പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ പുതൂര്‍ അരളിക്കോണയിലെ മുളവെട്ടും ഷോളയൂര്‍ എസ്റ്റേറ്റുകളിലെ മരംമുറിയും ?വിവാദമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചുവെങ്കിലും അട്ടപ്പാടിയില്‍ കേരള-തമിഴ്നാട് അതിര്‍ത്തി ഉള്‍പ്പെടെ വിവിധസ്ഥലങ്ങളില്‍ വീണ്ടും വനംകൊള്ള വ്യാപകമാവുന്നു.
കിണ്ണക്കര ഭാഗത്തെ തേയില എസ്റ്റേറ്റുകളില്‍ മരംമുറിക്കുന്നതിന്റെ മറവില്‍ നിബിഡവനത്തില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. ഏതാണ്ട് 50 ഏക്കര്‍ സ്ഥലത്തെ മരങ്ങളാണ് മുറിച്ചുമാറ്റി തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തെ മില്ലുകളിലേക്ക് കടത്തിയിട്ടുള്ളത്. റവന്യൂ-ഫോറസ്റ്റ് അധികൃതരുടെ ഒത്താശയോടെയാണ് വനംകൊള്ള നടക്കുന്നതെന്ന് ആരോപണം ഉണ്ടായതിനെ തുടര്‍ന്നാണ് പ്രശ്നം വിവാദമായത്.
മണ്ണാര്‍ക്കാട് എംഎല്‍എ ആയിരുന്ന ജോസ് ബേബിയുടെ സബ്മിഷനെ തുടര്‍ന്ന് വിഷയം നിയമസഭയില്‍ ചര്‍ച്ചയാവുകയും തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ നിയമസഭാസമിതിയെ ഇവിടേക്ക് അയക്കുകയും ചെയ്തിരുന്നു. ജോണി നെല്ലൂര്‍ എംഎല്‍എയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഇവിടെ ഫോറസ്റ്റ് ഒ.പി. (ഔട്ട് പോസ്റ്റ്) ആരംഭിച്ചു.
പശ്ചിമഘട്ടനിരകളിലെ നീലഗിരി കുന്നുകളില്‍ നടക്കുന്ന വനനശീകരണം ഇനിയും തുടര്‍ന്നാല്‍ കേരളത്തിലേയും തമിഴ്നാട്ടിലേയും ആവാസ വ്യവസ്ഥയെതന്നെ തകിടംമറിക്കും. ഇപ്പോള്‍തന്നെ ലോഡുകണക്കിന് മരങ്ങളാണ് മുറിച്ചു കടത്തിയിട്ടുള്ളത്. പുതൂര്‍ അരളിക്കോണം മലയിലെ മുളവെട്ട് നിര്‍ത്തിവെച്ചുവെങ്കിലും ആഴ്ചകള്‍ക്ക് ശേഷം വെട്ടിയിട്ട മുളകള്‍ കടത്തുവാന്‍ ശ്രമമുണ്ടായി. ?മുളവണ്ടി? പുതൂരിലും അഗളിയിലും പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് ഈ ശ്രമം ഉപേക്ഷിച്ചത്.
എന്നാല്‍ മുള കടത്തിയ വണ്ടികളും വനംമേഖലയില്‍ നിയമം ലംഘിച്ച് പ്രവേശിപ്പിക്കപ്പെട്ട ?ജെ.സി.ബിയും ?ഹിറ്റാച്ചിയും പിടിച്ചെടുക്കുവാനും സെയിലന്റ്വാലി വനമേഖലയിലെ കരുതല്വനത്തില് നിയമം ലംഘിച്ച് ?സ്ഫോടനം? നടത്തിയതിനെതിരെ കേസെടുക്കുവാനും അധികൃതര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും നാട്ടുകാര്‍ ആക്ഷേപിച്ചു. ~ഒരുകാലത്ത് ചന്ദനക്കാടുകളായിരുന്ന അട്ടപ്പാടി വനങ്ങളിലെ ചന്ദനമരങ്ങള്‍ വനംകൊള്ളയെ തുടര്‍ന്നാണ് നാമാവശേഷമായത്.
ചന്ദനമരങ്ങള്‍ ശേഷിച്ചത് മറയൂരിനേക്കാള് വിശിഷ്ടമായ പുതൂരിലെ മല്ലികത്തോട്ടം വനത്തിലായിരുന്നു. ലക്ഷക്കണക്കിന് മരങ്ങളാണ് ഇവിടുത്തെ വനം കൊള്ളയില്‍ ഇല്ലാതായിരിക്കുന്നത്. പ്രകൃതിയുടെ വരദാനമായ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചന്ദനക്കാടുകള്‍ വേരോടെ ഇല്ലാതാക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഒരു വിഭാഗം. വനം സംരക്ഷിക്കേണ്ട വനപാലകര്‍ തന്നെയാണ് ഈ മരംമുറിക്കു പിന്നിലെന്നും ആരോപണമുണ്ട്.
പുതൂരില്‍ മല്ലികത്തോട്ടം കൂടാതെ, മൂലക്കൊമ്പ്, നരസിമുക്ക്, പരപ്പന്തുറ, മുള്ളി എന്നിവിടങ്ങളിലും പുതൂര്‍ പഞ്ചായത്തിന് പുറത്ത് ഷോളയൂരിലുമാണ് ചന്ദനം കടത്ത് വ്യാപകമാകുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: