മുംബൈ: രാജ്യത്തെ ടെലികോം മേഖലയെ വന്‍ കുതിപ്പിലേക്കു നയിക്കുന്ന 4 ജി സേവനം ഈ വര്‍ഷം ഡിസംബറോടെ നടപ്പില്‍ വരും. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 28-ന്. ഈ രംഗത്തെ ഇന്‍ഡ്യന്‍ വമ്പന്മാരായ റിലയന്‍സാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിസംബര്‍ 28-ന് അച്ഛന് ധീരുഭായ് അംബാനിയുടെ ജന്മദിവസം 4 ജി സേവനം രാജ്യത്തിനു സമര്‍പ്പിക്കാനുള്ള നടപടികളിലാണ് മകന് മുകേഷ് അംബാനി.
ഒരു പോസ്റ്റുകാര്‍ഡിന്റെ ചെലവിലും കുറഞ്ഞ് എന്റെ രാജ്യക്കാര്‍ അങ്ങോളം ഇങ്ങോളം ആശയവിനിമയം നടത്തണമെന്നാണ് തന്റെ സ്വപ്നമെന്നു പറഞ്ഞ അച്ഛന്റെ ആഗ്രഹം സാക്ഷാത്കരിക്കുകയാണ് തന്റെ ദൗത്യമെന്നാണ് മുകേഷ് ഈ രംഗത്തു വരുമ്പോള്‍ പറഞ്ഞിരുന്നത്.
അങ്ങനെ തുടങ്ങിയ സ്വപ്ന പദ്ധതിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വലിയ വിപ്ലവം തന്നെയായിരുന്നു. എന്നാല്‍ സഹോദരന്മാര് തമ്മിലെ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഭാഗം വെച്ചപ്പോള്‍ മുകേഷിന് തന്റെ സ്വപ്ന സാമ്രാജ്യമായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സഹോദരന് അനിലിനു വിട്ടുകൊടുക്കേണ്ടിവന്നു. പക്ഷേ ഇപ്പോള്‍ കമ്മ്യൂണിക്കേഷനിലെ അടുത്ത ഘട്ടമായ 4 ജിയിലൂടെ മുകേഷ് മടങ്ങി വരികയാണ്.
2002-ല്‍ റിലയന്‍സ് ഇന്‍ഫോകോം എന്ന ഇന്നത്തെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ആരംഭിച്ച് അതു വിജയകരമായ 2006-ലാണ് കൈമാറേണ്ടിവന്നത്. അതിനോട് ഏറെ വൈകാരിക അടുപ്പമുണ്ടായിരുന്നു മുകേഷിന്. അതുകൊണ്ടുതന്നെയാകണം പുതിയ ബണ്ടില്‍ഡ് വോയ്സ് ആന്റ് ഡേറ്റാ സര്‍വീസ് സംവിധാനമായ േഫാര്‍ ജിക്ക് പേരിട്ടപ്പോള്‍ മുകേഷ് അതിനെ റിലയന്‍സ് ജിയോ ഇന്േഫാകോം എന്നു വിളിച്ചത്.
പുതിയ സംവിധാനത്തിന്റെ പൈലറ്റ് ലോഞ്ചിംഗ് അടുത്തുതന്നെ ഉണ്ടാകും. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടം ദല്‍ഹിയിലും മുംബൈയിലുമായിരിക്കും. പിന്നാലെ 2014-ല്‍ 69 നഗരങ്ങളില്‍. 2015 ഓടെ 800 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാക്കാനാണ് പദ്ധതി.
മൊബൈല്‍ ഫോണ്‍ കമ്മ്യൂണിക്കേഷന്‍ ടവറുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളും മറ്റും വന്ന സാഹചര്യത്തില്‍ റിലയന്‍സ് സ്വന്തമായി ഒരു ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: