തലമുറകളുടെ പാരമ്പര്യമുള്ള അതികായര്‍ നിറഞ്ഞ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ ആര് എന്താകണമെന്നും കാര്യങ്ങള്‍ എങ്ങനെയാകണമെന്നും തീരുമാനിക്കുന്നത് മാഡം സോണിയ. പ്രഗത്ഭരും വാഗ്മികളും ഏറെയുണ്ടായിട്ടും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനും ഉരുളക്ക് ഉപ്പേരി പോലെ മറുപടി നല്‍കാനും പാര്‍ലമെന്റില്‍ സുഷമാജിയുണ്ടായിരിക്കണം. ദല്‍ഹിയില്‍ ഷീലാദീക്ഷിത്, പശ്ചിമബംഗാളില്‍ മമതാദീദി, തമിഴ്‌നാട്ടില്‍ പുരൈട്ചി തലൈവി, ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പേടി സ്വപ്നമായി മായാവതി. ആരു പറഞ്ഞു ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ സ്ത്രീകള്‍ക്ക് പങ്കില്ലെന്ന്. അഥവാ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കേരളത്തിലെ കാര്യം കണ്ടിട്ടാകണം. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യതയുള്ള ഒരു സ്ത്രീജന്‍മം ഇവിടെ ഉണ്ടായിട്ടേയില്ലെന്നാണ് ചരിത്രം പറയുന്നത്. കസേര വാഗ്ദാനം നല്‍കി ഗൗരിയമ്മയെ മോഹിപ്പിച്ചെങ്കിലും അതും നടന്നില്ല. ഇടയ്‌ക്ക് സുശീലാ ഗോപാലനും ഈ കസേരയ്‌ക്കടുത്ത് എത്തിയെങ്കിലും അതും തട്ടിത്തെറിപ്പിക്കപ്പെട്ടു. ഇപ്പോള്‍ മന്ത്രിസഭയില്‍ മരുന്നിന് പി.കെ. ജയലക്ഷ്മിയെന്ന വനിതയുണ്ട്. ആയമ്മ ആകെ സംസാരിക്കുന്നത് വയനാട്ടിലെ അമ്പെയ്‌ത്തിനെക്കുറിച്ചും ഊരുകളിലെ ആണ്ടുചടങ്ങുകളെക്കുറിച്ചും മാത്രം. സാക്ഷരകേരളത്തില്‍ പെണ്ണുങ്ങളില്ലേ എന്ന് ചിന്തിക്കാന്‍ വരട്ടെ.
ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് പൊട്ടിച്ച വെടിയും പുകയുമായിരുന്നു കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി കേരളത്തില്‍. മന്ത്രി ഗണേഷ് കുമാറിന്റെ അവിഹിത ബന്ധം കാരണം മന്ത്രിസഭയിലെ മറ്റ് മാന്യന്‍മാര്‍ക്ക് പേരുദോഷം കേള്‍ക്കരുതെന്ന് ആത്മാര്‍ത്ഥമായി പി.സി.ജോര്‍ജ്ജ് ആഗ്രഹിച്ചുപോയെങ്കില്‍ തെറ്റ് പറയുന്നതെങ്ങനെ. പി.സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായ ഗണേഷ് കുമാര്‍ ഉയര്‍ത്തിയ രാജി ഭീഷണിയില്‍ യുഡിഎഫ് ഒന്നു പകച്ചു. ആ അന്ധാളിപ്പ് മാറ്റി കക്ഷികളെ സമാധാനപ്പെടുത്താന്‍ സാധിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോടെങ്കിലും നന്ദി പറയുന്നുവെങ്കില്‍ അത് ഗണേഷിന്റെ ഭാര്യ യാമിനിയോടായിരിക്കണം.
അതെ ഡോ. യാമിനി തങ്കച്ചിയായിരുന്നു പോയ വാരത്തിലെ താരം. മന്ത്രിയായ ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്ന പരാതിയുമായി മുഖ്യമന്ത്രിയെ കാണാന്‍ പോയ യാമിനി നിലപാടില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ കാര്യങ്ങളുടെ ഗതി ഇങ്ങനെയാകുമായിരുന്നില്ല. ഗാര്‍ഹികപീഡനനിയമപ്രകാരം ഗണേഷിനെതിരെ പരാതി നല്‍കാനിറങ്ങിയ യാമിനിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവര്‍ക്കു മുമ്പിലെത്തി. പഴയ പ്രൗഢിയും വീര്യവും നഷ്ടമായി ആരും ഗൗനിക്കാതെ വിട്ട ആര്‍.ബാലകൃഷ്ണപിള്ളയുടെ വാക്കുകള്‍ പോലും കക്ഷിനേതാക്കള്‍ക്ക് നിര്‍ണ്ണായകമായി. അനുനയത്തിനായി പിള്ളക്കും മകനും യാമിനിയുടെ മുന്നില്‍ അടിയറവ് പറയേണ്ടിയും വന്നു. എല്ലാ അഭിപ്രായഭിന്നതകളും മറന്ന് അച്ഛനും മകനും തത്ക്കാലത്തേക്ക് ഒറ്റക്കെട്ടായി. രാഷ്‌ട്രീയക്കാരിയല്ലാതിരുന്നിട്ടും യാമിനിയുടെ നിലപാടുകള്‍ കേരളരാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായകമായി.
മകനെ മന്ത്രിസ്ഥാനത്ത് നിന്ന് ഇറക്കാന്‍ രാപ്പകല്‍ പാടുപെട്ടിരുന്ന പിള്ള മലക്കം മറഞ്ഞു. അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടെന്ന് പറയുന്നവര്‍ക്കാണ് പ്രശ്നമെന്നായി അദ്ദേഹം. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പിന്നെ പി.പി. തങ്കച്ചനും കാലങ്ങളായി ശ്രമിച്ചിട്ടും നടക്കാത്ത യോജിപ്പിലായി കേരള കോണ്‍ഗ്രസ് ബിയിലെ അച്ഛനും മകനും. എല്ലാത്തിനും പിന്നില്‍ യാമിനിയായിരുന്നു. യാമിനി നിലപാട് മാറ്റിയപ്പോള്‍ ഗണേഷിന് കാമുകിയുടെ ഭര്‍ത്താവിന്റെ തല്ല് കിട്ടിയെന്ന് പറഞ്ഞ പി.സി.ജോര്‍ജ്ജ് ഇളിഭ്യനായി. എനിക്കാരും പരാതി തന്നിട്ടില്ലെന്നും ഞാനൊട്ട് ആരെയും കണ്ടിട്ടില്ലെന്നുമായി മുഖ്യന്‍.
യാമിനി തങ്കച്ചി വാര്‍ത്താസമ്മേളനം നടത്തിയില്ല, പ്രമുഖ ചാനലുകള്‍ ആഞ്ഞ് ശ്രമിച്ചിട്ടും ഒറ്റ ഷോട്ടിനായിപ്പോലും മുഖം നല്‍കിയില്ല. ആര്‍ക്കും എക്സ്ക്ലൊാസെവും ലഭിച്ചില്ല. വിളിക്കേണ്ടവര്‍ അവരെ വിളിച്ചു. കാണേണ്ടവര്‍ കണ്ടു. നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളുമറിഞ്ഞ് നിലപാടെടുത്തു. വര്‍ഷങ്ങളായി സഹിക്കുന്നെന്ന് പറയപ്പെടുന്ന ദാമ്പത്യദുരിതത്തില്‍ നിന്ന് ഇറങ്ങിനടക്കാന്‍ വീണ്ടും തീരുമാനിച്ചു. ഒപ്പം പ്രശ്നങ്ങളില്ലാതെ യുഡിഎഫിനെ സംരക്ഷിച്ചു. ചുരുക്കത്തില്‍ കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടാതെ യാമിനി തങ്കച്ചി ഓര്‍മ്മിക്കപ്പെടും.
കുടുംബപ്രശ്നങ്ങള്‍ ചാനലുകളും നാട്ടുകാരും ചര്‍ച്ച ചെയ്തതില്‍ അവര്‍ക്ക് വേദനയുണ്ടാകാം. മന്ത്രിയെന്ന നിലയില്‍ ഭര്‍ത്താവെന്ന നിലയില്‍ അതിന് ഉത്തരം നല്‍കേണ്ടത് ഗണേഷ് കുമാറാണ്. അഞ്ച് കോടിയിലേറെ സ്വന്തമാക്കിയാണ് യാമിനിയുടെ വിട്ടുവീഴ്ചയെന്ന റിപ്പോര്‍ട്ടുകള്‍ വേറെയുണ്ട്. എങ്കിലും ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെച്ചൊല്ലി വിവാദം കത്തിപ്പടര്‍ന്നപ്പോഴും ഒരു വാക്കു പോലും യാമിനി പുറത്തൊരാളോടും പറഞ്ഞതായി കേട്ടില്ല. മാധ്യമങ്ങളും നാട്ടുകാരും കുടുംബക്കഥ പാടി നടന്നപ്പോഴും പ്രതികരിച്ചില്ല. പക്ഷേ അഭിമാനം മുറിഞ്ഞ സ്ത്രീയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു, ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഇരയായി ഇരുന്നു കൊടുക്കാതെ തന്നെ. അതിനവരെ അഭിനന്ദിക്കാം. യാമിനി തങ്കച്ചിയുടെ രാഷ്‌ട്രീയമേതെന്ന് അറിയില്ല. പക്ഷേ ഏത് രാഷ്‌ട്രീയമായിരുന്നാലും പ്രതിസന്ധികളില്ലാതെ യുഡിഎഫ് സര്‍ക്കാരിനെ അവര്‍ കരകയറ്റി, ഒരു കയ്യൊപ്പ് മാറ്റി വച്ച്.
രതി .എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: