കാരക്കാസ്: വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോ ചുമതലയേറ്റു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ മഡുറോയെ പകരക്കാരനായി നിയോഗിക്കണമെന്ന് ഷാവേസ് അവസാനനാളുകളില്‍ നിര്‍ദേശിച്ചിരുന്നു.
ചാവേസിന്റെ നിലപാടുകളോട് നീതിപുലര്‍ത്തിക്കൊണ്ടായിരിക്കും തന്റെ ഭരണമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് മഡുറോ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഭരണഘടനയുടെ പകര്‍പ്പ് കൈയിലേന്തിക്കൊണ്ടായിരുന്നു മഡുറോയുടെ പ്രസംഗം.
പ്രാദേശികസമയം വെള്ളിയാഴ്ചയാണ് മഡുറോ ഔദ്യോഗികമായി ചുമതലയേറ്റത്. പ്രതിപക്ഷം മഡുറോയുടെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചിരുന്നു. മഡുറോയുടെ നിയമനം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഇത്. 1999 ലെ ഭരണഘടനാച്ചട്ടപ്രകാരം പ്രസിഡന്റിന്റെ ആകസ്മിക നിര്യാണമുണ്ടാകുകയോ അദ്ദേഹത്തിന് ചുമതലയേല്‍ക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ ദേശീയ അസംബ്ലി സ്പീക്കറെ ഇടക്കാല പ്രസിഡന്റായി നിയമിക്കണമെന്നാണ് വ്യവസ്ഥയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
30 ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ഈ നിയമത്തില്‍ വ്യവസ്ഥയുള്ളതായി പ്രതിപക്ഷ നേതാക്കളില്‍ ഒരാളായ ഏഞ്ചല്‍ മെദിന വ്യക്തമാക്കി. ഷാവേസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മഡുറോയെ തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: