കൊച്ചി: അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസര്‍മാര്‍ നല്കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാമചന്ദ്രന് അറിയിച്ചു. ഇ ഡിസ്ട്രിക്ട് പദ്ധതി ജില്ലയില്‍ നടപ്പാക്കിയതിന് ശേഷം നല്‍കിവരുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചില ബാങ്കുകളും സ്ഥാപനങ്ങളും നിരസിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച് ലീഡ് ബാങ്ക് മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും എഡിഎം വ്യക്തമാക്കി
ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നല്‍കുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ സാധാരണയായി നല്കുന്ന സര്‍ട്ടിഫിക്കറ്റുകളെ പോലെ സാധുതയുള്ളതാണ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍. റവന്യൂ വകുപ്പിന്റെ 23 സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ നല്‍കുന്നത്. റവന്യൂ അടക്കം ഒമ്പത് വകുപ്പുകളില്‍ നിന്നുള്ള 46 സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് ജില്ലയില്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നതെന്നും എഡിഎം ചൂണ്ടിക്കാട്ടി
ജില്ലയിലെ താലൂക്കുകളില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ സമര്‍പ്പിക്കപ്പെട്ടത് ആലുവയിലാണ്. 2223 അപേക്ഷകള്‍. വിതരണം ചെയ്തത് 1225 സര്‍ട്ടിഫിക്കറ്റുകള്‍. കണയന്നൂരില്‍ 1506 അപേക്ഷകള്‍ ലഭിച്ചപ്പോള്‍ 827 സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു.
വില്ലേജ് ഓഫീസുകളില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകളെത്തിയത് ആലുവ ഈസ്റ്റ് വില്ലേജിലാണ് – 396. വിതരണം ചെയ്തത് 302 സര്‍ട്ടിഫിക്കറ്റുകള്‍. രണ്ടാമതെത്തിയ മരടില്‍ 315 അപേക്ഷകള്‍ ലഭിച്ചെങ്കിലും വിതരണം ചെയ്യാനായത് 127 സര്‍ട്ടിഫിക്കറ്റുകള്‍
ഇ ഡിസ്ട്രിക്ട് പദ്ധതിയില്‍ ജില്ലയിലെ താലൂക്ക് ഓഫീസുകളെയും 124 വില്ലേജ് ഓഫീസുകളെയും 165 അക്ഷയകേന്ദ്രങ്ങളെയുമാണ് ബ്രോഡ് ബാന്‍ഡ് ശൃംഖലയില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ കമ്പ്യൂട്ടര്‍ മുഖേന നല്കുമ്പോഴും വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ ഒപ്പോടു കൂടി അനുവദിക്കുമ്പോഴും അപേക്ഷകരുടെ മൊബെയിലില്‍ സന്ദേശം ലഭിക്കും
ഒരിക്കല്‍ ഏതെങ്കിലും സര്‍ട്ടിഫിക്കറ്റിനായി അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോഴും ഉപയോഗിക്കാം. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലേയ്ക്ക് ഹാജരാക്കിയ തെളിവുകളും പ്രമാണങ്ങളും മറ്റ് ആവശ്യങ്ങള്‍ക്ക് അക്ഷയയില്‍ ബന്ധപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതില്ല. രജിസ്റ്റര്‍ നമ്പര്‍ മാത്രം മതിയാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: