തിരുവനന്തപുരം: ഉടുമ്പന്‍ചോല താലൂക്ക് ഓഫിസില്‍ സൂക്ഷിച്ചിരുന്ന മൂന്നാര്‍ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും കത്തിനശിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് റവന്യൂവകുപ്പിന്റേത്. കയ്യേറ്റം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമസഭാ സമിതി മൂന്നാര്‍ സന്ദര്‍ശിക്കണമെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചിന്നക്കനാല്‍ മേഖലയില്‍ ഭൂമി കൈയേറി റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കിയ മാഫിയകള്‍ക്ക് വേണ്ടിയാണ് ഫയലുകള്‍ തീയിട്ടത്്. കൈയേറ്റം ഒഴിപ്പിക്കാന്‍ നിയോഗിച്ച ദൗത്യസംഘത്തിന്റെ ഒത്താശയോടെയാണ് കത്തിക്കല്‍ നടന്നതെന്ന് സംശയിക്കുന്നു. ചെല്ലാന്‍ രജിസ്റ്ററുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചതായാണ് വിവരം. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചവര്‍ ഭൂമാഫിയകള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
അന്വേഷണത്തിന് നേതൃത്വം നല്കുന്ന ദേവികുളം ആര്.ഡി.ഒ മധുഗംഗാധര് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കയ്യേറ്റമൊഴിപ്പിക്കല്‍ പ്രഹസനത്തിന്റെ ദൗത്യസംഘത്തലവനാണ്. സംഘത്തിലുള്ള ഉടുമ്പുഞ്ചോല തഹിസീല്ദാര് പി.കെ.ഷാജി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നേരെത്തേ സസ്പെന്‍ഷനിലായിരുന്നു. കയ്യേറ്റങ്ങള്‍ നിയമവിധേയമാക്കാനുള്ള പണിയാണ് റവന്യൂവകുപ്പും ദൗത്യസംഘവും ചെയ്യുന്നത്. ആരോപണ വിധേയരായ ഇത്തരം ഉദ്യോഗസ്ഥരുള്‍പ്പെട്ട 12അംഗ ദൗത്യസംഘത്തെ പിരിച്ചുവിട്ട് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ സമഗ്രമായ കര്‍മപദ്ധതി തയാറാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വ്യാജപട്ടയമുണ്ടാക്കി തട്ടിയെടുത്ത 22 ഏക്കര്‍ സ്ഥലത്ത് തച്ചങ്കരി കുടുംബം നടത്തുന്ന കാറ്ററിങ് കോളജ് ഒഴിപ്പിക്കുന്നത് തടയാന്‍ റവന്യൂവകുപ്പ് ശ്രമിക്കുകയാണ്. ടോമിന്.ജെ.തച്ചങ്കരി ഇടുക്കി പോലിസ് സൂപ്രണ്ടായിരുന്നപ്പോള്‍ ഭൂമികൈയേറ്റക്കാര്‍ക്ക് കൂട്ടുനിന്നതിന് പ്രതിഫലമായി സംഘടിപ്പിച്ച ഭൂമിയിലാണ് ഭാര്യ ടി.സി.തച്ചങ്കരി കാറ്ററിങ് കോളജ് നടത്തുന്നത്.
വ്യാജ പട്ടയമായിരുന്നതിനാല്‍ എല്‍.ഡി.എഫ് കാലത്ത് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. അതിനെതിരേ തച്ചങ്കരി കുടുംബം കോടതിയെ സമീപിച്ചതോടെ കേസില്‍ ലാന്റ് റവന്യൂ കമ്മീഷനര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാറ്ററിങ് കോളജിന്റെ പട്ടയം വ്യാജമല്ലെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപോര്‍ട്ടെന്നാണ് അറിയുന്നത്. കൈയേറ്റക്കാര്‍ക്ക് സഹായകമായി റിപോര്‍ട്ട് നല്‍കിയതിന് പിന്നില്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ട്. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ താന്‍ ആലോചിക്കുന്നുണ്ടെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: