മലപ്പുറം: കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ ഒ വി വിജയന്റെ പ്രതിമ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പുനസ്ഥാപിക്കുമെന്ന് നഗരസഭ തീരുമാനമെടുത്തെങ്കിലും ആശങ്കകള്‍ ബാക്കി. പ്രതിമ തല്ലിതകര്‍ത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഇതിന് ഉത്തരാവാദികളെ കണ്ടെത്താനോ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ അധികൃതര്‍ക്ക് ആയിട്ടില്ല. കൃത്യമായ അന്വേഷണം നടത്തിയാല്‍ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുമ്പോഴും അന്വേഷണത്തിന് അദൃശ്യമായ ചില കേന്ദ്രങ്ങളില്‍ നിന്ന് തടസ്സമുണ്ടാകുന്നതായാണ് വിവരം.
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്ന് എസ് പി വെളിപ്പെടുത്തിയിരുന്നെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ജില്ലയില്‍ നിന്നുള്ള അഞ്ച് മന്ത്രിമാരില്‍ ആരും ഇതുവരെ തകര്‍ക്കപ്പെട്ട പ്രതിമ സന്ദര്‍ശിക്കാനോ സംഭവത്തെ അപലപിക്കാനോ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തെങ്കിലും കോട്ടക്കല്‍ സന്ദര്‍ശിക്കുകയോ ഇതേക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തില്ല. കോട്ടക്കല്‍ വഴി കടന്നുപോയിട്ടും മുഖ്യമന്ത്രി പ്രതിമ സന്ദര്‍ശിക്കാന്‍ തയ്യാറായതുമില്ല. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മലബാര്‍മേഖലയില്‍ വിവിധ പരിപാടികള്‍ക്കായി ഇതുവഴി പല തവണ കടന്നുപോയിട്ടും സ്കൂളിലേക്ക് എത്തിയില്ല. സാംസ്കാരിക നായകരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആക്ഷേപം.
പ്രതിമ അറ്റകുറ്റപണികള്‍ തീര്‍ത്ത് ഉദ്ഘാടനം ചെയ്യാന്‍ അനുമതി ചോദിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്തെഴുതിയതായി നഗരസഭ പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നോ വകുപ്പില്‍ നിന്നോ ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. പ്രതിഷേധത്തിന്റെ ചൂടാറികഴിയുമ്പോള്‍ വീണ്ടും പ്രതിമക്കെതിരായ നിലപാട് ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് മത മൗലികവാദികള്‍. മാര്‍ച്ച് മാസത്തില്‍ പരീക്ഷക്കാലമായതിനാല്‍ പ്രതിമാനിര്‍മ്മാണവും ഉദ്ഘാടനവും ആ പേരില്‍ നീട്ടിവെക്കാനാകും. പിന്നീട് രണ്ട് മാസം വെക്കേഷനാണ്. ഇനി ജൂണില്മാത്രമെ ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന് എന്തെങ്കിലും മറുപടി നല്‍കേണ്ടതായി വരികയുള്ളുവെന്നും ഇവര്‍ കണക്കുകൂട്ടുന്നു. പ്രതിമ പുനസ്ഥാപിക്കുമെന്ന് ഉറപ്പ് നല്കിയ സ്ഥലം എം എല്‍ എ അബ്ദുസമദ് സമാദാനിയും ഇപ്പോള്‍ നിശബ്ദനാണ്. പ്രതിമക്കുനേരെ അക്രമണം നടത്തിയവരെ പിടികൂടണമെന്ന് ആവശ്യപ്പെടാന്‍പോലും എം എല്‍ എ ഇതുവരെ തയ്യാറായിട്ടില്ല. സാംസ്കാരിക കേരളത്തെ കബളിപ്പിക്കാനും തെറ്റിധരിപ്പിക്കാനും ആണ് ഒരു വിഭാഗം മത മൗലികവാദികളും മുസ്ലീംലീഗ് നേതൃത്വവും ശ്രമിക്കുന്നത് എന്ന ആരോപണം ശക്തമായി നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: