ഗാലെ: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 267 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തുനില്‍ക്കേ ഇരു ക്യാപ്റ്റന്മാരും സമനിലക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ച്വറിയുമായി ഉജ്ജ്വല ബാറ്റിംഗ് നടത്തിയ മുഷ്ഫിഖര്‍ റഹീമാണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍ ചുരുക്കത്തില്‍: ശ്രീലങ്ക നാലിന് 570 ഡിക്ലയേര്‍ഡ്, നാലിന് 335 ഡിക്ലയേര്‍ഡ്. ബംഗ്ലാദേശ് 638, ഒന്നിന് 70. ടെസ്റ്റിന്റെ ആദ്യ ദിവസം മഴകാരണം കളി നടന്നിരുന്നില്ല. ശ്രീലങ്കക്ക് വേണ്ടി മുന്‍ ക്യാപ്റ്റന്‍ സംഗക്കാര രണ്ടിന്നിംഗ്സിലും സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
116ന് ഒന്ന് എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കക്ക് വേണ്ടി ദില്‍ഷനും സംഗക്കാരയും ചേര്‍ന്ന് ഗംഭീര പ്രകടനം നടത്തി. രണ്ടാം വിക്കറ്റില്‍ 213 റണ്‍സാണ് സംഗക്കാരയും ദില്‍ഷനും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇരുവരും സെഞ്ച്വറിയും സ്വന്തമാക്കി. ഒടുവില്‍ 105 റണ്‍സെടുത്ത സംഗക്കാരെ പുറത്താക്കിയാണ് ഈ കൂട്ടുപിരിച്ചത്. മഹ്മദുള്ളയുടെ പന്തില്‍ ജഹുറുല്‍ ഇസ്ലാമിന് ക്യാച്ച് നല്‍കിയാണ് സംഗക്കാര മടങ്ങിയത്. പിന്നീട് അധികം വൈകാതെ 126 റണ്‍സെടുത്ത ദില്‍ഷനും മടങ്ങി. പിന്നീട് വിതംഗയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടുനീക്കി. പിന്നീട് സ്കോര്‍ 320-ല്‍ എത്തിയശേഷമാണ് ലങ്കയുടെ നാലാം വിക്കറ്റ് വീഴ്‌ത്താന്‍ ബംഗ്ലാദേശിന് കഴിഞ്ഞത്. 59 റണ്‍സെടുത്ത വിതംഗയെ മഹ്മദുള്ള ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് അധികം വൈകാതെ സ്കോര്‍ 335-ല്‍ എത്തിയപ്പോള്‍ ലങ്കന്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
വിജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 268 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് അതിന് ശ്രമിക്കാതെ ബാറ്റിംഗ് പരിശീലനത്തിനാണ് തുനിഞ്ഞത്. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ വെറും രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീണു. ഒരു റണ്‍സ് മാത്രമെടുത്ത അനമുല്‍ ഹഖിനെ ഏറംഗ ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ ജഹറുല്‍ ഇസ്ലാമും മുഹമ്മദ് അഷ്‌റഫുളും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ബംഗ്ലാദേശ് സ്കോര്‍ 70-ല്‍ എത്തിച്ചു. ഇതോടെ ഇരുക്യാപ്റ്റന്മാരും സമനിലക്ക് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: