ചൈനീസ് ഭരണകൂടം അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും ടിബറ്റുകാര്‍, മംഗോളിയക്കാര്‍ എന്നിവര്‍ മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം, അംഗീകരിക്കണം. പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങള്‍ മാഞ്ഞുപോകുകയോ എണ്ണത്തില്‍ വന്‍ കുറവു വരികയോ ചെയ്ത് തങ്ങളുടെ അസ്തിത്വം നിലനിര്‍ത്താന്‍ പെടാപ്പാടുപെട്ടുകൊണ്ടിരിക്കുന്നു. കിഴക്കന്‍ തുര്‍ക്കിക്കടുത്തുള്ള സിന്‍ജിയാംഗിലെ വീഗറുകളും ടിബറ്റുകാരും ഒരുപോലെയല്ല. തുര്‍ക്കി വംശജരായ വീഗറുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, അതായത് ഹാന്‍ വംശജര്‍ ചൈന കീഴടക്കും മുമ്പുതന്നെ അവിടെ കുടിയേറിയവരാണ്. തുര്‍ക്കിയുടെയും അയല്‍ക്കാരായ മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളായ കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവരുടെ തുറന്ന പിന്തുണയില്ലെങ്കിലും അവര്‍ തന്മയീഭാവം പ്രകടിപ്പിച്ച് നിലകൊള്ളുകയായിരുന്നു. എന്നാല്‍ ചൈനയുടെ വളര്‍ച്ച ഈ രാജ്യങ്ങളെ അടിച്ചമര്‍ത്തി, പ്രത്യേകിച്ചും എണ്ണയാല്‍ സമ്പുഷ്ടമായ മധ്യേഷ്യന്‍ രാജ്യങ്ങളെ. വീഗറുകള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. എന്തായാലും അവര്‍ക്ക് ചില രാജ്യാന്തര പിന്തുണ ലഭിച്ചുതുടങ്ങിയിരിക്കുന്നു.
ടിബറ്റിന്റെ വിഷയം അങ്ങനെയല്ല, ഒരര്‍ഥത്തില്‍ അത് അസാധാരണമാണ്. ടിബറ്റുകാരുടെ മതബോധം ആഴത്തിലുള്ളതാണ്. മാത്രമല്ല അവര്‍ ഒരു ബൗദ്ധപുരോഹിത സമൂഹവുമാണ്. ഹാന്‍ ചൈനീസില്‍ നിന്നല്ല മംഗോളിയരില്‍ നിന്നാണ് അവരുടെ പാരമ്പര്യം തിരിച്ചറിയപ്പെടുന്നത്. ദലൈലാമ (ജ്ഞാനസമുദ്രം എന്നര്‍ഥം) എന്ന പദം പോലും വന്നിരിക്കുന്നത് മംഗോളിയന്‍ ഖാന് വംശത്തില്‍ നിന്നാണ്. ചൈനീസ് ചക്രവര്‍ത്തിമാരുടെ ആവിര്‍ഭാവം അതിനും എത്രയോ പുറകിലാണ്. ചരിത്രത്തിന്റെ ഏറിയകാലവും ടിബറ്റ് സ്വതന്ത്ര രാഷ്ട്രമായിരുന്നു. 1950-51 കാലത്ത് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ടിബറ്റിലേക്ക് കടന്നാക്രമണം നടത്തിയതിലൂടെ ആ ചരിത്രം തിരുത്തിയെഴുതി. സാഹചര്യങ്ങള്‍ക്കനുസൃതമായി 14-ാമത് ദലൈലാമ ബീജിംഗിന്റെ ടിബറ്റിന്മേലുള്ള മേല്‍ക്കൈ അംഗീകരിച്ചു. ടിബറ്റിനെ സ്വതന്ത്രമാക്കണമെന്ന് അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടില്ല, മറിച്ച് സഹജമായ സ്വയംഭരണാധികാരം ചോദിച്ചു. രാജ്യാന്തര സമൂഹവും ആ വാദം അംഗീകരിച്ചു. ദലൈലാമയും രാജ്യാന്തരസമൂഹവും ആവശ്യപ്പെട്ടത് ചൈനീസ് ഭരണഘടന പ്രകാരം തന്നെ ടിബറ്റുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുക, ഭാഷ സംരക്ഷിക്കുക, സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുക, ടിബറ്റിന്റെ ഭരണം ടിബറ്റുകാര്‍ക്ക് വിട്ടു നല്‍കുക എന്നിവയാണ്. അടിസ്ഥാനപരമായി ഈ ആവശ്യം വളരെ ലളിതമാണ്. ബീജിംഗ് ആകട്ടെ തങ്ങളുടെ നിയമവും ചട്ടങ്ങളും ടിബറ്റില്‍ അടിച്ചേല്‍പ്പിച്ചു. മുന്തിയ ന്യൂനപക്ഷങ്ങള്‍ക്ക് സ്വയംഭരണാവകാശം ചൈനയിലെ നിയമമാണ്. മതം അനുവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാകട്ടെ പുസ്തകത്താളുകളിലൊതുങ്ങി. ചൈനീസ് അധികാരികളാകട്ടെ തങ്ങളുടെ നിയമങ്ങളില്‍ അഭിമാനിച്ചു.
ഇതുവരെയും ടിബറ്റില്‍ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടില്ല. ദലൈലാമയുടെ ചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കുറ്റകരമാണ്. പിന്നെ എവിടെയാണ് സ്വയംഭരണാവകാശം ? സ്വയംഭരണാവകാശ പ്രദേശങ്ങളായ ടിബറ്റ്, സന്ജിയാംഗ്, മംഗോളിയയ്ക്കകത്തുള്ള പ്രദേശങ്ങള്‍ ഒക്കെ ചൈനയിലെ മറ്റു ഭാഗങ്ങളെക്കാള്‍ പോലീസിനാല്‍ വലയംചെയ്യപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ പുരോഹിതന്മാരിലൂടെ ഉണര്ന്നെഴുന്നേല്ക്കാന് ശ്രമിച്ചു. ആരംഭം മുതല്ക്കു തന്നെ അവര്‍ കുറ്റവാളികളുമായി.
ടിബറ്റില്‍ വികസനം കൊണ്ടുവന്നു എന്ന ചൈനീസ് അധികാരികളുടെ വാദം ശരിയാണ്. പക്ഷേ ആരൊക്കെയാണ് അതിന്റെ ഗുണഭോക്താക്കള്‍ ? ടിബറ്റുകാരല്ല, നേരെ മറിച്ച് അവിടേക്ക് ഇറക്കുമതി ചെയ്ത ഹാന്‍ വംശജരാണ്. ഇതും ടിബറ്റുകാരുടെ വിരോധത്തിന് കാരണമായി. എന്നാല്‍ ഇത് ഉള്‍ക്കൊള്ളാന്‍ അധികാരികള്‍ തയ്യാറല്ല. അവര്‍ക്ക് തങ്ങളുടെ തെറ്റ് തിരുത്തണമെന്നുമില്ല. ഇത് ചൂണ്ടിക്കാട്ടുന്ന ചൈനീസ് എന്ജിഒകളെപ്പോലും കരിമ്പട്ടികയില്‍പ്പെടുത്തി നിരോധിക്കുന്നു. എന്തിന് ?
സ്വയംഭരണപ്രദേശങ്ങളിലെ വംശീയതയാണ് പ്രശ്നമുണ്ടാക്കുന്ന മറ്റൊരു നയം. ന്യൂനപക്ഷ യുവത്വത്തെ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കി ഉചിതമായ തൊഴിലുകളിലേര്പ്പെടുത്തുന്നതിന് പകരം അതെല്ലാം രാജ്യമെമ്പാടുമുള്ള ഹാന്‍സ് വിഭാഗക്കാര്‍ക്ക് അടിയറവയ്ക്കുന്നു. സ്വയംഭരണപ്രദേശങ്ങളുടെ തലസ്ഥാനത്തും മറ്റ് പ്രധാനസ്ഥലങ്ങളിലും ഹാന്‍ വംശജര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. ന്യൂനപക്ഷങ്ങളായ ടിബറ്റുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ എങ്ങോട്ട് പോകും ? അവര്‍ എല്ലായ്പ്പോഴും കുറ്റവാളികളാണ്; ദലൈലാമയെ പോലെ. ദലൈലാമയുടെ ദൂതന്മാരുമായുള്ള ചര്‍ച്ചകള്‍ ചൈനീസ് അധികാരികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ടിബറ്റിന്റെ സ്ഥിതി കൂടുതല്‍ കഠിനമാക്കുമെന്ന ലക്ഷണമാണ് കാണിക്കുന്നത്. ദലൈലാമയാകട്ടെ തന്റെ എല്ലാ രാഷ്ട്രീയ ഉത്തരവാദിത്വവും കൈമാറിയിരിക്കുന്നത് ഹാര്‍വാര്‍ഡില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ലോബ്സാങ്ങ് സാംഗേയ് എന്നൊരാളിനാണ്. നാടുകടത്തപ്പെട്ട ടിബറ്റന്‍ സര്‍ക്കാരിനെ നയിക്കുന്നതും ഇദ്ദേഹമാണ്. ചൈനീസ് അധികാരികളാകട്ടെ ദലൈലാമയുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ടിബറ്റന്‍ ബുദ്ധഭിക്ഷുക്കളുടെയും പുരോഹിതരുടെയും സാധാരണക്കാരുടെയും ആത്മാഹുതി മൂലം ചൈന 2012 ഫെബ്രുവരി മുതല്‍ അല്‍പ്പം പിന്‍വാങ്ങിയിട്ടുണ്ട്. ടിബറ്റിലേക്കുള്ള ചൈനീസ് കുടിയേറ്റത്തിനെതിരെയും ദലൈലാമയുടെ മടങ്ങിവരവിനും വേണ്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. കണക്കനുസരിച്ച് 99 പേരാണ് ഈ ലേഖനം തയ്യാറാക്കുന്നതുവരെ ആത്മാഹുതി ചെയ്തത്.
ആത്മാഹുതി ചെയ്യുന്നവരെ തടയാന്‍ അധികൃതര്‍ക്ക് ആകുന്നില്ല. കാരണം അതൊരു സംഘടിത ശ്രമത്തിന്റെ ഭാഗമല്ലെന്നതാണ്. ചൈനീസ് വിരോധം ഭയന്ന് ദലൈലാമ പോലും ഇതില്‍ ഇടപെടുന്നില്ല. അവസാനം ആത്മാഹുതി ചെയ്യുന്നവര്‍ തങ്ങളുടെ വൈയക്തിക പ്രശ്നങ്ങളാലാണ് അത് ചെയ്യുന്നതെന്ന നാണംകെട്ട ന്യായീകരണമാണ് ചൈനീസ് അധികാരികള്‍ പ്രചരിപ്പിച്ചത്. ഇത് വൈയക്തികനിരാശ മൂലമാണെന്ന് ആക്ഷേപിക്കുകയും ചെയ്തു. ചില സര്‍ക്കാര്‍ അനുകൂല ടിബറ്റന്‍ പുരോഹിതന്മാര് ആത്മാഹുതി ബുദ്ധമത തത്ത്വങ്ങള്‍ക്ക് എതിരാണെന്നും വിലപിച്ചു. ഇതൊന്നും പ്രശ്നത്തിന് പരിഹാരമായില്ല. ഇവര്‍ എന്തുകൊണ്ട് ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ദലൈലാമയ്ക്കു വേണ്ടി പ്രാര്‍ഥിച്ച് ആത്മാഹുതി ചെയ്യുന്നു എന്നതിന് വ്യക്തമായ വിശദീകരണം നല്കാന് ചൈനീസ് അധികാരികള്‍ക്ക് കഴിയുന്നില്ല.
ഈ ആത്മാഹുതികളൊന്നും ലാസയിലോ ടിബറ്റിലോ അല്ല നടക്കുന്നത്. ടിബറ്റിന് പുറത്തുള്ള ക്വിംഗായ്, സിച്ചുവാന്‍ പ്രവിശ്യകളിലാണ് ഇത് നടക്കുന്നത്. ഇവയെ ടിബറ്റിനോട് കൂട്ടിച്ചേര്ക്കണമെന്നാവശ്യപ്പെട്ടാണ് നടക്കുന്നതും. ഇതാകട്ടെ ബീജിംഗിന് ഒരിക്കലും സമ്മതവുമല്ല. കാരണം ടിബറ്റിന് മേലുള്ള ചൈനയുടെ പരമാധികാരത്തെ തന്നെ ഇത് ചോദ്യം ചെയ്യും. അതേസമയം ടിബറ്റ് പ്രശ്നത്തില്‍ ചൈന പുലിവാലില്‍ പിടിച്ചതു പോലെയായി മാറിയിട്ടുണ്ട്. സാമ്പത്തിക, സൈനിക, സ്വാധീനത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ലോകത്തിലെ പട്ടികയില്‍ ചൈന മുന്‍പന്തിയിലാണ്. അതിനാല്‍ അവര്‍ക്ക് ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്. ഈ ആത്മാഹുതികള്‍ ചൈനയ്ക്ക് ഒരു നയതന്ത്രപ്രശ്നമായി മാത്രമല്ല മാറുന്നത്. രാജ്യത്തിനകത്തെ ജനങ്ങളുടെ ആശയഗതിയില് തന്നെ ടിബറ്റ് പ്രശ്നം വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നു. അനവധി ഹാന്‍ വംശജരാണ് ബുദ്ധമതത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. കൂടാതെ അവരില്‍ ചിലര്‍ ദലൈലാമയെ നേരിട്ടുകാണുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ ഔദ്യോഗിക മാധ്യമ റിപ്പോര്‍ട്ടനുസരിച്ച് (പീപ്പിള്‍സ് ഡെയ്ലി ഫെബ്രുവരി 11) ഏതാണ്ട് 80,000 പേരാണ് ചൈനീസ് പുതുവര്‍ഷത്തില്‍ ബീജിംഗിലെ യോംഗെ ബുദ്ധക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ധൂപം പുകച്ചത്.
മിക്ക ഹാന്‍ വംശജരും ടിബറ്റ് അകലെയാണ്. ടിബറ്റില്‍ തുടരുന്ന ചൈനക്കാര്‍ക്കായി സര്‍ക്കാരിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരുന്നു. ടിബറ്റിന്മേലുള്ള ചൈനീസ് നയത്തിന് ഏറ്റവും വെല്ലുവിളിയാകുന്നത് ഈ സാഹചര്യമാണ്. എവിടെവച്ചാണ് ചൈന ദലൈലാമയുമായി യുദ്ധം ചെയ്യാന്‍ പോകുന്നത് ? ചൈനാവിരുദ്ധ പരിശീലനം ദലൈലാമ ഇന്ത്യയില്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്നും ഇങ്ങനെ പരിശീലനം നേടിയവര്‍ ചൈനയില്‍ നുഴഞ്ഞുകയറി ടിബറ്റുകാരെ ആത്മാഹുതിക്ക് പ്രേരിപ്പിക്കുന്നു എന്നുമാണ് ചൈനയുടെ ആരോപണം. ഈ പ്രചാരണം ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്. ഔദ്യോഗിക ചൈനീസ് പ്രസിദ്ധീകരണത്തിലാണ് ഈ കുറ്റപ്പെടുത്തല്‍ ഉണ്ടായത്. ചൈനയുടെ ഭൂമിശാസ്ത്രപരമായ ഐക്യത്തെയും പരമാധികാരത്തെയും ഇന്ത്യ ദലൈലാമയുമായി ചേര്‍ന്ന് ചോദ്യം ചെയ്യുകയാണെന്നും ഇതിലൂടെ പരോക്ഷമായി വ്യക്തമാകുന്നു.
എന്നാല്‍ ചൈന ഈ വിഷയം ഇതുവരെ ഇന്ത്യയ്ക്ക് മുന്നില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. അടുത്തിടെ ധര്‍മശാലയില്‍ നിന്നും പോയ രണ്ട് ടിബറ്റുകളുടെ മൊഴി രേഖപ്പെടുത്തിയതായി ആരോപിക്കുന്നുണ്ട്. ഈ ആരോപണം ഇപ്പോഴും നയതന്ത്രപെട്ടിക്കുള്ളിലാണ്. എപ്പോഴാണോ ആവശ്യം അപ്പോള്‍ ഇത് നമുക്കെതിരെ പുറത്തെടുക്കും. ചൈനയുടെ അടുത്ത നീക്കമെന്തായിരിക്കും ? ഇന്ത്യയിലെ ധര്‍മശാലയിലേക്ക് രക്ഷപ്പെട്ട ടിബറ്റന്‍ അഭയാര്‍ഥികളെ അറസ്റ്റ് ചെയ്ത് ചൈനയില്‍ തിരികെയെത്തിക്കാന്‍ നേപ്പാളിനുമേല്‍ ചൈന വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തിക്കഴിഞ്ഞു. പക്ഷേ അഭയാര്‍ഥികളെ കൈവെടിയരുതെന്ന യുഎന്‍ അഭയാര്‍ഥി കണ്വെന്ഷന് ചൂണ്ടിക്കാട്ടി ഇന്ത്യ ഒഴികഴിവ് പറയുകയാണ്. സത്യത്തില്‍ ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വലിയൊരളവോളം രാഷ്ട്രീയ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ അഭയം നല്‍കിയിട്ടുണ്ട്. ഇത് ഒരു മാനുഷിക പ്രശ്നം മാത്രമാണ്.
ദലൈലാമയും ഇന്ത്യയില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന ടിബറ്റുകാരെയുമാണ് ചൈന ലക്ഷ്യമിടുന്നത്. ഒരുകാലത്ത് ദലൈലാമ തകര്‍ക്കപ്പെടേണ്ട പാമ്പിന് തലയാണെന്നുവരെ ചൈന ആക്രോശിച്ചിരുന്നു. ദലൈലാമയ്ക്കു നല്കിയ സുരക്ഷ വര്‍ധിപ്പിക്കേണ്ടിവന്നു. എന്നാല്‍ ദലൈലാമയാകട്ടെ ചൈനയുമായി സഹകരിക്കാന്‍ കഠിനപ്രയത്നം ചെയ്തു. ഉഗ്യെന്‍ തിന്‍ലെ ദോര്‍ജീ എന്ന കര്‍മാപയെ അംഗീകരിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും. ഇദ്ദേഹത്തിന്റെ വിഹാരം സിക്കിമിലാണ്. അദ്ദേഹത്തിന്റെ കാലശേഷം അവരില്‍ ആരെ പതിനേഴാമത് കര്മാപയാക്കണമെന്ന് കലഹിച്ചു. തായ് സിതു റിമ്പോച്ചെ എന്ന ചൈനയുമായി ഏറെ അടുപ്പമുള്ള ആളെ പതിനേഴാമത് സ്ഥാനത്തേക്ക് നിയോഗിച്ചു. എന്നാല്‍ മറ്റൊരു ശിഷ്യനായ സമര് റിമ്പോച്ചെ പതിനേഴാമത് കര്‍മാപയായി തായെ തിന്‍ലെ ദോജ്റീ സ്ഥാപിച്ചു. അതും ടിബറ്റില്‍ നിന്നാണ്. അതോടെ കര്‍മാപ സ്ഥാനവും കലഹത്തിനടിപ്പെട്ടു. ദലൈലാമയാകട്ടെ തായ് സിതു റിമ്പോച്ചെയുടെ ഉപദേശപ്രകാരം പതിനാറാമത് കര്‍മാപയുടെ പുനര്‍ജന്മമായി ഉഗ്യെന്‍ തിന്‍ലെ ദോര്ജിക്കാണ് അനുമതി നല്‍കിയത്. ഇത് 1992ല്‍ ഇദ്ദേഹം റിയോ ഡി ജെയിനെറോയില്‍ ആഗോള സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു.
ഉഗ്യെന്‍ തിന്‍ലെ ദോര്‍ജി ഇന്ത്യയിലെത്തിയത് 2000 ഡിസംബറിലാണ്. ഇദ്ദേഹം ചൈനീസ് സുരക്ഷാ ഭടന്മാരെ വെട്ടിച്ച് നീണ്ട നാലു രാത്രികളും അഞ്ച് പകലുകളും യാത്രചെയ്ത് ഇന്ത്യയിലെത്തിയെന്നാണ് പറയപ്പെടുന്നത്. ചൈന വിട്ടയച്ചതല്ല, രക്ഷപ്പെട്ടതാണത്രെ. എന്നാല്‍ അത്രയും നാള് ചൈനീസ് സുരക്ഷാ ഭടന്മാരുടെ കണ്ണ് വെട്ടിച്ച് ഇന്ത്യയിലെത്തി എന്നത് അത്ര വിശ്വാസയോഗ്യമല്ല. ഇദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തി കടന്ന ശേഷമാണ് ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിംഘ്വാ ഇക്കാര്യം പുറത്തുവിട്ടതെന്നതും മറ്റൊരു ആശ്ചര്യപ്പെടുത്തുന്ന വിഷയമാണ്.
ഉഗ്യെന്‍ തിന്‍ലെ ദോര്‍ജി ചെറുപ്പക്കാരനും ദലൈലാമയില്‍ നിന്നും മതം നേരിട്ട് പഠിച്ചയാളുമാണ്. ഇതിലെ ഏറ്റവും അദ്ഭുതപ്പെടുത്തുന്നത് ചൈന ഒരിക്കലും ഇദ്ദേഹത്തെ വിമര്‍ശിച്ചിട്ടില്ലെന്നതാണ്. പകരം ചൈനയുടെ പ്രശംസയ്ക്ക് പാത്രമാകുകയും ചെയ്തു. ഇത് ഇന്ത്യന്‍ സുരക്ഷയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കാരണം ചൈന ഇദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കാകുലരാണ്.
ഇദ്ദേഹവും ചൈനീസ് അധികൃതരുമായി ആശയവിനിമയം നിലനിര്‍ത്തുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് വാക്കുകൊണ്ടും അല്ലാതെയും നടക്കുന്നതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ ഇന്ത്യയിലെത്തിയെന്നും അതിനാല്‍ ചൈനക്കാര്‍ നല്കിയ നിര്‍ദേശങ്ങള്‍ ഇത്രയും കാലം അദ്ദേഹത്തില്‍ നിലനില്‍ക്കില്ലെന്നും എന്നാല്‍ അത് കഴുകിക്കളയാനാകില്ലെന്നും വാദങ്ങളുണ്ട്. ചൈനയെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹത്തെ തേടിയെത്തും.
ഒരു പതിറ്റാണ്ടായി ചൈനീസ് നിയന്ത്രണം സിക്കിമിലെ കര്‍മ-കര്ഗ്യവില് ബോധപൂര്‍വവും എന്നാല്‍ ഗൂഢമായും വളര്‍ന്നുവരുന്ന പ്രവണതയുള്ളതായി പറയപ്പെടുന്നു. ദലൈലാമയുടെ കാലശേഷം ഉഗ്യെന്‍ ടിബറ്റന്‍ ബുദ്ധവിഷയങ്ങളില് കൂടുതല്‍ സ്വതന്ത്രനാകും. കര്‍മ-കര്ഗ്യുക്കള് ടിബറ്റന്‍ വിഭാഗത്തില്‍ ഏറെ പ്രാധാന്യമുള്ളവരാണ്. ഒരുപക്ഷേ അതിസമ്പന്നരും. എന്നാല്‍ പതിനാലാമത് ദലൈലാമയെക്കൂടാതെ ആ പരമ്പര ദുര്‍ബലമാകും. എന്നാല്‍ പതിനഞ്ചാമത് ദലൈലാമയുടെ ആവശ്യകത തീരെയില്ലതാനും. അദ്ദേഹം ഉണ്ടെങ്കില്‍പ്പോലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറാന്‍ അനേകവര്ഷങ്ങളെടുക്കുകയും ചെയ്യും. ചൈനയ്ക്കാകട്ടെ ഇന്ത്യക്കുള്ളില്‍ യുദ്ധം ഉണ്ടാക്കാനും ചൈനീസ് ആഭിമുഖ്യമുള്ള വിഹാരങ്ങള്‍ ഇന്തോ-ഹിമാലയന്‍ മേഖലയില്‍ ഉണ്ടാക്കിയെടുക്കാനും കഴിയും.
ഈ തിരക്കഥ വെറും ഭാവനയല്ല. ഉഗ്യെന്‍ തന്റെ സ്ഥാനമെന്തെന്ന് ടിബറ്റുകാരുടെ മുന്നില്‍ വ്യക്തമായി പ്രകടിപ്പിക്കണം. ഒപ്പം അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും പറയണം. റുംടെകിലേക്കുള്ള അദ്ദേഹത്തിന്റെ മാര്‍ഗം ഇപ്പോഴും സുതാര്യമല്ല. ദലൈലാമയോടും ടിബറ്റിലെ പ്രശ്നങ്ങളോടുമുള്ള അദ്ദേഹത്തിന്റെ നിലപാട് ഇനിയും പരീക്ഷിച്ചറിയേണ്ടതുണ്ട്
- ഭാസ്കര്‍ റോയ്
(ലേഖകന്‍ ന്യൂദല്‍ഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദേശകാര്യ വിശകലന വിദഗ്ധനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: