ന്യൂദല്‍ഹി: സാമ്പത്തിക രംഗം മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിന്റെ ലക്ഷണം പ്രകടമാക്കിക്കൊണ്ട് വ്യാവസായിക ഉത്പാദനം മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ജനുവരിയില്‍ 2.4 ശതമാനം വളര്‍ച്ചയാണ് വ്യാവസായിക ഉത്പാദന സൂചിക(ഐഐപി)യില്‍ ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.4 ശതമാനമായിരുന്നു. ഐഐപി അടിസ്ഥാനപ്പെടുത്തിയാണ് ഫാക്ടറി ഉത്പാദനം കണക്കാക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച ഒരു ശതമാനമായിരുന്നു. 2011-12 ല്‍ ഇതേകാലയളവില്‍ വളര്‍ച്ചാ നിരക്ക് 3.4 ശതമാനമായിരുന്നുവെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ഡിസംബറില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 0.5 ശതമാനമെന്നത് 0.6 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു.
വ്യാവസായിക ഉത്പാദന സൂചികയില്‍ 75 ശതമാനത്തില്‍ അധികം സംഭാവന ചെയ്യുന്നത് നിര്‍മാണ മേഖലയാണ്. ജനുവരിയില്‍ ഈ മേഖലയുടെ വളര്‍ച്ച 2.7 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ച 1.1 ശതമാനമായിരുന്നു. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ പ്രധാന മേഖലയുടെ ഉത്പാദന വളര്‍ച്ച മുന്‍വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ചാ നിരക്കായ 3.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.9 ശതമാനത്തിലും താഴെയായിരുന്നു.
ജനുവരിയില്‍ വൈദ്യുതി ഉത്പാദനം 6.4 ശതമാനമായി ഉയര്‍ന്നു. 2012 ജനുവരിയിലിത് കേവലം 3.2 ശതമാനമായിരുന്നു. 2012-13 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ വൈദ്യുതി ഉത്പാദനം 4.7 ശതമാനമായി ഉയര്‍ന്നു.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.8 ശതമാനമായിരുന്നു. ജനുവരിയില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 22 വ്യവസായ സംരംഭങ്ങളില്‍ 11 എണ്ണവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജനുവരിയില്‍ ഖാനി ഉത്പാദനം 2.9 ശതമാനമായി ചുരുങ്ങി. 2012 ല്‍ ഇതേകാലയളവില്‍ ഉത്പാദനത്തില്‍ 2.1 ശതമാനം ഇടിവാണ് നേരിട്ടത്. ഏപ്രില്‍-ജനുവരി കാലയളവില്‍ ഖാനി ഉത്പാദനത്തില്‍ 1.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂലധന സാമഗ്രികളുടെ ഉത്പാദനം ജനുവരിയില്‍ 1.8 ശതമാനമായി ഇടിഞ്ഞു.
2012 ജനുവരിയില്‍ 2.7 ശതമാനമായിട്ടാണ് ഉത്പാദനം ചുരുങ്ങിയത്. ഏപ്രില്‍-ജനുവരി കാലയളവിലും മൂലധന സാമഗ്രികളുടെ ഉത്പാദനം 9.3 ശതമാനമായി ചുരുങ്ങി. ജനുവരിയില്‍ ഉപഭോക്തൃ സാമഗ്രികളുടെ ഉത്പാദന വളര്‍ച്ച 2.8 ശതമാനമായിരുന്നു. വ്യാവസായിക ഉത്പാദനത്തില്‍ നേരിയ വളര്‍ച്ച പ്രകടമായിട്ടുണ്ടെങ്കിലും മാര്‍ച്ച് 18 ന് നടക്കുന്ന പണവായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: