ചെന്നൈ: യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് ഡിഎംകെയുടെ മുന്നറിയിപ്പ് .ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കക്കെതിരെയുള്ള അമേരിക്കന്‍ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് ഡിഎംകെയുടെ ഭീഷണിപ്പെടുത്തുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ ചേര്‍ന്ന ഡിഎംകെ യോഗത്തിലാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ തീരുമാനമായത്. എല്‍ടിടിഇക്കെതിരെ ലങ്കന്‍ സൈന്യം നടത്തിയ യുദ്ധത്തില്‍ തമിഴ് വംശജര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് അമേരിക്ക ലങ്കക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത്.
ലങ്കയില്‍ നടന്ന മനുഷ്യക്കുരുതിക്കെതിരെ സ്വതന്ത്രാന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെടണമെന്നും ഡിഎംകെ നിര്‍ദ്ദേശിച്ചു. മനുഷ്യക്കുരുതിക്ക് ഉത്തരവാദികളായവരെ കണ്ടെത്താനും ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും സഹായകമായ വിധിത്തില്‍ അമേരിക്ക അവതരിപ്പിക്കുന്ന പ്രമേയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമം നടത്തണം. സ്വതന്ത്രാന്വേഷണം നടത്തി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ യുപിഎയില്‍ തുടരുന്നത് അര്‍ത്ഥ ശൂന്യമാണെന്നും ഡിഎംകെ പ്രസ്താവനയില്‍ വ്യക്തമാക്കി.
യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ലോക്സഭയില്‍ പതിനെട്ട് അംഗങ്ങളുള്ള ഡിഎംകെയുടെനിലപാട് നിര്‍ണ്ണായകമാണ്. എസ്പിയും ബിഎസ്പിയും പുറമേ നിന്ന് സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ പല നയങ്ങളിലും ശക്തമായ വിയോജിപ്പുള്ളവരാണ് ഇരുവരും. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ഡിഎംകെ കടുത്ത തീരുമാനമെടുത്താല്‍ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തിയ ശ്രീലങ്കക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഡിഎംകെ പ്രശ്നത്തില്‍ ഗൗരവകരമായ ഇടപെടല്‍ നടത്തുന്നത്. ശ്രീലങ്കക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്ന കാര്യം ടിആര്‍.ബാലു എംപിയും ലോക്സഭയുടെശ്രദ്ധയില്പ്പെടുത്തിയിരുന്നു.
എല്‍ടിടിഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്റെ മകന് ബാലചന്ദ്രനെ ലങ്കന്‍സൈന്യം കസ്റ്റഡിയിലെടുത്ത് വെടിവച്ച് കൊല്ലുകയായിരുന്നെന്ന പുതിയ വെളിപ്പെടുത്തല്‍ തമിഴ്നാട്ടില്‍ ലങ്കന്വിരുദ്ധ വികാരം ശക്തമാക്കിയിട്ടുണ്ട്. പന്ത്രണ്ട് വയസ് മാത്രമുള്ള ബാലചന്ദ്രനെ സൈന്യം വധിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ‘നോ വാര്‍സോണ്‍-ദി കില്ലിംഗ് ഫീല്ഡ്സ് ഓഫ് ശ്രീലങ്ക’ എന്ന ഡോക്യുമെന്ററിയിലിലൂടെ പുറത്ത് വിട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. ബ്രിട്ടന് ആസ്ഥാനമായുള്ള ചാനല്‍ ഫോര്ടെലിവിഷന് വേണ്ടി കല്ലം മാക്റെയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: