കൊച്ചി: കാലടി ശ്രീശങ്കരാചാര്യ പാലത്തോട് ചേര്‍ന്നുള്ള സമാന്തരപാലം അട്ടിമറിക്കാന്‍ ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗത്തില്‍ സമാന്തര പാലം മറ്റൂര്‍ ജംഗ്ഷനില്‍ നിന്നും തുടങ്ങി താന്നിപ്പുഴയില്‍ അവസാനിക്കുന്നരീതിയില്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ള അലൈന്‍മെന്റിന് അംഗീകാരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എംഎല്‍എമാരായ ജോസ്തെറ്റയില്‍, ബെന്നി ബഹനാന്, സാജുപോള്‍, അന്‍വര്‍സാദത്ത്, ലൂഡി ലൂയീസ് എന്നിവരാണ് വികസന സമിതിയോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്. നിലവിലുള്ള ശ്രീശങ്കരാചാര്യ പാലത്തോട് ചേര്‍ന്ന് സമാന്തരപാലം വന്നാല്‍ ഇപ്പോഴത്തെ ട്രാഫിക് ബ്ലോക്കിന് യാതൊരുശമനവും ഉണ്ടാകില്ലെന്നാണ് ഇവരുടെ വാദം.
സമാന്തരപാലത്തിന് 42 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചിട്ട് ഒരു വര്‍ഷമാവുകയാണ്. ഇതുവരെ യാതൊരുനടപടിയും എടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയുടെ വികസനം അട്ടിമറിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും ഭരണപ്രതിപക്ഷകക്ഷികള്‍ നീക്കങ്ങള്‍ നടത്താറുണ്ട്. വികസന മില്ലാതെ കാലടി വീര്‍പ്പ് മുട്ടുമ്പോഴും ഇവിടെ അനുവദിക്കുന്ന വികസനപദ്ധതികള്‍ തൊട്ടടുത്ത ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് കൊണ്ട്പോകാറാണ് പതിവ്. ശ്രീശങ്കരാചാര്യപാലത്തിന് സമാന്തര പാലം നിര്മ്മിക്കണമെന്നആവശ്യത്തിന് ഭരണാനുമതി ലഭിച്ചത് കഴിഞ്ഞവര്‍ഷം മാത്രമാണ്. കാലടിയിലെ ട്രാഫിക് ബ്ലോക്കില്‍ പ്രതിരോധമന്ത്രി ഐ.കെ.ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മണിക്കൂറോളം പെട്ടതിനെതുടര്‍ന്നാണ് നടപടി ഉണ്ടായത്. എന്നാല്‍ ഇപ്പോഴാകട്ടെ ഈ പദ്ധതിതന്നെ വിവാദത്തില്‍ മുക്കിതകര്ക്കുവാനാണ് നീക്കംനടക്കുന്നത്.
ശ്രീശങ്കരാചാര്യ പാലത്തിന് ചേര്‍ന്ന്തന്നെ സമാന്തര പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് 36 സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. കാലടിയുടെ പ്രാധാന്യം ഇടിച്ച്താഴ്ത്തി പാലം മറ്റൊരിടത്തേയ്ക്ക് കൊണ്ട്പോകുവാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണ് ഈ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: