‍ വനത്തില്‍ തങ്ങവെയാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ ഒര്ക്കയിലെ ഭഗവാന് ശ്രീരാമന്റെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ഉത്തര്‍പ്രദേശിലെ ആഗ്രയിലെത്തി താജ്മഹല്‍ കാണാനുള്ള യാത്രയിലായിരുന്നു. ഭര്‍ത്താവിന്റെ മുന്നില്‍ വച്ചാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇവരുടെ ക്യാമറയും പതിനായിരം രൂപയും ലാപ്ടോപ്പും അക്രമികള്‍ മോഷ്ടിച്ചതായും പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സ്വിസ് പോലീസ് അന്വേഷിക്കണമെന്ന് സ്വിസ് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
ആഴത്തിലും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകണമെന്നും ഇരകള്‍ക്ക് ശരിയായ നീതി ലഭിക്കണമെന്നും സ്വിറ്റ്സര്‍ലാന്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച സ്വിസ് എംബസി യുവതിയുടെ ആരോഗ്യത്തിനും ചികിത്സയ്ക്കുമാണ് അടിയന്തര പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കി. അന്വേഷണം വേഗത്തിലാക്കണമെന്ന് മധ്യപ്രദേശ് അധികൃതരോട് സ്വിസ് എംബസി ആവശ്യപ്പെട്ടു. സ്വിസ് അംബാസഡര്‍ ലിനസ് വോണ്‍ കാസ്റ്റല്‍മര്‍ ഇരയായ യുവതിയോട് സംസാരിക്കുകയും വേണ്ട സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
സ്വിസ് വനിത മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായതില്‍ എംബസിക്ക് ഏറെ വേദനയുണ്ട്. അംബാസഡര്‍ യുവതിയോടും ഭര്‍ത്താവിനോടും സംസാരിക്കുകയും വേണ്ട പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവരുടെ ആരോഗ്യവും ചികിത്സയുമാണ് ഏറെ പ്രധാനപ്പെട്ട കാര്യം. പ്രാദേശിക അധികാരികളുമായി എംബസി ബന്ധപ്പെട്ട് വരികയാണ്. ശരിയായ അന്വേഷണം വേഗത്തില്‍ നടത്താനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവനയില്‍ സ്വിസ് എംബസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: