തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് നാളെ തുടക്കമാവും. തിങ്കളാഴ്ച തുടങ്ങി മാര്‍ച്ച് 23ന് അവസാനിക്കുന്ന പരീക്ഷ ഇക്കുറി 4,79,650 കുട്ടികളാണ് എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 9550 കുട്ടികള്‍ കൂടുതല്‍. ഇതില്‍ 5740 പേര് പ്രൈവറ്റായി പരീക്ഷ എഴുതുന്നു.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്. ജില്ല മലപ്പുറവും. 2800 കേന്ദ്രങ്ങളിലാണ് ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുക. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത് 2758 കേന്ദ്രങ്ങള്‍. ഇത്തവണ 2782 കേന്ദ്രങ്ങള്‍ കേരളത്തില്‍ തന്നെയാണ്. ലക്ഷദ്വീപിലുള്ളത് ഒമ്പത് കേന്ദ്രങ്ങള്‍. ഗള്‍ഫിലും ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
പരീക്ഷയ്ക്കിടെയുള്ള രണ്ടു വെള്ളിയാഴ്ചയും അവധിയാണ്. പകരം ശനിയാഴ്ച പരീക്ഷ നടക്കും. സ്കൂളില്‍ പോയി പഠിക്കുന്ന റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഐ.ടി. തിയറി പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 6 വരെ നടന്നിരുന്നു. മറ്റെല്ലാ വിഭാഗങ്ങളുടെയും ഐ.ടി. തിയറി പരീക്ഷ പഴയ സ്കീമില്‍ മാര്‍ച്ച് 23ന് നടത്തും. മാര്‍ച്ച് 25നാണ് ഈ വിഭാഗത്തിലുള്ളവരുടെ പ്രാക്ടിക്കല്‍ പരീക്ഷ.
ചോദ്യക്കടലാസ് 139 ബാങ്കുകളിലെയും 168 ട്രഷറികളിലെയും ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍വിജിലേറ്റര്‍മാരായി 25,000 അധ്യാപകരാണുള്ളത്. ചോദ്യക്കടലാസ് വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തിലാണ് പൊട്ടിക്കുക. കെട്ട് നേരത്തേ പൊട്ടിച്ചിരുന്നില്ലെന്ന് പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററും രണ്ടു വിദ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തണം.
ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 1 മുതല്‍ 15 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ചകളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കില്ല. 12500 അദ്ധ്യാപകരാണ് ക്യാമ്പുകളില്‍ മൂല്യനിര്‍ണ്ണയം നടത്തുക. ഏപ്രില്‍ അവസാനവാരം എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: