ന്യൂദല്‍ഹി: റെയില്‍വെ ബജറ്റില്‍ അവഗണിച്ചെന്ന പരാതിയില്‍ കേരളത്തിനായി ആശ്വാസനടപടികള്‍. കേരളത്തിന് രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടെ പുതുതായി നാല് ട്രെയിനുകള്‍ അനുവദിച്ചു. ദല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കേ പ്രതിവാര എക്സ്പ്രസ്, ബംഗളുരുവില്‍ നിന്നും പാലക്കാട് വഴി മംഗലാപുരത്തേക്ക് ആഴ്ചയില്‍ രണ്ടു ദിവസം എക്സ്പ്രസ് എന്നിവയാണ് കേരളത്തിന് പുതുതായി അനുവദിച്ച ട്രെയിനുകള്‍.
രണ്ട് ട്രെയിനുകള്‍ നീട്ടിയിട്ടുണ്ട്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി കണ്ണൂരിലേക്ക് നീട്ടിയപ്പോള്‍ കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തൃശ്ശൂര്‍ വരെ നീട്ടി. ഇതുകൂടാതെ എറണാകുളത്തു നിന്നും കൊല്ലത്തേക്ക് രണ്ട് മെമു ട്രെയിനുകള്‍ കൂടി അനുവദിച്ചു. ഇതില്‍ ഒരെണ്ണം ആലപ്പുഴ വഴിയും ഒന്ന് കോട്ടയം വഴിയുമായിരിക്കും.
കൊച്ചുവേളി- ലോകമാന്യതിലക് ആഴ്ചയില്‍ രണ്ട് ദിവസമാക്കി. ശബരിപാത യാഥാര്‍ത്ഥ്യമാക്കുമെന്നും റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബെന്‍സാല്‍ ബജറ്റ് മറുപടി പ്രസംഗത്തില്‍ അറിയിച്ചു. അതേസമയം റെയില്‍വെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കണമെന്ന് ബന്‍സാല്‍ ആവശ്യപ്പെട്ടു.
നേരത്തെ ബജറ്റില്‍ മൂന്ന് പ്രതിവാര എക്സ്പ്രസും, ഒരു പാസഞ്ചറും ഉള്‍പ്പെടെ നാല് ട്രെയിനുകളാണ് കേരളത്തിന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഡിഎഫ് എംപിമാര്‍ റെയില്‍വെ മന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയും മന്ത്രിമാരും ദല്‍ഹിയിലെത്തി ബന്‍സാലിനെ കണ്ട് കേരളത്തിന് അനുഭാവ പൂര്‍ണമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: