കൊല്ലം: ഇറ്റാലിയന്‍ നാവികരുടെ രക്ഷപെടലിന് വഴിയൊരുക്കിയത് വത്തിക്കാന്റെ നേരിട്ടുള്ള ഇടപെടലെന്ന് സൂചന. രാജ്യത്തിന്റെ പരമാധികാരത്തെയും ജനാധിപത്യ സംവിധാനത്തെയും അപമാനിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പു കരാറുകള്‍ക്ക് പിന്നാലെയാണ് ഇറ്റാലിയന്‍ മറീനുകളുടെ രക്ഷപെടല്‍ പള്ളിയുടെ ഇടപെടലിലേക്ക് വിരല്‍ചൂണ്ടുന്നത്.
സംസ്ഥാന സര്‍ക്കാരും പോലീസും അറിയാതെ ഇറ്റലിയുടെ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ദെ മിസ്തുറ കൊല്ലത്ത് ഒരാഴ്ചക്കാലം താമസിച്ചു മടങ്ങിയപ്പോള്‍ തന്നെ ഈ ഇടപെടല്‍ വ്യക്തമായിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി റോമിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിന്റെ ചുവടുപിടിച്ചായിരുന്നു അന്നത്തെ ഒത്തുതീര്‍പ്പു നീക്കങ്ങള്‍ നടന്നത്. കേന്ദ്രമന്ത്രി കെ.വി. തോമസ് പ്രശ്നത്തില്‍ ഇടനിലക്കാരനാകണമെന്നതായിരുന്നു അന്ന് കര്‍ദ്ദിനാളിന്റെ നിര്‍ദേശം. അഭിമുഖം വിവാദമായതിനെത്തുടര്‍ന്ന് കര്‍ദ്ദിനാള്‍ പ്രസ്താവന നിഷേധിച്ചെങ്കിലും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ പള്ളിയുടെ ഇടപെടല്‍ വ്യക്തമാക്കുന്നതായിരുന്നു.
ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ദെ മിസ്തുറയ്ക്ക് കൊല്ലപ്പെട്ട ജലസ്റ്റിന്റെ കുടുംബാംഗങ്ങളുമായി സന്ദര്‍ശനത്തിന് വഴിയൊരുക്കിയത് തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്കൂളിലെ ഹോസ്റ്റല്‍ വാര്ഡന് ഫാ. റെജിസണ്‍ ആണ്. ഇദ്ദേഹത്തിന് ഇതിനുള്ള നിര്‍ദേശം നല്‍കിയത് കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമനായിരുന്നു. ഇറ്റാലിയന്‍ മന്ത്രിയും സംഘവും എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുമാത്രമാണ് കര്‍ദ്ദിനാളിന്റെ ഇടനിലക്കാരന് എന്ന് വിശേഷിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രി കെ.വി. തോമസ് ജലസ്റ്റിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങിയത്. യുപിഎ അധ്യക്ഷയും ഇറ്റാലിയന്‍ വംശജയുമായ സോണിയാഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ട ഒരു പ്രമുഖന് ഈ ദിവസങ്ങളില്‍ കൊല്ലത്ത് സ്വകാര്യ ഹോട്ടലില്‍ സ്റ്റെഫാന്‍ ദെ മിസ്തുറെയുമായി ചര്‍ച്ചകള്‍ നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.
ഇറ്റാലിയന്‍ മന്ത്രിയ്ക്കൊപ്പം സെക്രട്ടറിമാരായ ജോര്‍ജ്ജിയോ മറാപ്പൊടി, മിനാസി നിക്കോള, ഫ്രാന്‍സിസ്കോ മറീനോ എന്നിവരും ഉണ്ടായിരുന്നു. ഈ സന്ദര്‍ശനങ്ങളും ചര്‍ച്ചകളും ഒക്കെ നടക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലായിരുന്നു പെരുമാറിയിരുന്നത്.
ഇത്തരത്തിലുള്ള തുടര്‍ച്ചയായ ഇടപെടലുകളുടെ അവസാനമാണ് മറീനുകള്‍ ഇനി ഇന്ത്യയിലേക്ക് വരില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പു വരുന്നത്. ക്രിസ്തുമസ് അവധി ആഘോഷിക്കാന്‍ നാവികര്‍ക്ക് ലഭിച്ച അവസരം രക്ഷപെടലിന് മുമ്പുള്ള ഒരു പരീക്ഷണമായാണ് ഇറ്റലി കണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേസിന്റെ തുടക്കം മുതല്‍ പ്രതികള്‍ക്ക് സര്‍വസ്വാതന്ത്ര്യം അനുവദിക്കുന്ന മട്ടിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകള്‍. പ്രഖ്യാപനങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി ഇനിയൊന്നും ഈ കേസില്‍ സംഭവിക്കില്ലെന്ന് തന്നെയാണ് സൂചന.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: