തിരുവനന്തപുരം: വിജിലന്‍സ് കേസുകള്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെ വേട്ടയാടുന്നു. ഒന്നിനുപുറകെ ഒന്നായി മൂന്ന് കേസുകളാണ് വിജിലന്‍സ് കോടതിയില്‍ എത്തിയിരിക്കുന്നത്. ഏതാണ്ട് 45 ദിവസത്തിനുള്ളില്‍ മൂന്ന് കേസുകളാണ് മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കോടതിയില്‍ എത്തിയത്. നേതാക്കള്‍ നടത്തിയ അഴിമതിക്ക് എതിരെ പാര്‍ട്ടിയിലെ ഒരു മുന്‍നേതാവ് തന്നെയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. മൂന്ന് കേസുകളിലും അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവായതോടെ പാര്‍ട്ടി വിഷമവൃത്തത്തിലായി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലാപം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ അണികള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് തടയാന്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് മന്ത്രിക്കും ചെയര്‍മാനുമെതിരെ പുതിയ ഗ്രൂപ്പ് ശക്തമാകുന്നത്. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും ചര്‍ച്ചയ്ക്ക് എടുക്കാന്‍പോലും ചെയര്മാന് തയ്യാറാകുന്നില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു. അഴിമതിക്ക് എതിരെ പരസ്യമായി പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ പി.ടി.എബ്രഹാം, റോയി വരിക്കാട് എന്നിവര പുറത്താക്കിയതോടെയാണ് എതിര്‍വിഭാഗം ശക്തമായത്. ഒരു മന്ത്രിക്കെതിരെ മൂന്ന് വിജിലന്‍സ് കേസ് ഉണ്ടാകുന്നത് രാഷ്ട്രീയ ചരിത്രത്തിലെ ആദ്യസംഭവമാണെന്നും നാലാമത്തെ കേസ് ഹൈക്കോടതിയില്‍ വിചാരണയിലാണെന്നും ഉമ്മന്‍ മാത്യു വിഭാഗം പ്രചരണം നടത്തുന്നുണ്ട്. പ്രചരണം ശക്തമായതോടെയാണ് അടിയന്തരമായി കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും അണികളെ തങ്ങളോടൊപ്പം നിര്‍ത്താനും നേതൃത്വം നിര്‍ബന്ധിതാരായത്.
വ്യാജ ആധാരം ചമച്ച് വസ്തു രജിസ്റ്റര്‍ ചെയ്ത കേസില്‍ സസ്പെന്‍ഷനിലായ നീലേശ്വരം സബ് രജിസ്ട്രാര്‍ എ.ദാമോദരനെ തിരിച്ചെടുത്തതിനെതിരെ പാര്‍ട്ടിയിലെ മുന്‍ പ്രവര്‍ത്തകനായ ബേബിച്ചന് മുക്കാടന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതോടെയാണ് പാര്‍ട്ടിക്കെതിരായ മൂന്നാത്തെ കേസ് നിലവില്‍ വന്നത്. ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ നീലേശ്വരം ഉച്ചിരിഅമ്മയുടെ വസ്തുക്കള്‍ വ്യാജ ആധാരം ഉണ്ടാക്കി രജിസ്റ്റര്‍ ചെയ്തതിന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് ദാമോദരന്‍. ഇയാളെ സംരക്ഷിക്കുന്ന പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആരോപണം.
പരിചയകുറവ് ഉള്ള മന്ത്രിയെ വഴിതെറ്റിച്ച് പാര്‍ട്ടിക്ക് ദുഷ്പേരുണ്ടാക്കുകയാണ് ചെയര്മാന് ജോണി നെല്ലൂരും കൂട്ടരുമെന്ന് മറുവിഭാഗം ആരോപിക്കുന്നു. ഇങ്ങനെ മുന്നോട്ട് പോയാല്‍ മന്ത്രിയും പാര്‍ട്ടി നേതാക്കളും കമ്പിയഴിക്കുള്ളിലാകുമെന്നും പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടിയെ തകര്‍ക്കാനായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറിയും മുന്‍ പാര്‍ട്ടിപ്രവര്‍ത്തകനുമായ ബേബിച്ചന് മുക്കാടന്റെ പ്രവര്‍ത്തനമാണ് വിജിലന്‍സ് കേസുകള്‍ക്ക് കാരണമെന്ന് ഔദ്യോഗികവിഭാഗം പറയുന്നു.
ചട്ടങ്ങള്‍ ലംഘിച്ച് റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിച്ച അഴിമതി നടത്തിയ തൃക്കാക്കര സബ് രജിസ്ട്രാറെ തിരിച്ചെടുത്തതിലൂടെ വിജിലന്‍സ് അന്വേഷണം ഉണ്ടായത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തിയതായി ഭൂരിഭാഗം നേതാക്കളും വിലയിരുത്തുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി ജേക്കബ് വിഭാഗം തരംതാഴ്ന്നതായും പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. അണികളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനും അണികളുടെ കൊഴിഞ്ഞുപോക്ക് തടയിടാനുമായി അടിയന്തരമായി കണ്വെന്ഷന് വിളിച്ചുകൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നാംവാരത്തോടെ കണ്വെന്ഷന് നടത്താനാണ് തീരുമാനം.
- ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: