കുറച്ചുനാള്‍ മുമ്പാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് സക്കറിയ നമ്മുടെ ബുദ്ധി ജീവികളെക്കൊണ്ട് എന്തു പ്രയോജനമെന്ന ഗൗരവമായ ആലോചനക്കു മുതിര്‍ന്നത്.
വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സക്കറിയയുടെ ആലോചനക്ക് ഇന്നും പ്രസക്തിയുണ്ടെന്നാണ് സമകാലീന സാമൂഹ്യ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. അത്തരമൊരു തിരിച്ചറിവിനെ നാം ബോധപൂര്‍വം നിരാകരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഒ.വി.വിജയനെന്ന എഴുത്തുകാരനെ ഗൗരവ ക്കാരനായ ഒരു വായനക്കാരനും അവഗണിക്കാനാവില്ല. ഖസാക്കിന്റെ ഇതിഹാസം പോലൊരു നോവല്‍ എഴുതി എന്നതുതന്നെയാണ് വിജയനെന്ന എഴുത്തുകാരന്റെ എഴുത്തു ജീവിതത്തിലെ സുകൃതം. ഒരുകാലത്തും ഈ നോവലിനെ വായിക്കാതിരിക്കാനാവില്ല.
നേരമ്പോക്കു മാത്രമായി കണ്ടിരുന്ന കാര്‍ട്ടൂണിനെ ദാര്‍ശനിക തലത്തിലേക്ക്വിവര്ത്തനം ചെയ്തത് വിജയന്റെ ‘ഇത്തിരി നേരം പോക്ക് ഇത്തിരി ദര്‍ശനവും’ ജി.അരവിന്ദന്റെ ‘ചെറിയ മനുഷ്യനും വലിയ ലോകവും’ ആണ്.
ഏതൊരു വിദ്യാലയാന്തരീക്ഷത്തിലും നടക്കേ ണ്ടത് സാംസ്കാരികവും ജ്ഞാന പൂര്‍ണവുമായ യജ്ഞങ്ങളാണ്. അല്ലാതെ വര്‍ഗ്ഗീയ ചേരി തിരിവുകളല്ല. വിജയന് ഏതു മതത്തെ പ്രതിനിധീകരിക്കുന്ന ആളുമായിക്കൊള്ളട്ടെ. പക്ഷേ അദ്ദേഹം ഒരെഴുത്തു കാരനെന്ന നിലക്ക് സമൂഹത്തിന്റെ പൊതുസ്വത്താണ്.
കാരണം ‘ഖസാക്കിന്റെ ഇതിഹാസം’ വായിക്കുമ്പോള്‍ വിജയനെന്ന എഴുത്തുകാരന് ആദരവോടെ മറ്റൊരു സമുദായത്തെക്കൂടെ പരിഗണിക്കുന്നുണ്ടെന്ന് സ്പഷ്ടമാകും. അള്ളാപ്പിച്ചാ മൊല്ലാക്കയെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചിരുന്നത് നിഷ്കളങ്കമായ സ്നേഹത്തിന്റെയും ആദരവിന്റെയും അകമ്പടിയോടെയാണ്. നമ്മുടെ മലിനമായ രാഷ്ട്രീയ പരിസരങ്ങളെ അവ അര്‍ഹിക്കുന്ന ഭാഷയില്‍തന്നെ വിജയന് ‘ധര്‍മ്മപുരാണം’ എന്ന നോവലില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
കോട്ടക്കലില്‍ ഒ.വി.വിജയന്റെ പ്രതിമക്കു നേരേ ഉണ്ടായ ആക്രമണത്തിനു സമാനമായി, മലയാള ഭാഷയുടെ പിതാവെന്നു വിശേഷിപ്പിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമക്കു നേരേയും കയ്യേറ്റമുണ്ടായതോര്ക്കുന്നു.
പക്ഷേ എന്നെപ്പോലുള്ള നിഷ്പക്ഷരെ വിസ്മയപ്പെടുത്തുന്നത് സമൂഹത്തിന്റെ നാവുകളായ ബുദ്ധി ജീവികളുടെ ബോധപൂര്‍വമായ ഉറക്കം നടിക്കലാണ്. പ്രതികരണം ആവശ്യമായ വിഷയങ്ങളില്‍ നിശ്ശബ്ദരാകുകയും പ്രതികരണം ആവശ്യമില്ലാത്ത വിഷയങ്ങളില്‍ അമിതതാല്പര്യം കാണിക്കുകയും ചെയ്യുന്നത് അത്ഭുതകരമാണ്.
നമ്മുടെ ബുദ്ധിജീവികള്‍ ഇപ്പോഴും സ്ഥാനമാനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും പിറകേ നടക്കുകയാണ്. വ്യക്തിപരമായ ലാഭങ്ങളെക്കുറിച്ചു മാത്രമാണവര്‍ ചിന്തിക്കുന്നത്. ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ അപഥസഞ്ചാരങ്ങളൊന്നും അവര്‍ക്കു വിഷയമേ ആകില്ല. അക്കാദമിയില്‍നിന്നു കുടിയിറക്കപ്പെട്ട ഒരു നിരൂപകനു തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം നിഴല്‍ മാത്രമേ കൂട്ടുണ്ടായിരുന്നുള്ളു. അദ്ദേഹം നടത്തിയ ഒറ്റയാള്‍ സമരം വിജയചക്രവാളം ദര്‍ശിച്ചുവോ എന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്.
ഇവിടെയൊക്കെ പൂരണമാകാന് ഉചിതം കാവാലം നാരായണപ്പണിക്കരുടെ പ്രശസ്തമായ നാടകത്തിന്റെ ‘അവനവന് കടമ്പ’ എന്ന പേര് തന്നെ. നമ്മുടെ ബുദ്ധിജീവികളുടെ ചെയ്തികളെ വിശേഷിപ്പിക്കുവാന്‍ ഇത്രയും ഉചിതമായ വേറൊരു വാക്കില്ല.
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വരെ കാലികമായ വിഷയങ്ങളോട് പുലര്‍ത്തുന്ന അറപ്പും വെറുപ്പും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ നിലനിര്‍ത്തേണ്ടുന്ന നിയോഗങ്ങളോടുള്ള നിഷേധങ്ങളാണ്. കാലഹരണപ്പെട്ട വിഷയങ്ങളെ പുതിയ ചമയങ്ങളില്‍ അവതരിപ്പിക്കുകയാണ് നിലവാരമുണ്ടെന്ന് നടിക്കുന്ന മലബാറിന്റെ അഭിമാനമെന്ന് വിശ്വസിപ്പിക്കുന്ന ആഴ്ചപ്പതിപ്പ് വരെ…
അതുകൊണ്ടാണ് സമകാലിക സാംസ്ക്കാരിക രംഗം വന്ധ്യതയുടെ വിരസതയിലാണെന്ന് പറഞ്ഞ് സാനുമാഷിനെ പോലുള്ളവര്‍ക്ക് ലേഖനം എഴുതേണ്ടിവരുന്നത്. ഒരു നാടിന്റെ ജീര്‍ണതയ്ക്ക് നേരെ പൊരുതേണ്ടത് ആ നാട്ടിലെ ജനങ്ങളല്ല, ആ നാട്ടിലെ സാംസ്ക്കാരിക പ്രവര്‍ത്തകരാണ്. നമ്മുടെയൊക്കെ വീട്ടുമുറികളിലെ ടിവിയില്‍ വരെ ഹിംസയ്ക്കായുള്ള ആഹ്വാനങ്ങളില്‍ പ്രധാനങ്ങളായ പരിപാടികളാണ് കാഴ്ചകളായി വരുന്നത്. പത്രങ്ങളൊക്കെ ഒരുകാലത്ത് നിറവേറ്റിയിരുന്ന സാമൂഹ്യപ്രതിബദ്ധതയുണ്ട്. ഇപ്പോള്‍ നാട്ടിലെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിനെക്കുറിച്ച് വാര്‍ത്ത കൊടുക്കണമെങ്കില്‍പോലും പത്രക്കാരന്റെ കീശനിറയ്ക്കണം.
മലയാളത്തില്‍ കൊടികുത്തിവാഴുന്ന പത്രങ്ങളുടെ സ്വഭാവമാണിത്.മൂല്യച്യുതിയില്പ്പെടാത്ത എന്താണ് നമുക്കുള്ളത്? രാഷ്ട്രീയം, സിനിമ, സാഹിത്യം, മാധ്യമം, വിദ്യാഭ്യാസം, ഭരണം, നിയമം, ആതുരം, കുടുംബം, ആത്മീയത അങ്ങനെ എല്ലാ രംഗത്തും ആരോഗ്യകരമായ ചിന്തയോടെയുള്ള സംസ്ക്കരണം ആവശ്യമാണ്. അതിനായുള്ള കൂട്ടായ്മകളും സൃഷ്ടിക്കേണ്ടതുണ്ട്.
നമ്മില്‍ പെട്ടവന് മുറിവേല്ക്കുമ്പോഴും ജീവഹാനി സംഭവിക്കുമ്പോഴും മാത്രം ഉണരുകയും ജാഗ്രതയുള്ളവരാകുകയും അല്ലാത്തപ്പോഴൊക്കെ അര്‍ത്ഥപൂര്‍ണമല്ലാത്ത മൗനത്തെ ആചരിക്കുകയും ചെയ്യുന്നത് ഒരര്‍ത്ഥത്തിലും ആശ്വാസകരമല്ല. മുഹമ്മദും കൃഷ്ണനും ആന്റപ്പനും തോളില്‍ കയ്യിട്ട് കഴിഞ്ഞിരുന്ന കാലത്തെ നമുക്ക് പിന്‍വിളി വിളിക്കേണ്ടതുണ്ട്.
ഒരു മതേതര രാജ്യത്ത് ജനാധിപത്യം പുലരേണ്ടത് ഇങ്ങനെയാണ്. അല്ലാതെ മതങ്ങള്‍ പാര്‍ക്കുന്ന മസ്തിഷ്ക്കങ്ങളിലൂടെയല്ല. പുതിയ തലമുറയെ സ്വന്തം ഭാഷയുടേയും സംസ്ക്കാരത്തിന്റെയുമൊക്കെ ശത്രുവാക്കി തീര്‍ത്തതില്‍ ഇവിടത്തെ അവനവന് തന്നെ മനസ്സിലാകാത്തത് എഴുതിവെക്കുന്ന എഴുത്തുകാരനും പങ്കുണ്ടെന്ന് പറഞ്ഞുകൊള്ളട്ടെ.
എഴുതുന്നത് നന്മയുടെ നല്ല പാഠങ്ങളില്‍ സമ്പന്നമാകണം. പ്രിയപ്പെട്ട ബുദ്ധിജീവികളെ ഉറങ്ങുന്നവരെ ഉണര്‍ത്താം. പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകില്ല. കാരണം അവരെപ്പോഴും കാപട്യത്തിന്റെ തടവിലാകും.
- സമദ് പനയപ്പിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: