വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്റ് പരാജയത്തിലേക്ക് നീങ്ങുന്നു. ആദ്യ ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ ചെയ്യപ്പെട്ട ന്യൂസിലാന്റ് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. 41 റണ്‍സുമായി ഫുള്‍ടണും 16 റണ്‍സുമായി വില്ല്യംസണുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 465 റണ്‍സിനെതിരെ ന്യൂസിലാന്റ് ഒന്നാം ഇന്നിംഗ്സില്‍ 254 റണ്‍സിന് ഒാള് ഔട്ടായി. ഇതോടെ 211 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലാന്റ് ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ബ്രോഡാണ് ന്യൂസിലാന്റിനെ തകര്‍ത്തത്.
66ന് മൂന്ന് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാന്റിന് മികച്ച സ്കോര്‍ നേടിക്കൊടുക്കാന്‍ വില്ല്യംസണിനും ബ്രൗണ്ലീക്കും കഴിഞ്ഞില്ല. സ്കോര്‍ 85-ല്‍ എത്തിയപ്പോള്‍ വില്ല്യംസണ് വീണു. 42 റണ്‍സെടുത്ത വില്ല്യംസണെ ബ്രോഡ് സ്വന്തം ബൗളിംഗില്‍ പിടികൂടി. സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത ബ്രൗണ്‍ലിയും മടങ്ങി. ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ബ്രൗണ്‍ലി മടങ്ങിയത്. തുടര്‍ന്ന് ഒത്തുചേര്‍ന്ന മക്കല്ലവും വാറ്റ്ലിംഗും ചേര്‍ന്ന് വന്‍ തകര്‍ച്ചയില്‍ നിന്ന് ന്യൂസിലാന്റിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 189-ല്‍ എത്തിയപ്പോള്‍ 69 റണ്‍സെടുത്ത മക്കല്ലത്തെ ഫിന്നിന്റെ പന്തില്‍ ട്രോട്ട് പിടികൂടി. തൊട്ടുപിന്നാലെ മൂന്ന് റണ്‍സെടുത്ത സൗത്തിയും മടങ്ങി. ഫിന്നിന്റെ പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കിയാണ് സൗത്തി മടങ്ങിയത്. സ്കോര്‍ 239-ല്‍ എത്തിയപ്പോള്‍ 60 റണ്‍സെടുത്ത വാറ്റ്ലിംഗിനെ ബ്രോഡ് പ്രയറിന്റെ കൈകളിലെത്തിച്ചു. പിന്നീട് മാര്ട്ടിന് (21 നോട്ടൗട്ട്) ഒറ്റക്ക് പൊരുതിയെങ്കിലും വാഗ്നറും (0), ബൗള്‍ട്ടും (2) മടങ്ങിയതോടെ കിവീസ് ഇന്നിംഗ്സ് 254-ല്‍ അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ ബ്രോഡിന് പിന്നാലെ ആന്‍ഡേഴ്സണും ഫിന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
211 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണിന് അയക്കപ്പെട്ട ന്യൂസിലാന്റിന് രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്കായില്ല. സ്കോര്‍ 25-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ പനേസര്‍ ബെല്ലിന്റെ കൈകളിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: