വൈദാന്തികശാസ്ത്രത്തില്‍ ജീവാത്മാവെന്നോ പരമാത്മാവെന്നോ ഉള്ള സാങ്കേതികപദത്താല്‍ നിര്‍ദ്ദിഷ്ടമായ ഈ സ്വയംപ്രകാശാത്മകവസ്തുവാണ് ഓരോ വ്യക്തിയിലുമുള്ള സകല ശക്തിയുടെയും തേജസ്സിന്റെയും മൂലാധാരമെന്നതാണ് പരമമായ സത്യം. ഈ ആത്മാവാണ്, അതിന്റെ ദിവ്യസാന്നിധ്യമാത്രത്താല്, അഥവാ അതിന്റെ പ്രചോദനാത്മകമായ സ്പര്‍ശത്താല്‍ ഇളംചൂടേകി നമ്മുടെ ഭൗതികഘടനയില്‍ നാഡിമിടിപ്പുണ്ടാക്കുന്നതും ബാഹ്യപദാര്‍ത്ഥ ലോകത്തെ ദര്‍ശിക്കാനുള്ള കഴിവ് അതിനേകുന്നതും. ഈ ജീവാത്മാവിന്റെ പ്രകാശത്താലാണ് നമ്മുടെ മനസ്സിന്റെ ത്രിവിധാവസ്ഥകളെയും ഓരോ അവസരത്തിലും അവിടെയുണ്ടാവുന്ന വിചാരങ്ങളുടെ ഗുണത്തേയുംപറ്റി നാം ബോധവാന്മാരാകുന്നത്. ആത്മസാന്നിധ്യത്തിന്റെ ഈ ഉജ്വലപ്രകാശത്താലാണ് ബുദ്ധിപരങ്ങളായ നമ്മുടെ ആശയങ്ങളെപ്പറ്റിയുള്ള സുസ്പഷ്ട സ്മരണയോടുകൂടി ജീവിക്കാന്‍ നാം പ്രാപ്തരായിരിക്കുന്നത്.
സമുദ്രത്തിലെ തരംഗമാലകളെയും ഹൈമവതശൃംഗങ്ങളെയും വിസ്തൃത മൈതാനസ്ഥലങ്ങളെയും പ്രകാശിപ്പിക്കുന്ന സൂര്യന് പ്രകാശിപ്പിക്കപ്പെടുന്ന ആ മൂന്ന് വസ്തുക്കളില്‍ ഭിന്നമായ മറ്റൊന്നാണെന്നത് നിസ്തര്‍ക്കമാണല്ലോ. പ്രകാശിത വസ്തുക്കളില്‍ നിന്ന് പ്രകാശവസ്തു എപ്പോഴും ഭിന്നമാണെന്നത് അനിഷേധ്യമായ ഒരു നിയമമാണ്. അതുപോലെ, ബാഹ്യലോകത്തെയോ ശരീരത്തെയോ മനസ്സിനെയോ ബുദ്ധിയേയോ പറ്റി നമ്മെ ബോധവാന്മാരാക്കുന്ന ആ ധാരണയ്ക്ക് വിജ്ഞാനശക്തിയ്ക്ക് തീര്‍ച്ചയായും പരാനപേക്ഷവും സ്വന്ത്രവുമായ ഒരു നിലനില്‍പ്പ് ഉണ്ടായിരിക്കുകതന്നെ വേണം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: