ആലപ്പുഴ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വര്‍ധിപ്പിച്ച് കായംകുളം താപനിലയത്തിന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്നു. താപനിലയത്തിന്റെ ജലസംഭരണിയില്‍ മൂന്ന് ദിവസത്തേക്കുള്ള ജലം മാത്രമേ ശേഷിക്കുന്നുള്ളുവെന്നും ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ താപനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യമാണെന്നുള്ളതെന്നും ജനറല്‍ മാനേജര്‍ സി.വി.സുബ്രഹ്മണ്യന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താപനിലയത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളമെത്തിക്കുന്ന അച്ചന്‍കോവിലാറ്റിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശമുള്ളതിനാല് സ്വന്തം സംഭരണിയിലെ വെള്ളമാണിപ്പോള്‍ ഉപയോഗിക്കുന്നത്.
ശുദ്ധജല ദൗര്‍ലഭ്യം മൂലം രണ്ടാഴ്ചയിലധികമായി താപനിലയത്തിലെ ഒരു വൈദ്യുതോല്‍പ്പാദന യൂനിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ശുദ്ധജലമെത്തിക്കാന്‍ നടപടി സ്വീകരിക്കാത്തപക്ഷം താപനിലയത്തിലെ വൈദ്യുതോല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് യൂണിറ്റുകളില്‍ നിന്ന് 360 മെഗാവാട്ട് ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 150 മെഗാവാട്ട് മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൂര്‍ണതോതില്‍ വൈദ്യുതോല്‍പ്പാദനം നടത്താന്‍ ദിനംപ്രതി 18,000 കിലോലിറ്റര്‍ ശുദ്ധജലം ആവശ്യമാണ്. ശുദ്ധജല ദൗര്‍ലഭ്യം കണക്കിലെടുത്താണ് ഒരു യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്ന് ജനറല്‍ മാനേജര്‍ വിശദീകരിച്ചു.
എന്‍ടിപിസി പ്രവര്‍ത്തനമാരംഭിച്ച കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്നത്. അച്ചന്‍കോവിലാറ്റില്‍ നിന്നാണ് താപനിലയത്തിലേക്കാവശ്യമായ ശുദ്ധജലം എത്തിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ആറിന്റെ മുകള്തട്ടില്പോലും ലവണാംശം ബാധിച്ചത് കടുത്ത തിരിച്ചടിയായി. ഉപ്പിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി ഇറിഗേഷന്‍ വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഒന്നരമാസമായിട്ടും നടപടിയുണ്ടാകാതിരുന്നതാണ് ഗുരുതരമായ സ്ഥിതി വിശേഷത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 16 മുതല്‍ അച്ചന്‍കോവില്‍ നിന്നുള്ള വെള്ളം എന്‍ടിപിസി ഉപയോഗിക്കുന്നില്ല.
ഉപ്പുവെള്ളം കലരുന്നത് തടയാന്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതിലുണ്ടായ വീഴ്ചയാണ് ശുദ്ധജലക്ഷാമം രൂക്ഷമാക്കിയത്. രണ്ട് മാസം മുമ്പെങ്കിലും ഓരുമുട്ടുകള്‍ സ്ഥാപിച്ചിരുന്നെങ്കില് ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് സ്ഥലങ്ങളിലായി ബണ്ട് നിര്‍മാണം ആരംഭിച്ചതായി ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ അച്ചന്‍കോവിലാറില്‍നിന്ന് ശുദ്ധജലം ലഭിച്ചുതുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടപടിയില്‍ തൃപ്തിയില്ലെന്ന് എന്‍ടിപിസി അധികൃതര്‍ പറഞ്ഞു.
ശുദ്ധജലം ആവശ്യാനുസരണം ലഭിച്ചാല്‍ വൈദ്യുതോല്‍പ്പാദനം പൂര്‍ണതോതിലാക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. നാഫ്തയില്‍ പ്രവര്‍ത്തിക്കുന്ന 115 മെഗാ വാട്ടിന്റെ രണ്ട് യൂനിറ്റുകളും വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന 120 മെഗാവാട്ടിന്റെ ഒരു യൂണിറ്റുമാണ് നിലവില്‍ കായംകുളം താപനിലയത്തില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് 12 രൂപ നിരക്കിലാണ് എന്‍ടിപിസി വൈദ്യുതി നല്‍കുന്നത്. സംസ്ഥാനത്തിന് പുറത്ത് മറ്റാര്‍ക്കും എന്‍ ടി പി സി നേരിട്ട് വൈദ്യുതി നല്‍കുന്നില്ല. കായംകുളം താപനിലയത്തില്‍ നിന്ന് നേരത്തെ തമിഴ്നാട് വൈദ്യുതി വാങ്ങിയിരുന്നെങ്കിലും ആഗസ്റ്റിന് ശേഷം അവര്‍ കരാര്‍ പുതുക്കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
എജിഎം (ഓപ്പറേഷന്‍സ്) കൃഷ്ണകുമാര്‍, എംജിഎം (മെക്കാനിക്) പ്രേംദാസ്, എജിഎം (ഐടി) രാമചന്ദ്രന്, എജിഎം (കോണ്‍ട്രാക്ട്) അനില്‍കുമാര്‍, എജിഎം (മെയിന്റനന്‍സ്)സക്കറിയ, എച്ച്ആര്‍ ഹെഡ് തോമസ് വര്‍ക്കി എന്നിവരും ജനറല്‍ മാനേജരോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: