കോഴിക്കോട്: ആര്‍എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കഥ കഴിക്കണമെന്ന് സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന് പറഞ്ഞത് കേട്ടെന്ന് സാക്ഷിമൊഴി. കേസിലെ 30-ാം സാക്ഷി കൂവക്കുന്ന് കിഴക്കയില്വീട്ടില് കെ. വത്സനാണ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതി ജഡ്ജി ആര്. നാരായണ പിഷാരടി മുമ്പാകെ കുഞ്ഞനന്തന് പറഞ്ഞത് കേട്ടതായി മൊഴി നല്‍കിയത്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിലെ ചിലര്‍ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തന്റെ വീട്ടില്‍ എത്തുകയും ഇവിടെ വെച്ച് കൊലപാതകത്തെക്കുറിച്ച് ഗൂഢാലോചന നടത്തിയെന്നുമാണ് പ്രോസിക്യൂഷന് കേസ്. “ഇനിയെല്ലാം പറഞ്ഞ പോലെ, ചന്ദ്രശേഖരന്റെ കഥ കഴിക്കണം. ഇനി അവനെ മുന്നോട്ട് വിടരുത്” എന്ന് കൊലപ്പെടുത്തിയ സംഘത്തില്പ്പെട്ടവരോട് കുഞ്ഞനന്തന് പറഞ്ഞത് കേട്ടതായാണ് സാക്ഷി മൊഴി നല്‍കിയത്.
2012 ഏപ്രില്‍ 24ന് രാവിലെ പതിനൊന്നരയോടെ കുഞ്ഞനന്തന്റെ വീടിന് മുമ്പിലൂടെ പോകുമ്പോഴാണ് വീടിന് മുമ്പിലായി ഒരു ചുവന്ന ടാറ്റാ സുമോ നിര്‍ത്തിയിട്ടത് കണ്ടത്. ടാറ്റാ സുമോ ചാരി ഒരാള്‍ നില്ക്കുന്നതും കണ്ടു. അപ്പോള്‍ കൊലയാളി സംഘത്തില്‍പ്പെട്ട ചിലരുമായി ഗേറ്റിനടുത്ത് കുഞ്ഞനന്തന് സംസാരിച്ചു നില്‍ക്കുന്നത് കണ്ടു. കുഞ്ഞനന്തന് പുറമെ കൊടി സുനി, മനോജ് എന്നിവരും പരിചയമില്ലാത്ത രണ്ടുപേരും ഉണ്ടായിരുന്നു. ടാറ്റാ സുമോയില്‍ ചാരിനിന്ന ആള് വായപ്പടച്ചി റഫീഖ് ആണെന്ന് പിന്നീട് മനസ്സിലായി. കെ.എല്‍. 59 ബി 5151 നമ്പറായിരുന്നു ടാറ്റാ സുമോയുടേത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന തനിക്ക് കേള്‍ക്കാന്‍ പറ്റുന്ന ശബ്ദത്തിലാണ് കുഞ്ഞനന്തന് സംസാരിച്ചതെന്നും വത്സന് കോടതി മുമ്പാകെ മൊഴി നല്കി.
ഒന്നാം പ്രതി അനൂപ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, പതിമൂന്നാം പ്രതി കുഞ്ഞനന്തന് എന്നിവരെ സാക്ഷി കോടതി മുറിക്കുള്ളില്‍ തിരിച്ചറിഞ്ഞു. എന്നാല്‍ റഫീഖ്, കൊടി സുനി, മനോജ് എന്നിവരെ തിരിച്ചറിയാന്‍ സാക്ഷിക്കായില്ല.
മത്സ്യവില്‍പ്പനക്കാരനായ താന്‍ എല്ലാ ദിവസവും പാറാട് ഭാഗത്തേക്ക് കുഞ്ഞനന്തന്റെ വീട്ടിന് മുന്നിലൂടെയാണ് തന്റെ മോട്ടോര്‍ സൈക്കിളില്‍ മത്സ്യം വില്ക്കാന് പോവാറ്. എന്നാല്‍ തലേദിവസം മോട്ടോര്‍ സൈക്കിള്‍ കേടായതിനെത്തുടര്‍ന്ന് പാറാട് വര്‍ക്ക്ഷോപ്പില്‍ നന്നാക്കാന്‍ കൊടുത്തതായിരുന്നു. മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ പോകുമ്പോഴാണ് കുഞ്ഞനന്തനും സംഘവും സംസാരിച്ചു നില്‍ക്കുന്നത് കണ്ടതെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസിലെ പ്രതികളായ മറ്റൊരു സി.പി.എം നേതാവ് കെ.സി. രാമചന്ദ്രനും ട്രൗസര്‍ മനോജും കുഞ്ഞനന്തന്റെ വീട്ടിലെത്തിയത് കണ്ടെന്ന് 29-ാം സാക്ഷി കണ്ണങ്കുന്ന് ഇളവിന്റവിട പി. ബാബു മൊഴി നല്കി. 2012 ഏപ്രില്‍ 20ന് രാവിലെ ഏഴേ മുക്കാലോടെയാണ് കുഞ്ഞനന്തന്റെ വീടിന് മുമ്പിലൂടെ പോയത്.
അപ്പോഴാണ് താന്‍ നേരത്തെ പരിചയമുള്ള മനോജനും നേരത്തെ പരിചയമില്ലാതിരുന്ന താടി വച്ച ഒരാളും ബൈക്കില്‍ എത്തിയത്. ഇതില്‍ താടിവെച്ച ആളായിരുന്നു. മനോജന് പിറകലിരിക്കുകയായിരുന്നു. താടിവെച്ച ആള് രാമചന്ദ്രനാണെന്ന് പിന്നീട് മനസ്സിലായി. ഡ്രൈവറായ മനോജനെ പാറാട്ടെ ടൗണില്‍ വച്ചു കാണാറുണ്ടെന്നും വിസ്താരത്തിനിടെ ബാബു വ്യക്തമാക്കി. തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിലേക്കു പോവുന്നതിനിടെയായിരുന്നു താന്‍ ഇവരെ കണ്ടത്. പി.കെ. കുഞ്ഞനന്തന്, കെ.സി. രാമചന്ദ്രന്, മനോജന് എന്നിവരെ സാക്ഷി കോടതി മുറിയില്‍ തിരിച്ചറിഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. കുമാരന്‍കുട്ടിയും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ഗോപാലകൃഷ്ണകുറുപ്പ്, അഡ്വ. പി.വി. ഹരി, അഡ്വ. കെ. വിശ്വന്, അഡ്വ. കെ.എം.രാംദാസ്, അഡ്വ. വിനോദ് എന്നിവരും ഹാജരായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: