കാസര്‍കോട്: ബേക്കല്‍ ടൂറിസത്തിന്റെ മറവില്‍ റിസോര്‍ട്ട് മാഫിയകള്‍ നടത്തുന്ന പകല്‍ക്കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിയര്‍ ലൈസന്‍സിന്റെ മറവില്‍ ഉദുമ ബേവൂരിയിലെ ലളിത് റിസോര്‍ട്ട് അനധികൃതമായി ബാര്‍ നടത്തി വെട്ടിക്കുന്നത് ലക്ഷങ്ങള്‍. ബാര്‍ ലൈസന്‍സിന് വര്‍ഷത്തില്‍ 22 ലക്ഷം രൂപയാണ് എക്സൈസ് വകുപ്പിന് നല്‍കേണ്ടത്. ബിയര്‍ ലൈസന്‍സിന് ഇത് നാലുലക്ഷവും. 2011 ഡിസംബര്‍ 22നാണ് ലളിത് റിസോര്‍ട്ടിന് ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഈ ലൈസന്‍സിന്റെ മറവില്‍ അനധികൃതമായി ബാര്‍ നടത്തി ലക്ഷങ്ങളാണ് സര്‍ക്കാറില്‍ നിന്നും ലളിത് വെട്ടിക്കുന്നത്.
ലളിത് റിസോര്‍ട്ട് ബാര്‍ നടത്തുന്നുണ്ടെന്നതിന് തെളിവ് ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റേയും (ബിആര്‍ഡിസി) ലളിതിന്റെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ തന്നെയാണ്. സ്വിമ്മിംഗ്പൂളിന് തൊട്ടടുത്തായിട്ട് ബാറും റൂമുകളില്‍ മിനിബാറുകളും പ്രവര്‍ത്തിക്കുന്നുവെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. വില്ല, ഡിലക്സ്, ലക്ഷ്വറി, സ്പാ എന്നിങ്ങനെ തരം തിരിച്ചിട്ടുള്ള പഞ്ചനക്ഷത്ര റൂമുകളിലെ പ്രധാന സേവനങ്ങളിലൊന്നായി വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നതും മിനി ബാറുകളാണ്. വിദേശമദ്യം, കോക്ടെയില്‍, മോക്ടെയില്‍ എന്നിവ ലഭ്യമാണെന്നും വെബ്സൈറ്റ് വിശദീകരിക്കുന്നു. എന്നാല്‍ പകല്‍ വെളിച്ചത്തില്‍ ലളിത് നടത്തുന്ന കൊള്ള കണ്ടില്ലെന്ന് നടിക്കുകയാണ് എക്സൈസ് അധികൃതര്‍.
കെട്ടിട നികുതി, വസ്തുനികുതി എന്നിവ ഈടാക്കുന്നതിനായി റിസോര്‍ട്ടുകളുടെ തറ വിസ്തീര്‍ണ്ണം സംബന്ധിച്ച് റവന്യുവകുപ്പും പഞ്ചായത്തും ശേഖരിച്ച കണക്കുകളിലും വൈരുദ്ധ്യമുണ്ട്. ലളിത് റിസോര്‍ട്ടിനെ സംബന്ധിച്ച് റവന്യുവകുപ്പ് നല്കുന്ന കണക്ക് 9970.32 മീറ്റര്‍ സ്ക്വയര്‍ ആണെങ്കില്‍ പഞ്ചായത്തില്‍ ഇത് 9500 മീറ്റര്‍ സ്ക്വയറില്‍ താഴെയാണ്.
ഉദുമ പഞ്ചായത്തിലെ തന്നെ താജ് റിസോര്‍ട്ടിന്റെ തറ വിസ്തീര്‍ണ്ണം പഞ്ചായത്ത് കണക്കില്‍ 17267.75 മീറ്റര്‍ സ്ക്വയറും റവന്യുവകുപ്പില്‍ 16966.16 മീറ്റര്‍ സ്ക്വയറുമാണ്. പഞ്ചായത്തിന് സമര്‍പ്പിച്ച പ്ലാന്‍ അനുസരിച്ചല്ല റിസോര്‍ട്ടുകള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതെന്ന സൂചനയാണിത് നല്‍കുന്നത്. ലളിതിന് 19ഉം താജിന് 27ഉം കെട്ടിട നമ്പറുകളാണ് ഉദുമ പഞ്ചായത്തില്‍ നിന്നും നല്‍കിയിട്ടുള്ളത്. എന്നാല്‍ ബിആര്‍ഡിസിയുടെ വെബ്സൈറ്റ് പ്രകാരം താജില്‍ 71ഉം ലളിതില്‍ 37ഉം റൂമുകളാണുള്ളത്. റിസോര്‍ട്ടുകള്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ അനധികൃത നിര്‍മ്മാണം നടത്തിയെന്ന സംശയത്തെ ബലപ്പെടുത്തുകയാണ് ഈ വലിയ അന്തരം. മാലിന്യ സംസ്കരണം സംബന്ധിച്ച് താജ് റിസോര്‍ട്ടിനെതിരായ നടപടിയും പഞ്ചായത്ത് വൈകിക്കുകയാണ്. കടലോരത്ത് മാലിന്യം തള്ളുന്ന താജിനെതിരെ നാട്ടുകാര്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും പഞ്ചായത്ത് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റിസോര്‍ട്ടില്‍ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തി. എന്നാല്‍ ഇതിന് തുടര്‍ നടപടികളുണ്ടായില്ല.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: