വ്രതനിഷ്ഠയോടെ ജീവിക്കാന്‍ ബുദ്ധിപൂര്‍വം ശ്രമിക്കവേ, അവിചാരിതങ്ങളായ സംഭവങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട മാനസവിക്ഷോഭങ്ങളുടെ ഫലമായി, നമ്മളില്‍ അതുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അന്തശ്ചൈതന്യത്തിന്റെ വിദ്യുത്പ്രസരണശക്തി കെട്ടടങ്ങിയതായി പലപ്പോഴും നമുക്ക് തോന്നിയേക്കാന്‍ മതി. ജീവിതംതന്നെ ഒരു വിദ്യുത്പ്രവാഹകേന്ദ്രമാണ്. എത്രതന്നെ ബുദ്ധിമാനാണെങ്കിലും ഭാവിയില്‍ നേരിടാനിരിക്കുന്ന എല്ലാ പരിതസ്ഥിതികളേയും വ്യാമര്ദ്ദങ്ങളെയും എപ്പോഴും മുന്‍കൂട്ടി കണ്ടറിയാന്‍ സാധിച്ചുവെന്ന് വരില്ല.
വിജയത്തിന്റെ പന്ഥാവില്കൂടിയാണെങ്കിലും മുന്നോട്ട് മുന്നോട്ട് പ്രയാണം ചെയ്യവേ ഓരോ വഴിതിരിവിലെത്തുമ്പോഴും രണ്ടുവശത്തുമുള്ള ലഘുപ്രകാശങ്ങളായ നിഴലുകളില്‍നിന്നും അപ്രതീക്ഷിതമാംവണ്ണം പൊങ്ങിവരുന്ന കറുത്തിരുണ്ട ഭീഷണികള്‍ വഴിമദ്ധ്യത്തിലേക്ക് നീങ്ങിനീങ്ങിയടുക്കുന്നതായി കണ്ടേക്കാം. പെട്ടെന്നുള്ള ഈ കാഴ്ച അവന്റെ ധീരതയെ ഉത്തേജിപ്പിക്കാന്‍ പോരുന്നവമാത്രമാണെങ്കിലും, ചിലപ്പോള്‍ അവന്റെ ഹൃദയമിടിപ്പിനെതന്നെ നിര്‍ത്തി അവനെ നിസ്തേജനും ക്ഷീണിതാംഗനുമാക്കിയേക്കും.
നൈമിഷികമായ ഈ നാഡിത്തളര്ച്ച ദുഃഖദ്വിഗ്നമായ ദുരന്തംതന്നെ സൃഷടിച്ചേക്കാനും മതി. എത്രയധികം വേഗത്തില്‍ നിങ്ങള്‍ കാറോടിക്കുന്നുവോ അത്രയധികം നിങ്ങളുടെ കാല്‍വെപ്പ് ദൃഢതരവും കൈപ്പിടുത്തം സുനിശ്ചിതവുമായിരിക്കണം. അരനിമിഷം ആലസ്യംകൊണ്ട് ഒന്ന് തൂങ്ങിപ്പോയാല്‍ മതി, മരണക്കുഴിയിലേക്ക് കാറ് മറിഞ്ഞ് കെട്ടി വീഴുകയായി. തന്റെ മറ്റ് സഹോദരന്മാരെക്കാള് ദ്രുതതരമായി ജീവിതപന്ഥാവില്‍ കാലിടറാതെ യാത്രചെയ്യുന്നവന്നും ഒരു ഞൊടിയിടപോലും തന്റെ സമനില ഇത്പോലെതന്നെ, കളയാനൊക്കുകയില്ല.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: