ചാലക്കുടി : ഇടപ്പിള്ളി- തൃശൂര്‍ ദേശീയപാതയില്‍ നിലവിലെ ടോള്‍നിരക്ക് തന്നെ കൂടുതലായിരിക്കെ വീണ്ടും ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി. നിര്‍മാണചിലവിന്റെ നൂറിരട്ടി ലാഭം ഇപ്പോഴത്തെ തുകകൊണ്ട് തന്നെ നിര്‍മാണ കമ്പനിക്ക് ലഭിക്കുമെന്നിരിക്കെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്ന വന്‍ ടോള്‍ നിരക്ക് വര്‍ദ്ധനക്ക് അനുമതി നല്‍കിയതിലെ ദുരൂഹത പുറത്തുകൊണ്ടുവരേണ്ടതാണ്. കരാര്‍ ഏറ്റെടുക്കുമ്പോള്‍ കരാറില്‍ പറഞ്ഞിരിക്കുന്ന പ്രധാനമായ പല സൗകര്യങ്ങളും ഇനിയും പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാണകരാറുകാരായ കെ.എം.സിക്ക് കഴിഞ്ഞിട്ടില്ല. ടോള്‍ പിരിക്കാന്‍ അനുവാദം നല്കിയപ്പോള് ബാക്കി പൂര്‍ത്തീകരിക്കുവാനുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ടോള്‍ പിരിവ് അവസാനിപ്പിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ അതെല്ലാം വെറു പാഴ്വാക്കായി മാറി. നിലവിലുള്ള തുകയില്‍ നിന്ന് അഞ്ചുരൂപ മുതല്‍ 25 രൂപവരെയാണ് ഇന്ന് മുതല്‍ കൂട്ടുവാന്‍ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് കേന്ദ്ര ദേശീയപാത അതോറിറ്റി അനുവാദം നല്‍കിയിരിക്കുന്നത്. വര്‍ഷം തോറും ടോള്‍ നിരക്ക് വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കില് അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു വലിയ ഭാരം തന്നെയായിരിക്കും.
റോഡുകളുടെ നിര്‍മാണവും അതിന്റെ അറ്റകുറ്റപണികളും കണക്കാക്കിയാണ് 17 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ റോഡ് പണിയുവാനും ടോള്‍ പിരിക്കുവാനും സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതിനു പുറമെ ഇതുപോലെ വര്‍ഷാ വര്‍ഷം കരാറുകമ്പനിക്ക് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കൂടി അനുവാദം നല്കിയാല് അത് മറ്റൊരു വന്‍ അഴിമതിയിലേക്കാകും പോവുക. ബിഒടി റോഡുകളുടെ ടോള്‍ നിരക്ക് ഇവിടെ മാത്രമായി കുറയ്ക്കാന്‍ കഴിയുകയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ടോള്‍ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുവാന്‍ നല്കിയ അനുവാദം അസാധാരണ നടപടിയാണെന്ന് പറയപ്പെടുന്നു.
കാര്‍,ജീപ്പ്പ്, പാസഞ്ചര്‍ വാന്‍ എന്നിവക്ക് ഒരു വശത്തേക്ക് 55 രൂപയായിരുന്നത് 60 രൂപയാകും. വിവിധ യാത്രകള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ 85 രൂപയില്‍ നിന്ന് 90 രൂപയാക്കും. ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 95ല്‍ നിന്ന് 105 രൂപയും ഇരുവശത്തേക്ക് 145 രൂപയും ആക്കുവാനാണ് തീരുമാനം. മാസനിരക്കുകളിലും നൂറു രൂപയില്‍ കൂടുതലാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് 310 രൂപയായിരുന്നത് 335ഉം ഇരുവശത്തേക്ക് 465 എന്നത് 505 രൂപയുമായി വര്‍ദ്ധിക്കും. നിലവിലെ നിരക്ക് തന്നെ കൂടുതലാണെന്ന് പറഞ്ഞുകൊണ്ട് ബിജെപി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും ടോള്‍ വിരുദ്ധസമിതിയും സമരത്തിലാണ്. ഇതിനകം തന്നെ നിരവധി സമരപരിപാടികള്‍ക്ക് പാലിയേക്കര ടോള്‍ ബൂത്ത് സാക്ഷ്യം വഹിച്ചിരുന്നു.
വരും നാളുകളില്‍ സമരംവീണ്ടും ശക്തമാവുകതന്നെ ചെയ്യും. നിയമപ്രകാരമുള്ള കരാര്‍ പ്രകാരം നിര്‍മ്മിക്കേണ്ട സര്‍വ്വീസ് റോഡുകളുടെ നിര്‍മാണം, ഡ്രൈനേജ്, വഴിവിളക്കുകള്‍, ബസ്സ്ബേകള്, പ്രധാന ജംഗ്ഷനുകളിലെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരം കാണല്‍ എന്നിവയൊന്നും പൂര്‍ത്തിയായിട്ടില്ല. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും നിലവിലെ ടോള്‍ നിരക്ക് കൂടുതല്‍ ആണെന്നും മൂന്നു ചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ടോള്‍ നിരക്ക് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മുരിങ്ങൂര്‍ മുതല്‍ കൊരട്ടി വരെയുള്ള സര്‍വ്വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ 98 കോടി രൂപ സര്‍ക്കാരില്‍ നിന്നും നല്കുവാനും തീരുമാനമായിരുന്നു. നിയമപ്രകാരം അതെല്ലാം കരാറുകാരായ കെ.എം.സി. പൂര്‍ത്തിയാക്കേണ്ടതാണ്. അതിന് സര്‍ക്കാര്‍ തുക അനുവദിക്കേണ്ട കാര്യമില്ല. ഒരു മാസത്തിനകം വഴിവിളക്കുകള്‍ കത്തിക്കുമെന്നാണ് അവസാനമായി ദേശീയപാത അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോട്ട ഭാഗത്ത് ചുരുക്കം ചില വിളക്കുകള്‍ മാത്രമാണ് കത്തിച്ചത്. ചിറങ്ങര ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം, കൊരട്ടി ജംഗ്ഷനില്‍ എന്ത് ചെയ്യണമെന്നുവരെ തീരുമാനം ഇനിയും എടുത്തിട്ടില്ല. ചാലക്കുടി കോടതി ജംഗ്ഷന്, പേരാമ്പ്ര പള്ളി ജംഗ്ഷന് എന്നിവിടങ്ങളിലും ഇനിയും ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഇന്ന് മുതലാണ് പുതിയ ടോള്‍ നിരക്ക് നിലവില്‍ വരുന്നത്. ഇത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നാണ് സൂചന.
ഷാലി മുരിങ്ങൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: